Connect with us

National

സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമെന്ന് കുടുംബം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്ന് വ്യക്തമാക്കി കുടുംബം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞതിനു പിന്നാലെയാണ് കുടുംബം രംഗത്തെത്തിയത്.

ബുദ്ഗാം സ്വദേശി മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇക്കാര്യം സൈന്യവും സര്‍ക്കാറും നിഷേധിക്കുകയായിരുന്നു. ഒരു മാസക്കാലത്തെ അവധിയില്‍ പ്രവേശിച്ചിരുന്ന യാസിനെ വെള്ളിയാഴ്ച രാത്രി എട്ടരയോടടുത്ത് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ബുദ്ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ രക്ഷപ്പെട്ട യാസിന്‍ സൈനിക കേന്ദ്രത്തില്‍ അഭയം തേടിയെന്നും കുടുംബം വ്യക്തമാക്കുന്നു.

തങ്ങള്‍ അടുക്കളയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഭീകര സംഘം എത്തിയതെന്നും അവരില്‍ ഒരാളുടെ കൈയില്‍ എകെ 47 തോക്കുണ്ടായിരുന്നുവെന്നും യാസിന്റെ പിതാവ് ഗുലാം മുഹമ്മദ് ഭട്ട് പറഞ്ഞു.
യാസിന്റെ രണ്ട് സഹോദരന്മാരും മാതാവും കൂടി ഭീകരരെ തടയാന്‍ ശ്രമിച്ച സമയത്ത് യാസിന്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

രാത്രി മുഴുവന്‍ ഞങ്ങള്‍ കടുത്ത വേദനയില്‍ കഴിയുകയായിരുന്നു. യാസിന്‍ സുരക്ഷിതനായി സൈനിക കേന്ദ്രത്തിലുണ്ടെന്ന് പിറ്റേന്നു രാവിലെ പോലീസുദ്യോഗസ്ഥന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സമാധാനമായത്. യാസിനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.- മുഹമ്മദ് ഭട്ട് വിശദമാക്കി.