Connect with us

Oman

സായിദ്-ഗാന്ധി ഡിജിറ്റല്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും ജീവിത ദര്‍ശനങ്ങളും ആശയങ്ങളും പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനായി നിര്‍ണായക മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഉള്‍പെടുത്തിക്കൊണ്ട് സായിദ്-ഗാന്ധി ഡിജിറ്റല്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു. മനാറത് അല്‍ സാദിയത്തില്‍ ഗാന്ധിയുടെയും ശൈഖ് സായിദിന്റെയും സമാനമായ ആശയങ്ങളെ ആറ് വിഭാഗമാക്കി തരം തിരിച്ചാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

യു എ ഇ സാംസ്‌കാരിക വൈജ്ഞാനിക മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, യു എ ഇ സഹമന്ത്രി സാകി അന്‍വര്‍ നുസൈബ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇ മുറുകെപ്പിടിക്കുന്ന സഹിഷ്ണുതാ ആശയങ്ങളാണ് മ്യൂസിയം മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി നൂറ അല്‍ കഅബി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. സ്‌നേഹം, കരുണ, മാനവസേവനം, പ്രകൃതി സംരക്ഷണം, വികസനം എന്നിങ്ങനെ ശൈഖ് സായിദും ഗാന്ധിയും മുറുകെപ്പിടിച്ച മൂല്യങ്ങളാണ് പ്രദര്‍ശനത്തിന്റെ അടിസ്ഥാനമെന്നും നൂറ പറഞ്ഞു. ഡല്‍ഹിയിലുള്ള മഹാത്മാ ഗാന്ധി ഡിജിറ്റല്‍ മ്യൂസിയവുമായി ചേര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് മനാറത് അല്‍ സാദിയാത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയും യു എ ഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ സാംസ്‌കാരിക ബന്ധത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ വസ്തുക്കളും. സായിദിന്റെയും ഗാന്ധിയുടെയും സമാനരീതിയിലുള്ള ജീവിത മൂല്യങ്ങളാണ് പ്രദര്‍ശനത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുക. കര്‍മനിരതരായ നേതാക്കള്‍, മാനവ സ്‌നേഹികള്‍, സമാധാനകാംക്ഷികള്‍, ദീര്‍ഘവീക്ഷണത്തോടെയുള്ള മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുത്തവര്‍, പ്രചോദനാത്മകമായി പ്രഭാഷണം നടത്തുന്നവര്‍, ആത്മസമര്‍പണത്തോടെ കാത്തുസൂക്ഷിക്കുന്നവര്‍ എന്നിങ്ങനെയാണ് ഗാന്ധിയുടെയും ശൈഖ് സായിദിന്റെയും പൊതുവായ സാമ്യതകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സ്മിത പാന്ഥ്, ലോകപ്രശസ്ത അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ സ്റ്റീവ് ഹാര്‍വി, റോയല്‍ ഫോട്ടോഗ്രാഫര്‍ രമേഷ് ശുക്ല എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് 29 വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ട് വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഒമ്പത് വരെയുമാണ് പ്രദര്‍ശനം.

---- facebook comment plugin here -----

Latest