ശാകിറുല്ലയുടെ മൃതദേഹം; സരബ്ജിത്തിന്റെയും

കുൽഭൂഷൺ ജാദവ് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലിലുണ്ട്. ദേശീയ ഭ്രാന്തിന്റെ മറ്റൊരു ഉഷ്ണ തരംഗത്തിൽ ജാദവും കരിഞ്ഞു പോകുമോ? സരബ്ജിത്ത്, ശാക്കിറുല്ല, കുൽഭൂഷൺ.... ഇവരുടെയൊക്കെ ഉറ്റവർ പറയുന്നതാണ് ശരിയെങ്കിൽ ഇവരാരും ചാരൻമാരല്ല. ക്രിമിനലുകളുമല്ല. സരബ്ജിത്ത് അബദ്ധത്തിൽ അപ്പുറത്ത് എത്തിപ്പെട്ടു, ശാകിറുല്ലക്ക് മതിഭ്രമമായിരുന്നു. കുൽഭൂഷൺ ബിസിനസ്സിന് പുറപ്പെട്ടു പോയതായിരുന്നു. ഏതാണ് ശരി? ഏതാണ് പൊയ്? ഇന്ത്യാ- പാക് അതിർത്തിയിലെവിടെയോ സർ റാഡ്ക്ലിഫിന്റെ പ്രേതം അലയുന്നു.അതിർത്തി രേഖ വരച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ മുഴങ്ങുന്നു: 'ഞാൻ ഒരു കശാപ്പുകാരനെപ്പോലെയാണ് വെട്ടിമുറിച്ചത്' ഇന്ത്യ, പാക് ജയിലുകളിൽ അതിർത്തിയിലെ ആട്ടിടയൻമാരും ചെറു കച്ചവടക്കാരും മീൻപിടിത്തക്കാരും നിരവധിയുണ്ട്. അവരിൽ ആരൊക്കെ തലച്ചോറും ഹൃദയവും കവർന്നെടുക്കപ്പെട്ട മൃതദേഹങ്ങളായിത്തീരും?
ലോകവിശേഷം
Posted on: March 10, 2019 10:46 pm | Last updated: March 10, 2019 at 10:46 pm
ശാകിറുല്ല, സരബ്ജിത്ത്

“ഇത് നെറികേടാണ്. നന്ദികേടാണ്. അതി ദേശീയതയുടെ ഭ്രാന്ത് പിടിച്ചവർക്ക് എവിടെയും ഉയർത്താവുന്ന കൊടിയടയാളങ്ങളല്ല സൈനികർ. അവർ രാഷ്ട്രീയക്കാരല്ല. അവരുടെ ചിത്രങ്ങളും യൂനിഫോമും നിങ്ങൾക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാവുന്ന പ്രതീകങ്ങളല്ല. മതേതരവും ജനാധിപത്യപരവുമായ ഒരു സംവിധാനത്തിൽ ഇടപെടലുകളില്ലാതെ ജോലി ചെയ്യാനാണ് ഓരോ സൈനികനും ആഗ്രഹിക്കുന്നത്. ദയവായി ഈ ആഘോഷം അവസാനിപ്പിക്കൂ. തിരഞ്ഞെടുപ്പ് ഗോദയിലെ ആയുധങ്ങളായി സൈനികരുടെ മൃതദേഹങ്ങൾ മാറുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായേ തീരൂ’- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നാവിക സേനാ മുൻ മേധാവി അഡ്മിറൽ എൽ രാം ദാസ് എഴുതിയ കത്തിൽ നിന്നാണിത്. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മരിച്ചു വീഴുന്ന മനുഷ്യർ എക്കാലത്തും ഇരു രാജ്യങ്ങളിലും രാഷ്ട്രീയ ഉപകരണങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് വേദികളിലേക്ക് പൂ പുതച്ച മൃതദേഹങ്ങൾ ആനയിക്കപ്പെട്ടു.

യുദ്ധത്തേക്കാൾ രാഷ്ട്രീയ പ്രഹര ശേഷിയുള്ളത് യുദ്ധോത്സുകതക്കും യുദ്ധ സമാന അന്തരീക്ഷത്തിനുമായതിനാൽ ഇന്ത്യയും പാക്കിസ്ഥാനും കൃത്യമായ ഇടവേള വെച്ച് യുദ്ധത്തിനടുത്തു വരെ പോയി വന്നു കൊണ്ടിരിക്കുന്നു. കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുർമെഹർ കൗർ പറഞ്ഞു: എന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണ്.

പോരും പോർവിളിയും രാഷ്ട്രീയമായ ആവിഷ്‌കാരങ്ങളാണ്. അവ മനുഷ്യരുടെ ജീവിതത്തെ ഒരിഞ്ച് പോലും മുന്നോട്ട് നയിക്കില്ല എന്നുറപ്പുണ്ടായിട്ടും ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പുൽവാമക്ക് പകരം ചോദിച്ചുവെന്ന് ഉദ്‌ഘോഷിക്കുന്ന കേന്ദ്ര സർക്കാറിനോട് ബലാക്കോട്ടിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണമെത്ര എന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഇരു കൂട്ടരും ചോരക്കൊതിയുടെ ഇരു പുറങ്ങളാണ്. വിജയത്തിന്റെ നിദർശനമായി ഇരു കൂട്ടരും മരിച്ചവരുടെ എണ്ണത്തെയാണ് കാണുന്നത്. ദേശീയത ആത്മനിഷ്ഠമായ ഒരു ആശയമായതിനാൽ ടൺ കണക്കിനോ ഗാലൺ കണക്കിനോ ക്യുബിക് മീറ്റർ കണക്കിനോ അത് അളക്കുക സാധ്യമല്ല. എന്റെ ചക്രവാളത്തിൽ ഉദിക്കുന്ന സൂര്യനാണ് ഏറ്റവും ഗംഭീര സൂര്യൻ എന്ന് അഹങ്കരിക്കുന്നത് പോലുള്ള ഒരു തോന്നലാണ് ദേശീയത. എന്നാൽ ദേശീയതയെ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുമ്പോൾ തോന്നൽ മാത്രം മതിയാകില്ല. കണക്ക് വേണ്ടി വരും. അതുകൊണ്ട് മൃതദേഹങ്ങളുടെ എണ്ണം ദേശീയതയുടെ അളവ് കോലായി പരിണമിക്കും. പുൽവാമയിലെ എണ്ണം പാക്കിസ്ഥാനിലും ബലാക്കോട്ടിലെ എണ്ണം ഇന്ത്യയിലും അനിവാര്യമായിത്തീരും.
യുദ്ധോത്സുകതയുടെ കാലത്ത് അതിർത്തി മാത്രമല്ല, ഏത് ഇടവും യുദ്ധഭൂമിയായി മാറും. തെരുവിൽ, ബസിൽ, കോളജിൽ, ചാനൽ മുറിയിൽ, പത്രമാപ്പീസുകളിൽ, ജയിലിൽ എവിടെയും യുദ്ധം നടക്കും. പുൽവാമ ആക്രമണത്തിന് പിറകേ കശ്മീരി കച്ചവടക്കാർക്ക് നേരെ “ഭാരത പൗരുഷം’ ആയുധമെടുത്തു. കശ്മീരി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കി മർദിച്ചു. ചാനലുകളിൽ തീവ്ര ദേശീയതക്ക് നേരെ സ്വരമുയർത്തിയവരെ വെർച്ച്വൽ ഇടങ്ങളിലും റിയൽ ഇടങ്ങളിലും ആക്രമിച്ചു. സരബ്ജിത്ത് സിംഗും സനാഉല്ലയും ശാക്കിറുല്ലയുമെല്ലാം ഇത്തരം സൈനികേതര ആക്രമണങ്ങളുടെ ഇരകളാണ്.

സരബ്ജിത്ത് സിംഗ് എന്ന തരൻതരൻകാരൻ (പഞ്ചാബ്) എങ്ങനെ പാക് ജയിലിലെത്തിയെന്നത് ഇന്നും വിശദീകരിച്ച് തീർന്നിട്ടില്ലാത്ത കാര്യമാണ്. മദ്യലഹരിയിൽ അബദ്ധത്തിൽ അതിർത്തി കടന്നു പോയെന്നാണ് ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. ലാഹോർ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനാണ് ഇയാളെന്ന് പാക് പോലീസും പറയുന്നു. 1990 ആഗസ്റ്റ് 28നാണ് സരബ്ജിത്ത് പാക് അതിർത്തിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2013 ഏപ്രിൽ 28ന് സരബ്ജിത്ത് പാക് ജയിലിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആറ് ദിവസത്തിന് ശേഷം ജിന്നാ ആശുപത്രിയിൽ മരിച്ചു. രണ്ട് ദശകങ്ങൾ ഇന്ത്യാ പാക് നയതന്ത്ര ചർച്ചകളിലെ പ്രധാന മെനുവായിരുന്നു സരബ്ജിത്ത് സിംഗ്. ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും സരബ്ജിത്തിന്റെ മോചനത്തിന് വേണ്ടി ശക്തമായി രംഗത്ത് വന്നു. ഒരു ഘട്ടത്തിൽ അദ്ദേഹം മോചിതനാകുന്നുവെന്ന് വാർത്ത വന്നു. സുർജീത്ത് സിംഗ് എന്നയാളാണ് മോചിപ്പിക്കപ്പെടുന്നതെന്ന് പിന്നീട് തിരുത്തി. പിന്നെ കേട്ടത് വധശിക്ഷ നടപ്പാക്കാൻ പോകുന്നുവെന്നാണ്. അപ്പോഴേക്കും സർദാരി സർക്കാറിന്റെ സ്റ്റേ വന്നു. പാക്കിസ്ഥാനിലെ എല്ലാ സംവിധാനങ്ങളും സരബ്ജിത്തിന്റെ വധശിക്ഷ ശരിവെച്ചിട്ടും എന്തിന് അദ്ദേഹത്തെ ജീവിക്കാൻ വിട്ടു? അതീവ സുരക്ഷയുള്ള, തൂക്കുമരം കാത്തു കഴിയുന്ന ഒരു പ്രതിയെ കോട് ലഖ്പത് ജയിലിൽ സഹതടവുകാർ ആക്രമിക്കാനുള്ള പഴുത് എങ്ങനെ ഉണ്ടായി? മൃതദേഹത്തിൽ നിന്ന് ആന്തരാവയവങ്ങൾ മുഴുവൻ എടുത്തു മാറ്റിയത് എന്തിന്?

സരബ്ജിത്തിന്റെ എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകത്തിന് അഫ്‌സൽഗുരുവിന്റെ വധശിക്ഷയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. പാർലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ രാഷ്ട്രീയം ഇന്ത്യയിൽ തന്നെ നല്ല നിലയിൽ തുറന്ന് കാട്ടിക്കഴിഞ്ഞിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രവും കാണിക്കാത്ത ക്രൂരമായ വിവരക്കേടുകളാണ് അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ അഫ്‌സൽ ഗുരുവിനോട് ചെയ്തത്. ആരെയും അറിയിച്ചില്ല. ബന്ധുക്കളെപ്പോലും. മൃതദേഹം പോലും വിട്ട് നൽകിയില്ല. അന്ന് പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കടുത്ത വിഷയദാരിദ്ര്യം അനുഭവിക്കുകയായിരുന്ന സംഘ് പരിവാർ അഫ്‌സൽ ഗുരുവിനെ തെരുവുകളിൽ “നിരന്തരം തൂക്കിലേറ്റി’ വോട്ട് പിടിക്കുമെന്ന് കോൺഗ്രസ് ഭയപ്പെട്ടു. അതുകൊണ്ട് ഗുരുവിനെ അതീവരഹസ്യമായി തൂക്കിലേറ്റി. ബി ജെ പി പോലും അന്തം വിട്ടു പോയി. അവർ തകർന്നു തരിപ്പണമായി. ഉച്ചത്തിൽ സ്വാഗതം ചെയ്യുകയല്ലാതെ ഒരു വഴിയും അവർക്ക് മുന്നിലില്ലായിരുന്നു.

പാക്കിസ്ഥാനിലെ അതിദേശീയവാദികളും തീവ്രവാദ ഗ്രൂപ്പുകളും അജ്മൽ കസബിന്റെയും അഫ്‌സൽ ഗുരുവിന്റെയും വധശിക്ഷകളെ അതിവൈകാരികമായാണ് ഉപയോഗിച്ചത്. കസബും ഗുരുവും അവിടത്തെ തെരുവുകളിൽ ചോരയൊലിപ്പിച്ച് നിന്നു. അവർക്ക് വേണ്ടി പ്രാർഥനകൾ നടന്നു. അഫ്‌സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതിലെ നീതികേടുകൾ ഇന്ത്യയിൽ തന്നെ ചർച്ചയായപ്പോൾ പാക്കിസ്ഥാനിലെ നിലവിളികൾക്ക് ശക്തിയേറി. അവിടെയും അന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് ഔദ്യോഗികമായി തന്നെ പ്രതികരിച്ചു. അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിലെ അപാകങ്ങൾ അദ്ദേഹം എണ്ണിയെണ്ണി ഉന്നയിച്ചു. മൻമോഹൻ സിംഗും റഹ്മാൻ മാലിക്കും ഗുരുവിന്റെ മൃതദേഹത്തെ പകുത്തെടുത്തു.

വേണമെങ്കിൽ സരബ്ജിത്തിന്റെ വധശിക്ഷ നടപ്പാക്കി പാക് നേതൃത്വത്തിന് പ്രയോഗിക പ്രതികരണം നടത്താമായിരുന്നു. അന്താരാഷ്ട്ര വേദികളിലെ പഴി ഒഴിവാക്കാനും പക്വതയുള്ള രാഷ്ട്രമാണ് തങ്ങളുടേതെന്ന ഖ്യാതിക്കും വേണ്ടി പാക്കിസ്ഥാൻ അത് ചെയ്തില്ല. പകരം മറ്റൊരു വഴി സ്വീകരിച്ചു അവർ. അഫ്‌സൽ ഗുരു വിഷയത്തിൽ സിവിലിയൻ നേതൃത്വം നടത്തിയ രൂക്ഷമായ പ്രതികരണങ്ങൾ സരബ്ജിത്തിന്റെ എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകത്തിന് പച്ചക്കൊടി കാണിക്കുന്നതായിരുന്നു. ആ പ്രതികരണങ്ങൾ അവരറിയാതെ ആഹ്വാനത്തിന്റെ രൂപം കൈവരിച്ചു. രാഷ്ട്രീയ നേതൃത്വത്തിന് വലിയ നിയന്ത്രണമില്ലാത്ത രാഷ്ട്രമായി പാക്കിസ്ഥാൻ ഒരിക്കൽ കൂടി അധഃപതിച്ചുവെന്നതാണ് സത്യം. ജീവനോടെയിരിക്കാൻ സിവിലിയൻ നേതൃത്വം തീരുമാനിച്ചപ്പോൾ സമാന്തരമായി പ്രവർത്തിക്കുന്ന അധികാര കേന്ദ്രങ്ങൾ മരണം വിധിച്ചു, നടപ്പാക്കി. അതിർത്തി കടന്നെത്തിയ, ഹൃദയവും കരളും തലച്ചോറും കവർന്നെടുക്കപ്പെട്ട സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യൻ രാഷ്ട്രീയ തീൻമേശയിലെ ഇഷ്ട വിഭവമായി മാറി.
അധികം കാത്തു നിൽക്കേണ്ടി വന്നില്ല പാക്കിസ്ഥാനും കിട്ടി ഒരു മൃതദേഹം. അത് ജമ്മുവിലെ ജയിലിൽ നിന്നായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി 1990ൽ സ്‌ഫോടനം നടത്തിയെന്നാരോപിക്കപ്പെട്ട, പാക്കിസ്ഥാനിലെ ദാലുവാലി സ്വദേശി സനാഉല്ല ഹഖാണ് ആക്രമിക്കപ്പെട്ടത്. 2013 മെയ് മൂന്നിന്, സരബ്ജിത്ത് മരിച്ചതിന്റെ പിറ്റേന്ന്. ആറ് ദിവസം കഴിഞ്ഞപ്പോൾ സനാഉല്ല ജമ്മു ആശുപത്രിയിൽ മരിച്ചു. സരബ്ജിത്ത് സിംഗും അർധബോധാവസ്ഥയിൽ പാക് ആശുപത്രിയിൽ കിടന്നത് ആറ് ദിനങ്ങളായിരുന്നു. പരസ്പരം അജ്ഞാതരായ ആ രണ്ട് മനുഷ്യർ ഒരേ വിധിയിൽ ആശ്ലേഷിച്ചു.

സരബ്ജിത്തിന്റെ ചോരക്ക് പകരം ചോദിക്കാൻ ഇന്ത്യൻ ജയിലിലെ ഏത് കുറ്റവാളിക്കും അവകാശമുണ്ടെന്ന നിലയിലാണ് തീവ്രദേശീയത കത്തിപ്പടർന്നത്. സരബ്ജിത്ത് ആക്രമിക്കപ്പെട്ടതിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാനുള്ള ഇന്ത്യയുടെ ധാർമികമായ അവകാശം സനാഉല്ലക്ക് മേൽ പതിച്ച ചുറ്റിക നഷ്ടപ്പെടുത്തുകയായിരുന്നു. സരബ്ജിത്തിന്റെ കാര്യത്തിൽ വേദന പങ്കുവെച്ച പാക് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വലിയ പ്രതിസന്ധിയിൽ അകപ്പെട്ടു. യഥാർഥത്തിൽ സരബ്ജിത്ത് ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ പാക്കിസ്ഥാനിൽ എന്ത് നടന്നുവെന്നുമുള്ള ചോദ്യം കോലാഹലങ്ങൾക്കിടയിൽ മുങ്ങിപ്പോയി.
ഇന്ന് 2019ൽ പുൽവാമയും ബലാക്കോട്ടും കടന്ന് മുന്നോട്ടു പോകുമ്പോൾ ഇന്ത്യൻ ജയിലിൽ നിന്ന് ഒരു മൃതദേഹം കൂടി പാക്കിസ്ഥാന് ലഭിച്ചിരിക്കുന്നു. ജയ്പൂർ ജയിലിൽ കഴിയുകയായിരുന്ന ശാകിറുല്ലയുടേത്. അയാളെ സഹതടവുകാർ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. വാഗാ അതിർത്തിയിൽ ബന്ധുക്കൾക്ക് കൈമാറിയ ശാക്കിറുല്ലയുടെ മൃതദേഹം സിയാൽകോട്ടിലെ അല്ലാമാ ഇഖ്ബാൽ മെഡിക്കൽ ടീച്ചിംഗ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ ചരിത്രം ക്രൂരമായി ആവർത്തിച്ചതായി കണ്ടെത്തി. തലച്ചോറും ഹൃദയവും കാണാനില്ല. 2001 മുതൽ ജയ്പൂർ ജയിലിൽ കഴിയുകയായിരുന്ന ശാകിറുല്ല നൊടിയിടയിൽ ധീര രക്തസാക്ഷിയായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പാക് ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ വെച്ചു. മുമ്പൊരിക്കലും ഒരു പത്രത്തിലും വരാതിരുന്ന ശാകിറുല്ലയുടെ പടത്തിനായി പാക് ന്യൂസ് ഡെസ്‌ക്കുകളിൽ നിന്ന് ഉത്തരവുകൾ പറന്നു. പാക് തെരുവുകളിൽ ശാകിറുല്ല നിറഞ്ഞു. അയാളുടെ ബന്ധുക്കൾ ചാനലുകളിൽ കയറി ഇറങ്ങി വിയർത്തു. നമ്മുടെ അഭിനന്ദൻ വർധമാനെ പരുക്കില്ലാതെ തിരിച്ചു തന്ന പാക്കിസ്ഥാന് ശാകിറുല്ലയുടെ മൃതദേഹം കൂടുതൽ സ്‌പൈസിയായി പാചകം ചെയ്ത് വിളമ്പാൻ സാധിക്കുന്നുവെന്നത് സ്വാഭാവികം. അഭിനന്ദനെ തിരിച്ചു കിട്ടിയല്ലോ ഇനി ശാകുറല്ലയെക്കുറിച്ച് സംസാരിക്കാമെന്ന് പറയാൻ ഇന്ത്യയിലെ ചില മനുഷ്യാവകാശ പ്രവർത്തകർക്കെങ്കിലും സാധിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസകരം.

കുൽഭൂഷൺ ജാദവ് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലിലുണ്ട്. ദേശീയ ഭ്രാന്തിന്റെ മറ്റൊരു ഉഷ്ണ തരംഗത്തിൽ ജാദവും കരിഞ്ഞു പോകുമോ? സരബ്ജിത്ത്, ശാക്കിറുല്ല, കുൽഭൂഷൺ…. ഇവരുടെയൊക്കെ ഉറ്റവർ പറയുന്നതാണ് ശരിയെങ്കിൽ ഇവരാരും ചാരൻമാരല്ല. ക്രിമിനലുകളുമല്ല. സരബ്ജിത്ത് അബദ്ധത്തിൽ അപ്പുറത്ത് എത്തിപ്പെട്ടു, ശാക്കിറുല്ലക്ക് മതിഭ്രമമായിരുന്നു. കുൽഭൂഷൺ ബിസിനസ്സിന് പുറപ്പെട്ടു പോയതായിരുന്നു. ഏതാണ് ശരി? ഏതാണ് പൊയ്? ഇന്ത്യാ- പാക് അതിർത്തിയിലെവിടെയോ സർ റാഡ്ക്ലിഫിന്റെ പ്രേതം അലയുന്നു. അതിർത്തി രേഖ വരച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ മുഴങ്ങുന്നു: “ഞാൻ ഒരു കശാപ്പുകാരനെപ്പോലെയാണ് വെട്ടിമുറിച്ചത്’ ഇന്ത്യ, പാക് ജയിലുകളിൽ അതിർത്തിയിലെ ആട്ടിടയൻമാരും ചെറു കച്ചവടക്കാരും മീൻപിടിത്തക്കാരും നിരവധിയുണ്ട്. അവരിൽ ആരൊക്കെ തലച്ചോറും ഹൃദയവും കവർന്നെടുക്കപ്പെട്ട മൃതദേഹങ്ങളായിത്തീരും?

മുസ്തഫ പി എറയ്ക്കൽ

[email protected]