സാഹചര്യം മാറി; യു പിയിൽ മഹാസഖ്യത്തിലേക്ക് കോൺഗ്രസും

Posted on: March 9, 2019 4:16 pm | Last updated: March 9, 2019 at 4:16 pm


ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തി എസ് പി- ബി എസ് പി നേതൃത്വത്തിലുള്ള മഹാസഖ്യം വിപുലീകരിക്കുന്നു. മഹാസഖ്യത്തിൽ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തണമെന്ന് എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന് താത്പര്യമുണ്ടായിരുന്നുവെങ്കിലും ബി എസ് പി അധ്യക്ഷ മായാവതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ബാലാക്കോട്ട് വ്യോമാക്രമണവും തുടർന്ന് രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ മാറ്റവുമാണ് സഖ്യ വിപുലീകരണ ചർച്ചകളിലേക്ക് നീങ്ങാനിടയാക്കിയത്.

അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിനെ (ആർ എൽ ഡി) കൂടി ഉൾപ്പെടുത്തി മഹാസഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നു. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വവുമായി പുതിയ ചർച്ചകളിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിന് പതിമൂന്ന് സീറ്റ് കൂടി അധികമായി നൽകാമെന്നാണ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ മത്സരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുൾപ്പെടെ പതിനഞ്ച് സീറ്റാണ് കോൺഗ്രസിന് നൽകുക.

എൺപതംഗ ലോക്‌സഭയിൽ ഇരുപത് സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പതിനഞ്ച് സീറ്റ് നൽകാമെന്നാണ് അഖിലേഷും മായാവതിയും വ്യക്തമാക്കിയത്. ഈ നിർദേശം കോൺഗ്രസ് നേരത്തേ തള്ളുകയായിരുന്നു. പുതിയ സാഹചര്യത്തിൽ പതിനഞ്ച് സീറ്റെന്ന നിർദേശം കോൺഗ്രസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന.

മഹാസഖ്യത്തിൽ നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം ബി എസ് പി 38 സീറ്റിലും എസ് പി 37 സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. ആർ എൽ ഡിക്ക് മൂന്ന് സീറ്റും നൽകിയിരുന്നു. കോൺഗ്രസ് കൂടി സഖ്യത്തിന്റെ ഭാഗമാകുകയാണെങ്കിൽ ബി എസ് പി അവർക്ക് ലഭിച്ച ആറ് സീറ്റും എസ് പി ഏഴ് സീറ്റും വിട്ടുനൽകും. കോൺഗ്രസ് പൂർണമായി സഖ്യത്തിന് പുറത്തല്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അഖിലേഷ് യാദവ് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.