ആ ശാസനയുടെ പൊരുൾ

വഴിവിളക്ക്
Posted on: March 10, 2019 12:05 pm | Last updated: March 10, 2019 at 12:05 pm

സൗജന്യമായി നമ്മളനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ ആഴമറിയാൻ നമ്മെക്കുറിച്ച് തന്നെയുള്ള ചൂഴ്ചിന്തയുണ്ടായാൽ മതി. ഒരു സംഭവം പറയാം: ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഒരകന്ന ബന്ധുവുണ്ട്, ഒരു ദിവസം എന്നെ കാണാൻ വരുന്നു. അയാൾക്കൊരു പിരിവ് നടത്തിക്കൊടുക്കണമത്രെ, സ്ഥാപനത്തിൽ വെച്ച്. അദ്ദേഹത്തിന്റെ സഹോദരിയുടെ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്റെ രണ്ട് വൃക്കയും പോയിപ്പോയി! ഒന്നുമാറ്റിവെച്ചാൽ, കുറച്ച് കാലം കൂടി പിടിച്ചുനിൽക്കാൻ കഴിയുമെന്ന് എറണാകുളത്തെ ആശുപത്രിയിൽ നിന്ന് വിവരം കിട്ടി.
വൃക്കയന്വേഷിച്ചിറങ്ങിയപ്പോൾ ഗ്രൂപ്പൊത്തത് കിട്ടാൻ പ്രയാസം. ഒടുവിൽ പത്രത്തിൽ പരസ്യം ചെയ്തു. തിരുവല്ലയിൽ നിന്ന് ഒരു മധ്യവയസ്‌കൻ വിളിക്കുന്നു, കിഡ്‌നി തരാം പതിനൊന്ന് ലക്ഷം വേണം.
എന്റുമ്മാ…!!!
പതിനൊന്ന് ലക്ഷമോ..?!!!
ജനിച്ചിട്ടിത്ര കാലത്തിനിടക്ക് ഞാനത്ര സംഖ്യ കണ്ടിട്ടുപോലുമില്ല. പതിനായിരമായിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. ഇതെന്ത് ചെയ്യാൻ?

കുട്ടിന്റുപ്പാക്ക് ധർമടത്ത് കല്ലുമ്മക്കായ പറിച്ച് വിൽക്കുന്ന പണിയാണ്. അതുകൊണ്ട് ശരാശരിയിൽ ഒപ്പിച്ചങ്ങനെ നാൾ കഴിക്കുമെന്നല്ലാതെ മിച്ചം വെക്കാനൊന്നുമുണ്ടാകില്ല. അതിനിടക്കാണ് ഈ വൃക്കക്കേസ്. എന്തുചെയ്യും? മതി, വരുമ്പോലെ വരട്ടെ എന്നു നിനച്ചിരിക്കുമ്പോഴാണ്, സുഹൃത്തുക്കൾ പറഞ്ഞത് “പൈസ എവിടെ നിന്നെങ്കിലും ആവും, നീ സാധനം കിട്ട്വോന്ന് നോക്ക്, കിട്ടുമെങ്കിൽ ഒന്നും നോക്കണ്ട, ബുക്ക് ചെയ്യ്’. നേരിട്ട് സംസാരിക്കാൻ വേണ്ടി രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരുവല്ലയിലെത്തി. നോക്കുമ്പോൾ വൃക്ക അയാളുടെതല്ല, ഏജന്റാണ്. വന്നയാൾ കല്ലുമ്മക്കായ പറിക്കുന്നു, വിൽക്കുന്നു, കുഴയുന്നു. ഇദ്ദേഹം വൃക്ക പറിക്കുന്നു, വിൽക്കുന്നു, കൊഴുക്കുന്നു. ഊ..ശ്!!!!

കിട്ടാൻ പോവുന്നത് ഒരു പെൺവൃക്കയാണ്. പരപ്പനങ്ങാടിക്കാരി മുക്കുവത്തി വത്സലയുടെത്. അവൾ വൃക്ക വിൽക്കുന്നത് ജന്മനാ മൂന്ന് വൃക്കയുള്ളതുകൊണ്ടല്ല, ഹ! ഉള്ള രണ്ടിലൊന്ന് വേണ്ടാഞ്ഞിട്ടുമല്ല, ഹ ഹ!! മറിച്ച്, തന്റെ പതിനാല് വയസ്സുള്ള മകൾക്ക് എല്ലുപൊടിയുന്ന അപൂർവ രോഗമായതിനാലാണ്, ഹൂ ഹൂൂ!!! രക്തപ്പനിയാണെന്ന് പറഞ്ഞ് ഇക്കാലമത്രയും താലൂക്കാശുപത്രിയിൽ കിടന്നു നിരങ്ങി. ഇതിനു പറ്റിയ ചികിത്സ എറണാകുളത്തെ ഉള്ളൂവത്രെ. അഞ്ച് ലക്ഷത്തിലധികം വരും ചെലവ്. ഇതൊന്നും കാണാനും കേൾക്കാനും നിൽക്കാതെ മുക്കുവൻ ഒരു കോളുനാളിൽ തോണിമറിഞ്ഞ് ഉപ്പുവെള്ളത്തിലലിഞ്ഞു. ഈ നടുക്കടലിൽ താനെന്തുചെയ്യും എന്ന് ആധിപെറ്റു കഴിയുമ്പോഴാണ് ആരോ പറഞ്ഞത്, വൃക്ക വിറ്റാൽ “ടാക്‌സെ’ല്ലാം കഴിച്ച് അഞ്ചാറ് ലക്ഷം കിട്ടുമെന്ന്.

ഞാനെന്റെ കുട്ടികളെയെല്ലാം വിളിച്ചുചേർത്ത് വിഷയമവതരിപ്പിച്ചു. എല്ലാം പാവപ്പെട്ട കുട്ടികളാണ്. അവരെ ഞെക്കിപ്പിഴിഞ്ഞപ്പോൾ ആയിരത്തി ഇരുനൂറ്റി മുപ്പത്തിരണ്ട് രൂപാ കിട്ടി. ഇപ്പോൾ ഞാനാലോചിച്ചു പോകുന്നത്, പതിനൊന്ന് ലക്ഷമുണ്ടാക്കാൻ ഇയാളിതെത്ര നട്ടം തിരിഞ്ഞിട്ടുണ്ടാവും എന്നല്ല. മറിച്ച് വൃക്കയുടെ വിലയെ കുറിച്ചു തന്നെയാണ്. ഒന്നിന് പതിനൊന്നാണെങ്കിൽ രണ്ടിന് ഇരുപത്തിരണ്ടായില്ലേ? വൃക്കക്ക് പുറമെ എന്തെല്ലാം സാമഗ്രികളും ഫിറ്റിംഗ്‌സുകളുമുണ്ട് നമ്മുടെ ശരീരത്തിൽ? നിങ്ങൾ വിചാരിക്കും അടുത്തതായി ഞാൻ പറയുക കണ്ണിനെ പറ്റിയായിരിക്കുമെന്ന്. എന്നാൽ, നിങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി ഞാൻ മലദ്വാരത്തിന്റെ കാര്യമാണ് പറയുന്നത്. എന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് അതില്ലാത്തതുകൊണ്ടുള്ള നരകപ്പാട് ഞാൻ ശരിക്ക് കണ്ടനുഭവിച്ചതാണ്. പ്രസവിച്ചപ്പോൾ അതിനതില്ല. പള്ളക്ക് കീറുണ്ടാക്കി അതുവഴിയാണ് കാര്യങ്ങൾ നടത്തിപ്പോരുന്നത്. സദാ സുറുസറൂ. എപ്പോഴും കൂടെയാളു വേണം. നിങ്ങളോടൊന്നും അത് പറഞ്ഞിട്ട് കാര്യമില്ല. നേരിട്ട് കണ്ടവർക്കും അനുഭവിച്ചവർക്കും മാത്രമേ അതിന്റെ ശരിയായ കഷ്ടപ്പാട് മനസ്സിലാവുകയുള്ളൂ.
ഇനി കണ്ണ്, കാത്, നാക്ക്, മൂക്ക്, കരൾ, കുടൽ… തുടങ്ങിയ ഓരോ അവയവത്തെ പറ്റിയും നിങ്ങൾക്ക് ആഴത്തിലാലോചിച്ചു നോക്കാവുന്നതാണ്. അവയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ ഉള്ളത് പ്രവർത്തനക്ഷമമല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ഗൗരവമായി ആലോചിച്ചു നോക്ക്. ശേഷം ഒരു പേപ്പറെടുക്ക്, ഒരു പേനയും. കിഡ്‌നിക്കൊന്നിന് പതിനൊന്ന് ലക്ഷം എന്ന തോതിൽ ഓരോ അവയവത്തിനും വിലയിട്. മൊത്തം കൂട്ടിയിട്ട് നിങ്ങളുടെ ശരീരവില എത്ര കോടി വരും എന്നൊന്ന് കണ്ടെത്ത്.

ചക്രവർത്തി ഹാറൂൻ റശീദും ഫിലോസഫർ ഇബ്‌നു സമ്മാക്കും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്ക് ദാഹം തോന്നിയ രാജാവ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. കിട്ടിയ തഞ്ചത്തിന് ചിന്തകൻ ഇടങ്കോലിട്ടു. നിങ്ങൾ ദാഹിച്ചു വലഞ്ഞു. വെള്ളം കിട്ടാനില്ല. മരണമുറപ്പ്. അപ്പോൾ വെള്ളം കിട്ടുമെന്നായി. പക്ഷെ ഭീമമായ മുതൽമുടക്ക് വേണം. നിങ്ങൾ എത്ര കൊടുക്കും? എന്റെ സാമ്രാജ്യത്തിന്റെ പകുതി. ശരി. വെള്ളം കുടിച്ചു. പക്ഷെ അത് മൂത്രമായി അകത്ത് കെട്ടിക്കിടക്കുന്നു. കഠിനമായ കടച്ചിൽ. മുതലിറക്കിയാൽ മൂത്രമിറക്കാൻ വഴിയുണ്ട്. എന്ത് കൊടുക്കും? രാജ്യത്തിന്റെ പകുതി. കഴിഞ്ഞു! ഒരു ഗ്ലാസ് വെള്ളത്തിന് ഒരു സാമ്രാജ്യം!!

ഈ കഥയോടെ നാം നമ്മിൽ നിന്ന് പുറത്തുകടന്നുകഴിഞ്ഞു. വെള്ളം! വല്ലാത്തൊരു സാധനമല്ലേ അത്? ഇത്രയും കാവ്യാത്മകമായ എന്നാൽ ഇത്രക്ക് ഉപയോഗക്ഷമമായ ഒരു സാധനം തനി ഇല്ലായ്മയിൽ നിന്ന് ഡിസൈൻ ചെയ്‌തെടുത്ത കലാവിരുത് ഭയങ്കരം തന്നെ! പ്രകൃതിയിലേക്ക് കണ്ണുകറക്കുമ്പോൾ നാം നെല്ലിനും ഗോതമ്പിനും തേങ്ങക്കും മാങ്ങക്കുമെല്ലാം വിലയിടേണ്ടതായി വരും. എന്നുവച്ചാൽ കല്ലുമ്മക്കായക്കാരന്റെ മകന്റെ കിഡ്‌നിയെപ്പോലെ മണ്ണും മരവും നമ്മോട് ഇടഞ്ഞു നിന്നാൽ നാമെന്ത് ചെയ്യും? ആകാശത്തുനിന്ന് മഴ പെയ്തിറങ്ങുന്നില്ലെങ്കിൽ നാമിതാരെ കുറ്റപ്പെടുത്തും?

വിശുദ്ധ ഖുർആനിലെ “തബാറക’ അധ്യായം ഇങ്ങനെയൊരു കടുപ്പപ്പെട്ട ചോദ്യം നമ്മുടെ മസ്തിഷ്‌കത്തിലേക്കെറിഞ്ഞു കൊണ്ടാണ് അവസാനിക്കുന്നത്. നിങ്ങളുടെ വെള്ളം വറ്റി വാർന്നുപോയാൽ ഒഴുകുന്ന ഉറവജലം നിങ്ങൾക്കാര് തരും? ഇതേപോലുള്ള ഒട്ടനവധി ചോദ്യങ്ങൾ ചിന്തയെ ഉണർത്തുവാനായി ഖുർആൻ തൊടുത്തുവിടുന്നുണ്ട്, പലയിടങ്ങളിലായി. ഇതേ അധ്യായത്തിലെ മറ്റൊരു ചോദ്യം ആഹാരത്തെ പറ്റിയാണ്. അഥവാ, അതിനെ തടഞ്ഞുവെച്ചുവെന്നാൽ നിങ്ങൾക്ക് ആരു തരും ആഹാരമെന്ന്. ഇതേ അധ്യായത്തിൽ തന്നെ നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയവും നൽകിയത് അവനാണ് എന്ന് പറഞ്ഞ ഉടനെ നിങ്ങളിൽ നന്ദി കാണിക്കുന്നവർ കുറവാണ് എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. കാണേണ്ടത് കണ്ട്, കേൾക്കേണ്ടത് കേട്ട,് ചിന്തിക്കേണ്ടത് ചിന്തിച്ചെടുക്കാതെ തലയെ മൂലക്കിടല്ലേ എന്നായിരിക്കും ആ ശാസനയുടെ പൊരുൾ?
.