Connect with us

Gulf

ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍; ദുബൈ ഫെറിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

Published

|

Last Updated

ദുബൈ: മികച്ച സുരക്ഷാ നടപടികളും മാനദണ്ഡങ്ങളും ഒരുക്കി സേവനം നടത്തുന്നതിന് ദുബൈ ഫെറിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് കീഴിലുള്ളതാണ് ദുബൈ ഫെറി. അന്താരാഷ്ട്ര നിലവാരത്തോടെ പൊതു ജല ഗതാഗത സൗകര്യം ഒരുക്കിയതിനാണ് ഫെറിയെ പുരസ്‌കാരം തേടിയെത്തിയത്. അന്താരാഷ്ട്ര ഏജന്‍സിയായ ബ്യൂറോ വെരിടാസ് ഗ്രൂപ്പാണ് ദുബൈ ഫെറിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇന്റര്‍നാഷണല്‍ സേഫ്റ്റി മാനേജ്മെന്റ് ( ഐ എസ് എം) സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പുരസ്‌കാരം സ്വീകരിച്ചു.
ബ്യൂറോ വെരിടാസ് ഗ്രൂപ്പ് മറൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് സെര്‍ഗജ് ക്രിസ്റ്റനോവിക്, ആര്‍ ടി എക്ക് കീഴിലെ പബ്ലിക് ട്രാന്‍സ്പോര്‍ട് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാഷിം ബഹ്റൂസിയാന്‍, മറൈന്‍ ട്രാന്‍സ്പോര്‍ട് ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാശിമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതിനാണ് ഫെറിക്ക് പുരസ്‌കാരം നേടാനായത്. യു എന്‍ ഇന്റര്‍നാഷണല്‍ മറൈന്‍ ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തില്‍ നടന്ന സൊലസ് കണ്‍വെന്‍ഷന്‍ പ്രകാരമുള്ള മാനദണ്ഡങ്ങളാണ് പൊതു ജല ഗതാഗതത്തിനായി സ്വീകരിക്കുന്നതെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു.
ബ്യൂറോ വെരിടാസ് ഗ്രൂപ്പ് ആര്‍ ടി എയുടെ ജല ഗതാഗത സംവിധാനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. ഉന്നതമായ മാനദണ്ഡങ്ങളോടൊപ്പം വിദഗ്ധ ജീവനക്കാരുടെ സേവനവും ഫെറികളുടെ പ്രവര്‍ത്തനം ലോകോത്തരമാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍, തീപിടുത്ത നിവാരണ ഉപകരണങ്ങള്‍, ജല ഗതാഗതം മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിനുള്ള ഉപാധികള്‍ എന്നിവയും ആര്‍ ടി എയുടെ പ്രവര്‍ത്തന മികവിനെ ശ്രദ്ധേയമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജല ഗതാഗതം സുഗമമാക്കുന്നതോടൊപ്പം മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ഫെറികളിലെ ജീവനക്കാര്‍ക്ക് ലോകോത്തരമായ പരിശീലന പരിപാടികളും നൂതന സാങ്കേതിക വിദ്യകളിലൂന്നിയ നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രയോഗവും പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest