മത്സരിക്കാനില്ലെന്ന് വേണുഗോപാല്‍; ആലപ്പുഴ പിടിക്കാന്‍ ആളെ തേടി കോണ്‍ഗ്രസ്

Posted on: March 10, 2019 7:35 pm | Last updated: March 10, 2019 at 10:06 pm

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഡല്‍ഹിയിലിരുന്നുകൊണ്ട് താന്‍ ആലപ്പുഴയില്‍ മത്സരിക്കുന്നത് അവിടത്തെ ജനങ്ങളോടുള്ള നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ മത്സരിച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക അസാധ്യമാണെന്നും ഡല്‍ഹിയില്‍ തന്നെ കണ്ട മാധ്യമങ്ങളോട് വേണുഗോപാല്‍ പറഞ്ഞു.

അതേ സമയം വേണുഗോപാലിന്റെ പിന്‍മാറ്റം ആലപ്പുഴയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് തവണയും ആലപ്പുഴയില്‍നിന്നും മികച്ച വിജയം നേടാന്‍ കെസി വേണുഗോപാലിന് കഴിഞ്ഞിരുന്നു.ഇടത് പക്ഷത്തിന് ശക്തമായ മേല്‍ക്കൈയുള്ള മണ്ഡലാണ് ആലപ്പുഴ. എങ്കില്‍പ്പോലും ആലപ്പുഴയില്‍നിന്നും വിജയം നേടാന്‍ വേണുഗോപാലിന് ആയിട്ടുണ്ട്. വേണുഗോപാല്‍ പിന്‍മാറിയ സാഹചര്യല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എഎം ആരിഫിനെ നേരിടാന്‍ ആരെയാകും കോണ്‍ഗ്രസ് നിയോഗിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നീ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.