അനധികൃത കുടിയേറ്റ വിഷയം നിസ്സാരമായി കാണുന്നു; അസം സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

Posted on: March 13, 2019 5:19 pm | Last updated: March 13, 2019 at 6:56 pm

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വിഷയം ഗൗരവമായി കൈകാര്യം ചെയ്യാത്തതില്‍ അസം സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. വിഷയം അസം അധികൃതര്‍ തമാശയാക്കി മാറ്റിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു.

ഇതര ദേശക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടോയെന്ന് വാദം കേള്‍ക്കലിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി ആരാഞ്ഞു. ഇതര ദേശക്കാരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ട്രൈബ്യൂണല്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണോയെന്നും സംസ്ഥാനത്തെ നിയമ ക്രമസമാധാനം ശരിയായ നിലയിലാണോയെന്നും കോടതി ചോദിച്ചു. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മെയ് 27നകം സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഹാജരായിട്ടില്ലെന്നതു തന്നെ എത്ര നിസ്സാരമായാണ് അസം സര്‍ക്കാര്‍ വിഷയത്തെ സമീപിക്കുന്നതെന്നതിന് തെളിവാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. പുറത്തു നിന്നുള്ള കടന്നുകയറ്റത്തെ അഭിമുഖീകരിക്കുകയാണ് അസമെന്നു കണ്ടെത്തി 2005ല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന് അനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തയാറാവണം.

ഇതര ദേശക്കാരെന്ന് ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചവര്‍, പിടികൂടി തടവിലാക്കിയവര്‍, സ്വരാജ്യത്തേക്ക് തിരിച്ചയച്ചവര്‍ എത്രയാണെന്നത് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. ഇതര ദേശക്കാരുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഇനി ആവശ്യമുള്ളതുമായ ട്രൈബ്യൂണലുകളുടെ എണ്ണവും അറിയിക്കേണ്ടതുണ്ട്.