എറണാകുളത്ത് സീറ്റില്ല; ദുഃഖമുണ്ടെന്ന് കെ വി തോമസ്

Posted on: March 16, 2019 9:57 pm | Last updated: March 17, 2019 at 11:04 am

കൊച്ചി: എറണാകുളത്ത് കെ വി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഹൈബി ഈഡനെയാണ് പാര്‍ട്ടി മണ്ഡലത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്. സിറ്റിംഗ് എംപിമാരില്‍ കെ വി തോമസിന് മാത്രമാണ് സീറ്റ് നിഷേധിച്ചിരിക്കുന്നത്. സീറ്റ് നിഷേധിച്ചതില്‍ ദുഖമുണ്ടെന്നും താന്‍ ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ആകാശത്ത് നിന്ന് പൊട്ടിവീണ ആളല്ല. തനിക്ക് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. താന്‍ ഒരു ഗ്രൂപ്പിലും അംഗമല്ലാത്തതാകാം കാരണം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ എറ്റവും വലിയ ഞെട്ടിക്കുന്ന സംഭവമാണിത്. താന്‍ മികച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രായമായത് കൊണ്ടാണ് ഒഴിവാക്കുന്നതെങ്കില്‍ അത് എന്റെ കുറ്റമല്ല – അദ്ദേഹം പറഞ്ഞു.

തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. സീറ്റ് നിഷേധിച്ച കാര്യം തന്നെ വിളിച്ച് ആരും പറഞ്ഞിട്ടില്ല. ഇതില്‍ ദുഃഖമുണ്ട്. തന്നെ അറിയിക്കാമായിരുന്നു. താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തനിക്കറിയാം. പാര്‍ട്ടിക്ക് വേണ്ടെങ്കിലും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും സുഹൃത്തുക്കളുമായി തീരുമാനിച്ച് ഭാവി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.