Connect with us

Kerala

പത്തനംതിട്ടക്കായി പിടിമുറുക്കി നാല് പ്രമുഖർ

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത കാണുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ട മണ്ഡലത്തിലുടക്കി ബി ജെ യുടെ സ്ഥാനാർഥി നിർണയം വഴിമുട്ടുന്നു. നിലവിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെ സ്ഥാനാർഥി നിർണയം വഴിമുട്ടി നിൽക്കുന്നതിനിടെയാണ് എം ടി രമേശും കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീധരൻ പിള്ളയും സുരേന്ദ്രനും സീറ്റിനായി തർക്കം തുടരുന്നതിനിടെയാണ് സീറ്റ് കിട്ടിയാൽ മത്സരിക്കാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർഥി ചർച്ച ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് കണ്ണന്താനത്തിന്റെ നാടകീയരംഗപ്രവേശം.

കഴിഞ്ഞ വർഷത്തെ വോട്ടുവർധന ചൂണ്ടിക്കാട്ടിയാണ് എം ടി രമേശിന്റെ അവകാശ വാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബി ജെ പിയുടെ വോട്ടുവിഹിതം 1,38,954 വോട്ടുകളായി ഉയർന്നിരുന്നു. നേരത്തെയുണ്ടായിരുന്ന ഏഴര ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഉയർന്നത് തന്റെ മികവ് കൊണ്ടാണെന്നാണ് എം ടി രമേശ് സമർഥിക്കുന്നത്. അതേസമയം പത്തനംതിട്ട ലഭിച്ചില്ലെങ്കിൽ തൃശൂർ വേണമെന്ന നിലപാടാണ് കെ സുരേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനുള്ള ബി ജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കത്തോട് തുഷാർ വ്യക്തമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ തൃശൂരിൽ സുരേന്ദ്രൻ മത്സരിച്ചേക്കും. ഈ സാഹചര്യത്തിൽ സ്ഥാനാർഥി ബാഹുല്യം മൂലം മത്സരരംഗത്ത് വിട്ടുനിക്കാൻ കേന്ദ്രം നിർദേശിച്ചിരുന്ന സംസ്ഥാന അധ്യക്ഷനെ പത്തനംതിട്ടയിൽ തന്നെ മത്സരിക്കാൻ അനുവദിച്ചേക്കും. ഇതിനിടെ തുഷാറിനെ ബി ജെ പി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാന ഘടകം ഇന്നലെ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച സംസ്ഥാനത്തെ സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ പുതുതായി ബി ജെ പിയിലേക്കെത്തിയ ടോം വടക്കനോ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമോ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ഇവരുടെ കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുത്താൽ സംസ്ഥാന നേതൃത്വത്തിന് അംഗീകിരക്കേണ്ടി വരും.
ബി ജെ പിയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക: തിരുവനന്തപുരം-കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ- പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, കൊല്ലം: സി വി ആനന്ദബോസ്, സുരേഷ് ഗോപി, പത്തനംതിട്ട-അഡ്വ. പി എസ് ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ, മാവേലിക്കര- പി സുധീർ, ചാലക്കുടി- എ എൻ രാധാകൃഷ്ണൻ, പാലക്കാട്- സി കൃഷ്ണ കുമാർ, ശോഭാ സുരേന്ദ്രൻ, മലപ്പുറം- ആലിഹാജി, കോഴിക്കോട്- എം ടി രമേശ്, കെ പി ശ്രീശൻ, കണ്ണൂർ- സി കെ പത്മനാഭൻ, കാസർകോട് പി കെ കൃഷ്ണദാസ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം