ദീര്‍ഘദൂര യാത്രക്ക് മുമ്പ് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് പോലീസ്

Posted on: March 10, 2019 8:26 pm | Last updated: March 10, 2019 at 8:26 pm

റാസ് അല്‍ ഖൈമ: ദീര്‍ഘ ദൂര യാത്രകള്‍ തുടങ്ങും മുന്‍പ് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണമെന്ന് റാസ് അല്‍ ഖൈമ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ലഫ്. കേണല്‍ മുഹമ്മദ് അല്‍ ബാഹിര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റാസ് അല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാതലത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ടയറിന്റെ ഗുണനിലവാരം, ഓയില്‍, ഇന്ധനം എന്നിവ ഉറപ്പ് വരുത്തണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ലാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം. അമിത വേഗതയായിരുന്നു ടയര്‍ പൊട്ടുന്നതിലേക്ക് നയിച്ചത്. മരിച്ചവരില്‍ മൂന്ന് സ്വദേശികളും ഒരു ഏഷ്യക്കാരനും ഉള്‍പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പഴകിത്തേഞ്ഞ ടയറുകള്‍ അപകടം വരുത്തി വെക്കും. പുനഃസംസ്‌കരിച്ച ടയറുകള്‍ ഉപയോഗിക്കാതിരിക്കണം. പകരം ട്രാഫിക് പോലീസ് ആന്‍ഡ് പട്രോള്‍സ് വിഭാഗം നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പുതിയ ടയറുകള്‍ ഘടിപ്പിക്കണം. ടയര്‍ തകരുന്നത് വാഹനത്തിന് ഗുരുതരമായ അപകടം വരുത്തിവെക്കും. ഇത് കാരണം ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനം കീഴ്മേല്‍ മറിയുകയോ തീപിടിക്കുകയോ ചെയ്യും. വാഹനത്തിന് തീപിടിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കും. റെഡിയേറ്റര്‍ എയര്‍ കണ്ടീഷണര്‍ എന്നിവയും ഇടക്കിടെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. റേഡിയേറ്റര്‍ ചൂട് പിടിക്കുന്നത് വാഹനത്തെ അഗ്‌നി വിഴുങ്ങാന്‍ കാരണമാകും. റേഡിയേറ്ററില്‍ നിന്ന് പുക വമിക്കുന്നുണ്ടെങ്കില്‍ വളരെ സൂക്ഷിച്ചു മാത്രമെ എഞ്ചിന്‍ പരിശോധിക്കാവൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യഥാസമയം വാഹനം സര്‍വീസ് ചെയ്യേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. എഞ്ചിന്‍ അമിതമായി ചൂടാകാതിരിക്കാനും ടയര്‍ തകരാതിരിക്കാനും വാഹനത്തിന്റെ ശേഷി മെച്ചപ്പെടാനും ഇത് സഹായകമാകും. വാഹനം സര്‍വീസ് ചെയ്യാതിരിക്കുന്നത് നിയമപരമായി ശരിയല്ല. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. നിരവധി ജീവനുകളാണ് അമിതവേഗത മൂലം നഷ്ടപ്പെട്ടത്. മിക്ക റോഡിലും വേഗപരിധിയുണ്ട്. വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവ കണക്കിലെടുക്കാതെ വാഹനം ഓടിക്കുന്നവര്‍ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണ് ചെയ്യുന്നത്. വഴിയോരത്തെ ക്യാമറകള്‍ അമിതവേഗം കണ്ടുപിടിക്കാന്‍ സദാ കണ്ണു തുറന്നു നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം. ദീര്‍ഘദൂര യാത്രക്കാര്‍ ഇടക്കിടെ വാഹനം നിര്‍ത്തിയിടണം. വാഹനത്തിനും വാഹനം ഓടിക്കുന്നവര്‍ക്കും വിശ്രമം അനിവാര്യമാണ്. ദീര്‍ഘദൂരയാത്രക്കിടയില്‍ ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴുതി വീണേക്കാം. അതിനാല്‍ മതിയായ വിശ്രമമെടുത്തതിന് ശേഷമേ വാഹനം വീണ്ടും ഓടിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് പൊതു ജനങ്ങള്‍ക്കായി നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇത് മൂലം അപകടങ്ങള്‍ കുറക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ, യുവാക്കള്‍ അമിത വേഗതയും വാഹനാഭ്യാസവും പതിവാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ബോധവത്കരണ പരിപാടികളില്‍ പൊതു ജന സഹകരണം കൂടുതല്‍ ഉറപ്പ് വരുത്തുകയും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.