റിഷഭിന്റെ ഓഡിഷന്‍ തുടങ്ങുന്നു, ഷമിക്ക് പകരം ഭുവനേശ്വര്‍

Posted on: March 10, 2019 10:13 am | Last updated: March 10, 2019 at 1:35 pm

മൊഹാലി: മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചത് വിക്കറ്റ് കീപ്പറുടെ റോളിലേക്കുള്ള ലോകകപ്പ് ഓഡിഷന്‍ തുടരാനാണ്. ധോണിയുടെ പിന്‍ഗാമിയായി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്ന് കരുതപ്പെടുന്ന റിഷഭ് പന്തിനുള്ള ആദ്യ അവസരമാണ് ഇന്ന് മൊഹാലിയില്‍. പരമ്പരയിലെ നാലാം മത്സരമാണ് ഇവിടെ നടക്കുന്നത്.

ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ജയിച്ച് ഓസീസ് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ നിര്‍ണായകമാണ്. മൊഹാലിയില്‍ ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് ഉറപ്പിക്കാം. തോറ്റാല്‍, ന്യൂഡല്‍ഹിയിലെ മത്സരം ജേതാക്കളെ തീരുമാനിക്കുന്ന ഫൈനല്‍ ആകും. നീലപ്പടക്കായി റിഷഭ് ഇതുവരെ കളിച്ചത് ബാറ്റ്‌സ്മാന്റെ റോളിലാണ്. ധോണി വിക്കറ്റ് കീപ്പറുടെ റോളിലുള്ളപ്പോള്‍ റിഷഭിന് രക്ഷയില്ല. എന്നാല്‍, പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റിഷഭിന് വലിയ അവസരമാണ്. ധോണിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മിടുക്കുണ്ടെന്ന് റിഷഭിന് തെളിയിക്കേണ്ടതുണ്ട്.

പേസര്‍മാരില്‍ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ വരുന്നതാണ് മാറ്റം. മൂന്നാം ഏകദിനത്തിനിടെ ഷമിക്ക് പരുക്കേറ്റിരുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാകേണ്ട ഷമിയുടെ പരുക്ക് വഷളാകാതിരിക്കാനുള്ള ജാഗ്രതയാണ് സെലക്ടര്‍മാര്‍ കാണിച്ചത്.
അടുത്ത മത്സരങ്ങളില്‍ ചില മാറ്റങ്ങള്‍ കാണാമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇടം പിടിക്കാന്‍ മാച്ച് വിന്നിംഗ് പ്രകടനം ഓരോ താരവും പുറത്തെടുക്കേണ്ടതുണ്ടെന്ന് ക്യാപ്റ്റന്‍ ഓര്‍മപ്പെടുത്തി. മൊഹാലി, ഡല്‍ഹി ഏകദിനങ്ങളില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ക്കാണ് ടീം ഇന്ത്യ മുതിരുക എന്നത് കാത്തിരുന്ന് കാണാം.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിലാണ് ഇന്ത്യ തിരിച്ചടി നേരിടുന്നത്. മൂന്ന് മത്സരങ്ങളില്‍ 283 റണ്‍സടിച്ച വിരാടും 118 റണ്‍സടിച്ച കെദാര്‍ ജാ
ദവുമാണ് തിളങ്ങിയത്. ഓപണര്‍ രോഹിത് ശര്‍മക്ക് മൂന്ന് കളികളില്‍ 51 റണ്‍സാണ് നേടാനായത്.
നാലാം നമ്പറില്‍ അംബാട്ടി റായുഡു സ്ഥിരത കാണിക്കുന്നില്ല. ആകെ നേടിയത് 33 റണ്‍സ്. ഓപണര്‍ ശിഖര്‍ ധവാന്‍ തുടരെ പരാജയപ്പെടുകയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 22 റണ്‍സാണ് ധവാന്റെ സമ്പാദ്യം.
തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ നാലാം ഏകദിനത്തില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു കളികളിലും റായുഡു നിരാശപ്പെടുത്തിയിരുന്നു. ഓപ്പണര്‍മാര്‍ നേരത്തേ തന്നെ പുറത്താവുന്നത് പതിവാക്കിയതിനാല്‍ വലിയ ഇന്നിങ്‌സ് കളിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരങ്ങളാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ റായുഡുവിന് ലഭിച്ചത്.
പക്ഷെ ഇതു മുതലെടുക്കാന്‍ താരത്തിനായില്ല. റായുഡുവിനെ പുറത്തിരുത്തി പകരം ലോകേഷ് രാഹുലിനെ നാലാം ഏകദിനത്തില്‍ കളിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തേ ഓസീസിനെതിരേ നടന്ന രണ്ടു ടി20കളില്‍ രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

ടീം ഇന്ത്യ : വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത്ശര്‍മ, അംബാട്ടി റായുഡു, കെദാര്‍ യാദവ്, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, യുവേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍).
ടീം ആസ്‌ത്രേലിയ : ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍സ്‌കോംപ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആഷ്ടന്‍ ടര്‍ണര്‍, ജിയെ റിചാര്‍ഡ്‌സന്‍, ആദം സാംബ, ആന്‍ഡ്രൂ ടൈ, പാറ്റ് കുമിന്‍സ്, നഥാന്‍ കോള്‍ട്ടര്‍ നീല്‍, അലെക്‌സ് കാരെ, നഥാന്‍ ലിയോണ്‍, ജാസന്‍ ബെഹ്രെന്‍ഡോഫ്.