Connect with us

Gulf

നാലാമത് മദര്‍ ഓഫ് നേഷന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

Published

|

Last Updated

അബുദാബി: വിനോദ, വിജ്ഞാന വിസ്മയങ്ങള്‍ തുറന്നിട്ട് നാലാമത് മദര്‍ ഓഫ് നേഷന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. 23 വരെ നീളുന്ന ഉത്സവത്തിന് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗമാണ് ഒരുക്കുന്നത്. അബുദാബി കോര്‍ണിഷിലെ അല്‍ ബഹറില്‍ സജ്ജമാക്കിയ ഉത്സവത്തില്‍ യുഎഇയുടെ പൈതൃക,സാംസ്‌കാരിക കാഴ്ചകള്‍ക്കൊപ്പം മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത കായിക വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.കുടുംബങ്ങള്‍ക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന വിനോദ പരിപാടികളാണ് മുഖ്യ ആകര്‍ഷണം.

അബുദാബി കോര്‍ണിഷില്‍ അല്‍ ബഹറില്‍ 12 മുതല്‍ 23 വരെയാണ് ഉത്സവം. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയും ഫാമിലി ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും ജനറല്‍ വിമണ്‍സ് യൂണിയന്‍ പ്രസിഡന്റും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് ചെയര്‍വുമണും രാഷ്ട്രമാതാവുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം. ശൈഖ ഫാത്തിമയുടെ സാമൂഹിക സേവനങ്ങള്‍ ലോകത്തോട് പങ്കുവക്കുന്ന വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനം നല്‍കുന്ന ഒട്ടേറെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നാഷന്‍ ടവറിന് മുന്നിലും മറീനാ മാള്‍ പരിസരത്തുമായാണ് സൗജന്യ പാര്‍ക്കിങ്. മറീന മാളിനടുത്ത് വാഹനം നിര്‍ത്തിയിടുന്ന വര്‍ക്ക് അല്‍ബഹര്‍ സി കവാടത്തിലേക്ക് ഷട്ടില്‍ സര്‍വീസുണ്ടാകും.
ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് പ്രവേശനം.

Latest