Connect with us

Kerala

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ ടി; ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും. കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയില്‍ നിലവിലെ എംപി ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണമെന്നും പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നുമുള്ള ആവശ്യം അവസാന ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍, നിലവിലെ സ്ഥിതി തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ടത് അനിവാര്യമാണ്. അതിനാല്‍ മൂന്നാം സീറ്റ് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

പൊന്നാനിയില്‍ നിലവിലെ എംപി ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണമെന്നും പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നുമുള്ള ആവശ്യം അവസാന ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍, നിലവിലെ സ്ഥിതി തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. മലപ്പുറത്ത് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു ആണ് കുഞ്ഞാലിക്കുട്ടിയുടെ എതിരാളി.
പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ ഇടിയെ എതിരിടും.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മലപ്പുറത്ത് വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് മലപ്പുറം മണ്ഡലം നിലവില്‍ വന്നത്. അതുവരെ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗിനൊപ്പമായിരുന്നു മലപ്പുറം. രണ്ട് തവണയും ഇ അഹമ്മദ് ആയിരുന്നു സഭയിലെത്തിയത്. ഇ അഹമ്മദിന്റെ മരണത്തോടെ 2017ല്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് പി കെ കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് വഴിയൊരുക്കിയതും മലപ്പുറം തന്നെ.

എന്നും മുസ്‌ലിം ലീഗിനൊപ്പം അടിയുറച്ചുനിന്ന മണ്ഡലത്തിലെ ഇടതു മുന്നണിയുടെ സാധ്യതയും അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. 1999ല്‍ ഇ അഹമ്മദ് 1,23,411 വോട്ടുകള്‍ക്ക് സി പി എമ്മിന്റെ അഡ്വ. ഐ ടി നജീബിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം മണ്ഡലം രൂപവത്കരണത്തിന് മുമ്പുള്ള മഞ്ചേരി മണ്ഡലത്തില്‍ നിറഞ്ഞുനിന്നത്. അന്ന് 4,37,563 വോട്ടാണ് ലീഗിന്റെ പെട്ടിയില്‍ വീണത്. ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സി പി എം മഞ്ചേരിയില്‍ ചെങ്കൊടി പാറിച്ച് ചരിത്രമെഴുതി. ലീഗിലെ കെ പി എ മജീദിനെ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ടി കെ ഹംസ അടിയറവ് പറയിച്ചത്. 4,26,920 വോട്ട് നേടിയാണ് ഹംസ ഡല്‍ഹിയിലേക്ക് പറന്നത്.

മലപ്പുറം മണ്ഡലം നിലവില്‍ വന്ന ശേഷം ഹംസ രണ്ടാമൂഴത്തിന് ഇറങ്ങിയെങ്കിലും ചുവട് പിഴച്ചു. 1,15,597 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി പി എമ്മില്‍ നിന്ന് ഇ അഹമ്മദ് വിജയം പറിച്ചെടുത്തു. മലപ്പുറത്ത് നിന്ന് 2014ല്‍ രണ്ടാം തവണയും ജനവിധി തേടിയ ഇ അഹമ്മദ്, 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഭയില്‍ എത്തിയത്. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം ലീഗിനൊപ്പം നിന്നു. പക്ഷേ, ഇ അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് നേടാനായില്ല. ഭൂരിപക്ഷം 1,71,023 വോട്ടിലേക്ക് കുറഞ്ഞു. സി പി എം സ്ഥാനാര്‍ഥി പി കെ സൈനബക്ക് 2014ല്‍ ലഭിച്ച വോട്ടിനെക്കാളും 1,01,323 വോട്ടാണ് സി പി എമ്മിന്റെ സ്ഥാനാര്‍ഥി അഡ്വ. എം ബി ഫൈസല്‍ ഉപതിരഞ്ഞെടുപ്പില്‍ അധികമായി സ്വന്തമാക്കിയത്. ഇത് ഇടതു മുന്നണിക്ക് ആവേശം നല്‍കുന്നതാണ്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളെ കൂടാതെ പാലക്കാട് ജില്ലയിലെ തൃത്താല കൂടി ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങള്‍ ഇടതിനൊപ്പവും ശേഷിക്കുന്നത് ലീഗിനൊപ്പമാണ്. മൂന്നാം തവണയാണ് ഇ ടി പൊന്നാനിയില്‍ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണ മറ്റൊരാള്‍ വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയവുമായി രംഗത്തെത്തിയത് മുന്നണിയിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ഇ ടി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉരുക്കുകോട്ടയായ താനൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുര്‍റഹ്മാന്‍ 4,918 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരൂരങ്ങാടി, തിരൂര്‍ എന്നീ മണ്ഡലങ്ങളിലെല്ലാം ലീഡ് കുത്തനെ കുറഞ്ഞതും ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. പിവി അന്‍വറിലൂടെ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. പൊന്നാനി പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ള സി പി എം ഇതിനോടകം തന്നെ ബൂത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ച് താഴെത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 2016ലെ നിയമസഭാ കണക്ക് പ്രകാരം 5,73,616 പുരുഷ വോട്ടര്‍മാരും 6,06,415 സ്ത്രീ വോട്ടര്‍മാരുമുള്ള മണ്ഡലത്തിലെ തീരദേശ മേഖലയായിരിക്കും ആര് വിജയക്കൊടി പാറിക്കണമെന്ന് തീരുമാനിക്കുക.

Latest