തൃണമൂല്‍ എം എല്‍ എ. അര്‍ജുന്‍ സിംഗ് ബി ജെ പിയില്‍

Posted on: March 15, 2019 12:07 am | Last updated: March 15, 2019 at 12:07 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും നാലു തവണ എം എല്‍ എയുമായ അര്‍ജുന്‍ സിംഗ് ബി ജെ പിയില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേതാവ് മമത ബാനര്‍ജി തന്നെ സ്ഥാനാര്‍ഥിയാക്കാത്തതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ബി ജെ പിയിലേക്ക് ചേക്കേറിയതെന്നാണ് വിവരം. എന്നാല്‍, ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള മമതയുടെ നിലപാടും പ്രസ്താവനകളുമാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് അര്‍ജുന്‍ സിംഗ് പറയുന്നത്. ബംഗാളിലെ ഭത്പരയില്‍ നിന്നുള്ള എം എല്‍ എയാണ് അര്‍ജുന്‍.

40 വര്‍ഷത്തോളം മമതക്കു വേണ്ടി പ്രവര്‍ത്തിച്ചയാളാണു താനെന്നും എന്നാല്‍, ബലാക്കോട്ടിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സൈന്യത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രൂപത്തില്‍ അവര്‍ പ്രസ്താവന നടത്തിയത് തന്നെ നിരാശപ്പെടുത്തിയെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു. ബി ജെ പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെയും ബംഗാള്‍ നേതാവ് മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിംഗ് ബി ജെ പിയിലേക്ക് ചേക്കേറിയത്.