കൊളംബിയയില്‍ വിമാനാപകടം: മേയറും കുടുംബവുമുള്‍പ്പടെ 12 പേര്‍ മരിച്ചു

Posted on: March 10, 2019 2:40 pm | Last updated: March 10, 2019 at 6:19 pm

ബൊഗോട്ട: കൊളംബിയയില്‍ വിമാനാപകടത്തില്‍ മേയറും കുടുംബവും ഉള്‍പ്പടെ 12 പേര്‍ മരിച്ചതായി കൊളംബിയന്‍ എവിയേഷന്‍ വകുപ്പ് അറിയിച്ചു. മെറ്റാ പ്രവിശ്യയില്‍ ശനിയാഴ്ച പ്രാദേശിക സമയം 10.40ഓടെയാണ് അപകടം.

സാന്‍ ജോസ് ഡി ഗ്വുവയ്‌റേയില്‍ നിന്ന് വില്ലാവിസെന്‍സിയോ അതിര്‍ത്തി നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡി സി-3 എന്ന 30 സീറ്റുള്ള ചെറു വിമാനമാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

ടറെയ്‌റ മുന്‍സിപ്പാലിറ്റി മേയര്‍ ഡോറിസ് വില്ലെഗസ്, അവരുടെ ഭര്‍ത്താവ്, മകള്‍, വിമാനത്തിന്റെ ഉടമ പൈലറ്റ് ജെയിമെ കാറില്ലോ, കോ പൈലറ്റ് ജെയിമെ ഹെരേറ, വ്യോമ സാങ്കേതിക വിദഗ്ധന്‍ അലക്‌സ് മൊറേനോ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും.

സമീപത്തെ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞില്ലെന്നും വിവരമുണ്ട്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം തകര്‍ന്നു കിടക്കുന്നത് കണ്ടെത്തിയത്.