മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 22.97 കോടി ദിര്‍ഹമിന്റെ വികസന പദ്ധതികള്‍

 
Posted on: March 11, 2019 6:34 pm | Last updated: March 11, 2019 at 6:34 pm

അബുദാബി: അബുദാബിയിലെ പൊതുസേവന കമ്പനി മുസനദ, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 22.97 കോടി ദിര്‍ഹമില്‍ ആഭ്യന്തര റോഡിന് പുറമെ 0.12 കോടി ചതുരശ്ര മീറ്ററില്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നു. അബുദാബി മുനിസിപ്പാലിറ്റി, അബുദാബി ഹൗസിംഗ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ കോടികളുടെ വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം നൂറ് ശതമാനവും രണ്ടാംഘട്ടം 98 ശതമാനം പൂര്‍ത്തിയായതായി മുസാനദ അറിയിച്ചു. പദ്ധതികളില്‍ 1,108 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉന്നത നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുസാനദ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സമൂഹത്തിന്റെ സന്തുഷ്ടിയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിനും മികച്ച അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുമുള്ള പ്രക്രിയയുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.

എമിറേറ്റില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികള്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതായും മുസാനദ വ്യക്തമാക്കി.
ഇക്കോ സുസ്ഥിരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രകൃതിവിഭവങ്ങള്‍, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനും ഊര്‍ജ ഉപഭോഗം കുറക്കുന്നതിനുമുള്ള ഏറ്റവും മികച്ച കീഴ്‌വഴക്കങ്ങളും ഈ പദ്ധതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.