കടക്കെണിയിലായ വ്യാപാരിക്ക് അജ്മാന്‍ പോലീസിന്റെ കാരുണ്യത്തില്‍ മടക്കം

Posted on: March 9, 2019 8:46 pm | Last updated: March 9, 2019 at 8:46 pm

അജ്മാന്‍: സാമ്പത്തിക പരാധീനതയില്‍ അകപ്പെടുകയും പക്ഷാഘാതം പിടിപെട്ട് ചികിത്സയിലാവുകയും ചെയ്ത ഇന്ത്യന്‍ വ്യാപാരിക്ക് അജ്മാന്‍ പോലീസിന്റെ സഹായം. കഴിഞ്ഞ 30 വര്‍ഷമായി വിവിധ വ്യാപാരങ്ങള്‍ ചെയ്തു വരികയായിരുന്ന ഇന്ത്യക്കാരന് ചില സാമ്പത്തിക തട്ടിപ്പുകള്‍ അഭിമുഖികരിക്കേണ്ടിവന്നിരുന്നു. ഇതേതുടര്‍ന്ന് പണം കടം കൊടുത്തവര്‍ ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തു. എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായിരുന്ന ഇദ്ദേഹത്തിന് അവ പരിഹരിക്കാന്‍ കഴിയാതെവരികയും ഇതിന്റെ ആഘാതത്തില്‍ പക്ഷാഘാതം പിടിപെടുകയുമായിരുന്നുവെന്ന് അജ്മാന്‍ പോലീസ് സോഷ്യല്‍ സെന്ററര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫ ഖലീല്‍ അല്‍ ഹുസൈനി പറഞ്ഞു. മൂന്ന് മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കുറിച്ച് ഖലീഫ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കാനോ വിവരങ്ങള്‍ അന്വേഷിക്കാനോ ആരും ഇല്ലെന്നും ആശുപത്രി അധികൃതര്‍ ധരിപ്പിച്ചു.
അജ്മാന്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് സംഘം ഇദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് വര്‍ധിച്ചപ്പോള്‍ ഇയാള്‍ വിവിധയാളുകളില്‍ നിന്ന് പണം കടം വാങ്ങുകയും വിവിധ വ്യാപാരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വ്യാപാരത്തില്‍ നഷ്ടം സംഭിവിച്ചതിനാല്‍ പണം കടം കൊടുത്തവര്‍ കേസ് കൊടുക്കുകയായിരുന്നുവെന്ന് കണ്ടെത്തിയെന്ന് അവര്‍ വിശദീകരിച്ചു. ഇതിനെതുടര്‍ന്നാണ് വ്യാപാരിക്ക് മാനസികാഘാതം നേരിട്ട് പക്ഷാഘാതം പിടിപെട്ടതെന്ന് കേണല്‍ വഫ വിശദീകരിച്ചു.
സാമ്പത്തിക പരാധീനതകള്‍ മറികടക്കുന്നതിന് കൂടെ താമസിച്ചിരുന്ന കുടുംബത്തെ ഇന്ത്യയിലേക്കയച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശ്രമങ്ങളില്‍ വ്യാപാരിയുടെ പാസ്‌പോര്‍ട്ട് വിവിധ ആവശ്യങ്ങള്‍ക്ക് ജാമ്യം നല്‍കിയത് മൂലം കളഞ്ഞുപോയെന്ന് കണ്ടെത്തി. തുടര്‍ന്ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സഹകരണത്തോടെ ഔട്പാസ് സംഘടിപ്പിച്ചു. ഇദ്ദേഹത്തിന് പണം കടം നല്‍കിയവരെ പോലീസ് വിളിച്ചുവരുത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് തിരിച്ചടക്കാനുള്ള വായ്പാ തുകയില്‍ ഇളവ് വരുത്തുകയും നല്‍കിയ കേസുകള്‍ പിന്‍വലിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പോലീസിന്റെ ശ്രമഫലമായി വിവിധ ജീവകാരുണ്യ സംഘടകളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ വായ്പ തിരിച്ചടക്കുകയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സംഘടിപ്പിക്കുകയും ചെയ്തു.
വിമാനത്താവളത്തില്‍ പോലീസ് സംഘം വിമാനം വരെ ഇദ്ദേഹത്തെ അനുഗമിച്ചു. യാത്രക്കും നാട്ടിലെത്തിയുള്ള ചിലവിലേക്കുമായി ചെറിയൊരു തുകയും പോലീസ് നല്‍കിയിരുന്നു. നാട്ടില്‍ സുരക്ഷിതമായി എത്തിയെന്ന് കുടുംബത്തെ വിളിച്ചു ഉറപ്പുവരുത്തിയെന്നും കേണല്‍ വഫ പറഞ്ഞു.