Connect with us

Ongoing News

റമസാന്‍ മാസത്തില്‍ വോട്ടെടുപ്പ്; പ്രതിഷേധവുമായി തൃണമൂല്‍

Published

|

Last Updated

ഫിര്‍ഹാദ് ഹക്കീം

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് റമസാന്‍
മാസത്തില്‍ വച്ചതിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പാര്‍ട്ടി ആരോപിച്ചു.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ 52 ഉം മുര്‍ഷിദാബാദില്‍ 66 ഉം ശതമാനം മുസ്‌ലിം വോട്ടുകളുണ്ട്. റമസാന്‍
ദിനങ്ങളില്‍ വോട്ടെടുപ്പ് നടത്തുന്ന സാഹചര്യം മുസലിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. എന്നാല്‍, ബംഗാളിലെ ജനങ്ങള്‍ മമതാ ബാനര്‍ജിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റമസാന്‍ മാസത്തില്‍ മുസ്‌ലിങ്ങള്‍ ശീതീകരിച്ച മുറിയിലിരുന്ന വിശ്രമിക്കണമെന്ന് ഇസ്‌ലാം നിയമങ്ങളില്‍ പറയുന്നില്ലെന്നും പ്രതിപക്ഷത്തിന്റെ ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും ബി ജെ പി ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അര്‍ഷാദ് ആലവും പറഞ്ഞു. റമസാന്‍ മാസത്തിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമേന്ദ് മിത്രയും ആവശ്യപ്പെട്ടു.

Latest