Connect with us

Articles

ദേശീയത: മനുഷ്യ സ്‌നേഹമാണ് ഉത്തരം

Published

|

Last Updated

ഗോൾവാൽക്കർ ദേശീയതയെയും ദേശഭക്തിയെയും നിർവചിച്ചതിങ്ങനെ വായിക്കാം: “ഹിന്ദു ജനവിഭാഗത്തെയും രാഷ്ട്രത്തെയും മഹത്വവത്കരിക്കാനുള്ള തീവ്രമായ അഭിലാഷം തങ്ങളുടെ ഹൃത്തടത്തിൽ സൂക്ഷിക്കുകയും അതിനാൽ പ്രേരിതമായി ആ ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നവരേ യഥാർഥ ദേശഭക്തരാവുന്നുള്ളൂ. മറ്റുള്ളവരെല്ലാം ദേശീയ ലക്ഷ്യത്തെ വഞ്ചിക്കുന്നവരും ശത്രുക്കളുമാണ്: കുറച്ചു സൗമനസ്യത്തോടെ പറഞ്ഞാൽ വിഡ്ഢികളും” പുൽവാമ ഭീകരാക്രമണ പ്രത്യാക്രമണങ്ങൾക്ക് ശേഷം ഇന്ത്യൻ ജനതയിലെ പ്രത്യേക മതവിഭാഗത്തിലെ ജനങ്ങളുടെ ദേശീയതയുടെയും ദേശക്കൂറിന്റെയും ആഴവും പരപ്പും കണക്കാക്കാനായി ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഈ നിർവചനത്തെ മാനദണ്ഡപ്പെടുത്തിയാണ്. അതിനാൽ തന്നെ ദേശീയത എന്ന സംജ്ഞ തെറ്റിദ്ധരിക്കപ്പെടുകയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയുമാണിപ്പോൾ.

അവനവന്റെ ദേശത്തോടുള്ള സ്‌നേഹത്തിൽ നിന്നും കരുതലിൽ നിന്നും പ്രതിബദ്ധതയിൽ നിന്നുമുടലെടുക്കുന്നതാണ് ദേശീയത. മറ്റൊരർഥത്തിൽ സ്വന്തം രാഷ്ട്രത്തിന്റെ അതിർത്തിയോളം പ്രവിശാലമാകുന്ന ഐക്യബോധമെന്നും സ്വന്തം രാജ്യത്തിന്റ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടുന്ന സങ്കുചിത മനോഭാവമെന്നും ദേശീയതയെ വ്യാഖ്യാനിക്കാം. ദേശങ്ങളുടെ ചരിത്രനിർമിതിയിൽ ദേശീയതയോളം സ്വാധീനം ചെലുത്തിയ വൈകാരികാവസ്ഥ മറ്റൊന്നില്ല എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. വിവേക പൂർവം സമീപിക്കുകയാണെങ്കിൽ വിപ്ലവനിർമിതിക്ക് ഹേതുവാകുന്നതും വൈകാരികമായി സമീപിക്കുകയാണെങ്കിൽ അതിനോളം സംഹാര ശേഷിയുമുള്ള മറ്റൊന്നും ഇല്ല തന്നെ. വിവിധ രാജ്യങ്ങളിൽ രൂപം പ്രാപിച്ച അക്രമോത്സുക ദേശീയതയുടെ പരിണിത ഫലമായിരുന്നുവല്ലോ രണ്ടാം ലോകമഹായുദ്ധം. ഫാസിസത്തിന്റെ പ്രത്യേകതകളെ വിവരിക്കുന്നിടത്ത് ഡോക്ടർ ലോറൻസ് ബ്രിട്ട് ദേശീയതാ വാദത്തെയും അക്രമാസക്തമായ അതിന്റെ പ്രത്യാഘാതങ്ങളെയും പ്രത്യേകമുദ്ധരിക്കുന്നുണ്ട്. അമിത ദേശീയത ഫാസിസത്തിലേക്കുള്ള ചവിട്ട് പടിയാണെന്ന് ചുരുക്കം. ദേശീയതയെ രൂപമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ, വർഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയതയെന്നും പൗരധർമത്തിലൂന്നിയുള്ള ദേശീയതയെന്നും വർഗീകരിക്കാം. മതം, ഭാഷ, ഗോത്രമഹിമ തുടങ്ങിയവയിലൂന്നിയ വർഗീയ ദേശീയതയുടെ തിക്തഫലം തീർത്തും ഭീതിതവും മാനവരാശിക്കപകടകരവുമായിരുന്നു. തങ്ങൾ മറ്റുള്ളവരേക്കാൾ ഉന്നതരെന്ന പൊതുബോധം രൂഢമൂലമായ ഒരു വിഭാഗത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ദേശീയതാ വാദം ഉയർന്ന് വന്നിരുന്നത്. മറ്റുള്ളവരെ അപരരാക്കി തങ്ങൾ ഉന്നതരും വാഴ്ത്തപ്പെടേണ്ടവരുമാണെന്ന മിഥ്യാധാരണ വെച്ചുപുലർത്തിയവരായിരുന്നു ഇവരിലധികവും. എന്നാൽ പൗരധർമത്തിലൂന്നിയ ദേശീയത പ്രഹരശേഷി കുറഞ്ഞതും ക്രിയാത്മകമായി വർത്തിക്കുകയാണെങ്കിൽ ദേശത്ത് സമൂലമാറ്റങ്ങൾക്ക് സഹായകമാവുന്നതുമാണ്. ഗാന്ധിയുടെ രാഷ്ട്രസ്‌നേഹം പ്രവിശാലമായ മനുഷ്യത്വത്തിൽ രൂഢമൂലമായിരുന്നുവെങ്കിൽ നെഹ്‌റുവിന്റേത് സോഷ്യലിസത്തിലൂന്നിയുള്ളതായിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ നമ്മുടെ മുന്നോട്ടുള്ള ഗമനം എളുപ്പമാക്കിയത് പൗരധർമത്തിലൂന്നിയുള്ള ദേശീയതയായിരുന്നു.

ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ നടത്തിയ വീരോചിതമായ സമരകാലഘട്ടത്തിലാണ് “ഇന്ത്യ എന്ന ആശയം” ഉടലെടുക്കുന്നത്. ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ അതിലെ എല്ലാ ജനതതികളെയും ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തിലേക്ക് അതിന്റെ അത്യധികമായ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും തരണം ചെയ്ത് കൊണ്ട് നീങ്ങുക എന്ന നിലപാടിലൂന്നിയായിരുന്നു ഇന്ത്യൻ ദേശീയത വളർന്ന് വരുന്നത്. ആയിരത്തഞ്ഞൂറിൽ പരം ഭാഷകളും നിരവധിയായ മതങ്ങളും വിത്യസ്തങ്ങളായ സംസ്‌കാരങ്ങളും ഒത്തുചേർന്നതാണ് ഇന്ത്യ. ഈ വൈവിധ്യങ്ങളെ വ്യക്തമായും സ്പഷ്ടമായും ഉൾക്കൊളളുന്ന ദേശീയ ബോധത്തെയായിരുന്നു മുൻഗാമികൾ നമുക്ക് പകർന്ന് നൽകിയത്. ശേഷം രാജ്യം തങ്ങളുടെ എതിരാളികളിൽ നിന്ന് ബീഭത്സമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴൊക്കെ രാജ്യത്തിന് മുതൽക്കൂട്ടായത് ഇത്തരത്തിലുള്ള ദേശീയതാ കാഴ്ചപ്പാടുകളോടെയുള്ള ചെറുത്ത് നിൽപ്പുകളായിരുന്നു. എന്നാൽ സമകാലിക സാഹചര്യത്തിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാവാത്ത, വൈജാത്യങ്ങളെ വിപാടനം ചെയ്യുന്ന സംഹിതയായി ദേശീയത ദുരുപയോഗം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.

പുൽവാമ ഭീകരാക്രമണ പ്രത്യാക്രമണാനന്തരം ദേശീയതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത് സൈബറിടങ്ങളിലാണ്. രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉയർന്ന് വന്ന കശ്മീരികൾക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ചവരുടെ ദേശഭക്തിയെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു കപടദേശീയ വാദികൾ സജീവമായത്. അഭിനന്ദൻ വർധമാനെ വിട്ടയച്ച ഇംറാൻ ഖാന്റെ നടപടിയെ സ്വാഗതം ചെയ്യുകയും അതിനെ പ്രശംസിക്കുകയും ചെയ്യുന്നവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്നതിനാണ് സൈബറിടങ്ങൾ പിന്നീട് സാക്ഷിയായത്. ബലാക്കോട്ടിന് തെളിവുകൾ ആവശ്യപ്പെട്ടവരും ദേശവിരുദ്ധരായി. ഇത്തരം സംഭവവികാസങ്ങളൊക്കെ സൂചിപ്പിക്കുന്നത് വർഗീയതയിലൂന്നിയ ദേശഭക്തി വേരുപിടിക്കുന്ന, അതിന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലേക്കാണ്. സ്വാതന്ത്ര്യസമര നേതാക്കളിലൂടെ കൈമാറി വന്ന ദേശീയ ബോധമല്ല ഇത്. അത്തരത്തിലാണെങ്കിൽ അഭിനന്ദൻ വർധമാന്റെ മോചനത്തിനായി, സ്വാതന്ത്ര്യത്തിനായി രാജ്യം പ്രക്ഷുബ്ധമായത് പോലെ തന്നെ പല സാഹചര്യങ്ങളിലും ഇന്ത്യ പ്രക്ഷുബ്ധമാവേണ്ടിയിരുന്നു. 2016 ഒക്ടോബർ 15 ന് ജെ എൻ യു ഹോസ്റ്റലിൽ നിന്ന് അപ്രത്യക്ഷമായ നജീബ് അഹ്മദ് എന്ന ഇന്ത്യൻ പൗരന്റെ തിരോധാനത്തിനെതിരെ എന്തുകൊണ്ട് ശബ്ദമുയരുന്നില്ല. ഇന്ത്യൻ സൈനികനാണെന്ന വികാരമാണ് അഭിനന്ദൻ വർധമാന്റെ രക്ഷക്കായി കേണവരിൽ രാസത്വരകമായി വർത്തിച്ചതെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ തന്നെ കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഇന്നും എവിടെയാണെന്ന വിവരം പോലും ലഭ്യമല്ലാത്ത സജ്ഞീവ് ഭട്ട് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കാര്യത്തിൽ ആവശ്യമായ പ്രതിഷേധ സ്വരങ്ങളുയരുന്നില്ല. ഉത്തരം വ്യക്തമാണ്, ഗോൾവാൽക്കറിന്റെ ആശയസംഹിത വ്യക്തമാക്കുന്ന ദേശീയതയാണ് ഇന്ന് രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രബോധത്തിന് പകരം ഹിന്ദുത്വ ദേശീയ വാദം പരിപോഷിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്ന് പറയലാകും ഭൂഷണം. താത്കാലിക ലാഭത്തിനും രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി ദേശീയതയെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഉചിതമല്ല എന്ന സന്ദേശമാണ് വർഗീയ ദേശീയതയുടെ പരിണിത ഫലങ്ങൾ ഏറ്റുവാങ്ങിയ രാജ്യങ്ങളുടെ ചരിത്രം നമുക്ക് നൽകുന്നത്. ഭരണകൂടത്തിന്റെ പിഴവുകളെയും പോരായ്മകളെയും ചൂണ്ടിക്കാണിക്കുമ്പോഴേക്കും രാജ്യദ്രോഹി എന്ന വിളി ഉയരുന്നതിന് പിന്നിലും സങ്കുചിത മനോഭാവത്തിലധിഷ്ടിതമായ വികലമായ കാഴ്ചപ്പാടാണ്. ഈ ക്രമരഹിതമായ, അപകടകരമായ ദേശീയതയെ രാഷ്ട്രീയമായ നേട്ടങ്ങൾക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ഇന്ന് എൻ ഡി എ സർക്കാർ. അസാമിൽ എൻ ആർ സി നടപ്പിലാക്കിയതും റോഹിംഗ്യൻ അഭയാർഥികളെ അതിർത്തിയടച്ച് പുറന്തള്ളിയതുമെല്ലാം ഈ വികലമായ ദേശീയതയിൽ നിന്നുണ്ടായ ഉൾപ്രേരണ കൊണ്ടാണ്. സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കിയ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകളിലും “നിങ്ങൾ രാജ്യത്തെ ചോദ്യം ചെയ്യുകയാണ്, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ അനാവശ്യ ജാഗ്രത കാണിക്കുകയാണ്” എന്നിങ്ങനെയുള്ള ദേശീയത ദ്യോതിപ്പിക്കുന്ന വാക്കുകൾ ഉരുവിട്ട് രക്ഷപ്രാപിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറായിക്കൊണ്ടിരിക്കുന്നത്. രാജ്യരക്ഷയെന്ന മറക്കുള്ളിൽ അഭയം പ്രാപിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി സർക്കാറിനോട് ചോദിക്കുകയും ചെയ്തു. ബി ജെ പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി ഐ പി സി 171ാം വകുപ്പ് പ്രകാരം കുറ്റകരമായ സൈനിക വേഷം ധരിച്ചെത്തിയത് യാദൃച്ഛികമായല്ല, മറിച്ച് സൈന്യത്തെ, അവരുടെ വേഷങ്ങളെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാമെന്ന തികഞ്ഞ ധാരണയിലാണ്. സ്വാതന്ത്ര്യലബ്ധിക്കായി സർവസ്വവും ത്യജിച്ച, യുദ്ധമുഖങ്ങളിൽ വെടിയേറ്റ് വീണ പാരമ്പര്യമുള്ളവരോട് രാജ്യം വിട്ട് പോകാൻ നിർദേശിക്കുന്ന പ്രവണതയുടെ അസ്തിത്വം നിലനിൽക്കുന്നത് ഇത്തരം അപകടകരമായ ദേശീയതയിലാണ്.

രാഷ്ട്രപിതാവിനെ വെടിയുതിർത്ത് ജീവനെടുത്തിട്ടും അരിശം തീരാതെ വീണ്ടും വീണ്ടും വെടിയുതിർത്ത് പകതീർത്തു കൊണ്ടിരിക്കുന്നവർ ദേശഭക്തരാവുന്ന, ന്യൂനപക്ഷങ്ങളോടും അരികുവത്കരിക്കപ്പെട്ടവരോടും യുദ്ധം പ്രഖ്യാപിക്കുന്നവർക്ക് ദേശഭക്തരുടെ സർട്ടിഫിക്കറ്റുകൾ നൽകപ്പെട്ട് കൊണ്ടിരിക്കുന്ന, ഫാസിസ്റ്റുകളെയും സഖ്യകക്ഷികളെയും നെഞ്ചേറ്റുന്നവർ ദേശഭക്തരുടെ ബ്രാൻഡ് അംബാസിഡർമാരായി അവരോധിക്കപ്പെടുന്ന കാലമാണിത്. ഈ കാലത്തോട് നാം സംവദിക്കേണ്ടത് ഈ ദേശീയത ശല്യമാണെന്നും വിശാലമായ മനുഷ്യ സ്‌നേഹമാണ് ബദലെന്ന് പ്രഖ്യാപിച്ചു കൊണ്ടുമായിരിക്കണം.

ഫസീഹ് കുണിയ