മുംബൈയില്‍ നടപ്പാലം തകര്‍ന്ന് അഞ്ച്‌ പേര്‍ മരിച്ചു; 34 പേര്‍ക്ക് പരുക്ക്

Posted on: March 14, 2019 9:31 pm | Last updated: March 15, 2019 at 10:20 am

മുംബൈ: മുംബൈയില്‍ നടപ്പാലം തകര്‍ന്നുവീണ് അഞ്ച്‌
പേര്‍ മരിക്കുകയും 34 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് (സി എസ് എം ടി) റെയില്‍വേ സ്റ്റേഷനു സമീപത്തെ നടപ്പാലമാണ് വൈകിട്ടോടെ തകര്‍ന്നുവീണത്. പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ ഇവിടുത്തെ ജി ടി ആശുപത്രിയിലെ വനിതാ ജീവനക്കാരാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമിനെയും ബി ടി പാതയെയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം. ചിലര്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പാലത്തില്‍ രാവിലെ അറ്റകുറ്റപ്പണി നടന്നിരുന്നുവെങ്കിലും ഇതിലൂടെയുള്ള യാത്ര വിലക്കിയിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സമീപ റോഡില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുംബൈയിലെ അന്ദേരിയില്‍ നടപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് 44 പാലങ്ങളുടെ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടിരുന്നുവെങ്കിലും അതില്‍ സി എസ് എം ടി ബ്രിഡ്ജ് ഉള്‍പ്പെട്ടിരുന്നില്ല. കനത്ത മഴയെ തുടര്‍ന്നാണ് അന്ദേരിയിലെ 40 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നു വീണത്.