Connect with us

Articles

രാഹുലും ദേവെഗൗഡയും കണ്ടിട്ടും

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആരവമുയരാൻ ഇനി അധിക നാൾ ഇല്ലെന്നിരിക്കെ കർണാടകയിൽ സീറ്റ് വിഭജനം സഖ്യകക്ഷികളായ കോൺഗ്രസിനും ജനതാദൾ- എസിനും സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. വർഗീയ- ഫാസിസ്റ്റ് ശക്തികൾ ഭരണത്തിലേറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഉൾപ്പെടുന്ന മതേതര കക്ഷികൾ ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഈ ലക്ഷ്യം പൂവണിയണമെങ്കിൽ സഖ്യം പൂർവാധികം ശക്തിയോടും ഐക്യത്തോടെയും മുന്നോട്ട് പോകേണ്ടതുണ്ട്. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങൾക്കും യോജിപ്പിന്റെ അന്തരീക്ഷംസൃഷ്ടിച്ച് പരിഹരിക്കാൻ വിശാല മതേതര സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിന് പിന്നിൽ അണിനിരക്കുന്ന പ്രാദേശിക പാർട്ടികൾക്കും സാധിക്കണം. അല്ലാത്തപക്ഷം, സഖ്യത്തിന് വിള്ളൽ വീഴുന്ന സാഹചര്യം സംജാതമാകും.

മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നടൻ അംബരീഷിന്റെ ഭാര്യ സുമലത രംഗപ്രവേശം ചെയ്തതോടെയാണ് കാര്യങ്ങൾ വഷളായത്. കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടാൻ പാർട്ടി നേതൃത്വം അനുവാദം നൽകുന്നില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന സുമലതയുടെ ഭീഷണി കോൺഗ്രസിന് ചെറുതൊന്നുമല്ല ഇടിത്തീയായി അനുഭവപ്പെട്ടത്.
നിലവിൽ മാണ്ഡ്യ സീറ്റ് ജെ ഡി എസാണ് കൈവശം വെച്ചുവരുന്നത്. ഇവിടെ ശിവരാമഗൗഡയാണ് പാർട്ടിയുടെ സിറ്റിംഗ് എം പി. ഈ സാഹചര്യത്തിൽ ദളിൽ നിന്നും സീറ്റ് പിടിച്ചുവാങ്ങി സുമലതക്ക് കളമൊരുക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് അസാധ്യമാണ്. മാണ്ഡ്യ സീറ്റ് ഒരുകാരണവശാലും കോൺഗ്രസിന് വിട്ടുകൊടുക്കുകയില്ലെന്ന് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് മാണ്ഡ്യയിൽ തന്റെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ച് കുമാര സ്വാമിയുടെ മകൻ നിഖിൽ ഗൗഡ രംഗത്ത് വന്നത്.

ഇതാകട്ടെ, സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയ സുമലതയെ അമ്പരപ്പിച്ചു. മത്സര രംഗത്ത് നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും മത്സരിക്കാൻ അംബരീഷിന്റെ അനുയായികളുടെ വലിയ സമ്മർദമുണ്ടെന്നും സുമലത ആവർത്തിച്ചു. മാണ്ഡ്യ സീറ്റ് ദളിന് തന്നെ നൽകുന്നതിനോടാണ് കോൺഗ്രസ് നേതൃത്വത്തിന് താത്പര്യം. കാരണം ഈയൊരു സീറ്റിൽ പിടിമുറുക്കിയാൽ സഖ്യത്തിൽ അസ്വാരസ്യങ്ങളും പിന്നീട് വലിയതോതിലുള്ള പ്രത്യാഘാതങ്ങൾക്കും അത് കാരണമായേക്കും. കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ തികച്ചും ജാഗ്രവത്തായ സമീപനമാണ് കർണാടക കോൺഗ്രസ് ഘടകം സ്വീകരിച്ചുവരുന്നത്. സുമലതയിൽ നിന്ന് കടുത്ത ഭീഷണി കോൺഗ്രസ് നേരിടുന്നത് പാർട്ടി നേതാക്കൾ തന്നെ സമ്മതിക്കുന്നു.

മാണ്ഡ്യ ദളിന് നൽകി സുമലതയെ മൈസൂരുവിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തിയെങ്കിലും സുമലത ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. അംബരീഷിന്റെ തട്ടകമായ മാണ്ഡ്യയിൽ തന്നെ മത്സരിച്ച് വിജയിക്കണമെന്ന ആഗ്രഹത്തിലാണ് അവർ. അംബരീഷിന്റെ ഭാര്യയെന്ന പ്രതിച്ഛായയുള്ള സുമലതക്ക് ഈസിവാക്കോവറിലൂടെ ലോക്‌സഭയിൽ എത്താൻ സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മാത്രമല്ല സിനിമാ ലോകത്തിന്റെ പിന്തുണയും അവർക്കുണ്ട്.

സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനം നീളുകയാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജെ ഡി എസ് സഖ്യം ഒറ്റക്കെട്ടായി തന്നെയായിരിക്കും അങ്കത്തനിറങ്ങുക. മറിച്ചൊരു കാര്യം ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ കോൺഗ്രസിന് ചിന്തിക്കാൻ പോലും സാധ്യമല്ല. കർണാടകയിൽ ആകെയുള്ള 28 സീറ്റുകളിൽ പത്ത് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ദൾ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡ. നേരത്തെ 12 സീറ്റായിരുന്നു ജെ ഡി എസ് ആവശ്യപ്പെട്ടത്. ഇപ്പോഴത് പത്തായി. കെ സി വേണുഗോപാലിന്റെയും ഡാനിഷ് അലിയുടെയും നിർദേശങ്ങൾ പ്രകാരമാണ് രാഹുഗാന്ധി സീറ്റ് വീതം വെക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. ദളിന് പത്ത് സീറ്റുകൾ നൽകിയാൽ 18 സീറ്റുകൾ മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. എന്നാൽ ഒരു ദേശീയപാർട്ടിയായ കോൺഗ്രസിന് 18 സീറ്റുകൾ പോരെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുള്ളത്. ആറ് സീറ്റുകൾ ജെ ഡി എസിന് നൽകാനാണ് സാധ്യത തെളിയുന്നത്. ജെ ഡിഎസ് ആവശ്യപ്പെടുന്ന ചില സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറാകാത്തതും കോൺഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങൾ ജെ ഡി എസ് ആവശ്യപ്പെടുന്നതുമാണ് പ്രശ്‌നപരിഹാരം നീളാനിടയാക്കുന്നത്. ശിവമോഗ, ഹാസൻ, മാണ്ഡ്യ, മൈസൂരു, ബെംഗളൂരു നോർത്ത്, ചിക്കബല്ലാപുര, തുമകുരു, ചിത്രദുർഗ, റായ്ചൂർ, ബിദാർ, ബിജാപൂർ, ഉത്തര കന്നഡ എന്നീ സീറ്റുകൾ തങ്ങൾക്ക് വിട്ടുതരണമെന്നാണ് ജെ ഡി എസ് ആവശ്യപ്പെടുന്നത്. ഹാസൻ, മാണ്ഡ്യ, ശിവമോഗ എന്നിവ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ബെംഗളൂരു നോർത്ത്, മൈസൂരു, തുമകുരു, ചിക്കബല്ലാപുര, നോർത്ത് കന്നഡയിലെ രണ്ട് സീറ്റുകൾ എന്നിവ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയും ദേവെഗൗഡയും ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.

സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യ കക്ഷികളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് രമ്യമായ രീതിയിൽ പരിഹാരം കാണുമെന്നും സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറയുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ ഡി എസും കൂടി 20 സീറ്റുകളിൽ ജയിച്ചുകയറുമെന്ന് ഇരുപാർട്ടികളും സ്വന്തം നിലക്ക് നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായ മാർഗങ്ങളിലൂടെ സഖ്യസർക്കാറിനെ താഴെയിറക്കാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കോൺഗ്രസ്- ജെ ഡി എസ് നേതൃത്വം പറയുന്നു. കോടിക്കണക്കിന് രൂപയും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് ഭരണപക്ഷ എം എൽ എമാരെ മറുകണ്ടം ചാടിക്കാൻ ബി ജെ പി നടത്തിയ നീക്കവും പാർട്ടിക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഇവിടെ സഖ്യകക്ഷിക്ക് കൂടുതൽ സീറ്റ് വിട്ടുകൊടുത്താൽ തിരഞ്ഞെടുപ്പിന് ശേഷം തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അതേസമയം, ചില വിട്ടുവീഴ്ചകൾ ചെയ്യാമെന്ന നിലപാടുള്ളവരും കോൺഗ്രസിലുണ്ട്.

വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ചെറിയ കക്ഷികൾ ബി ജെ പിയുടെ കൂടെ പോകുമെന്ന ആശങ്കയാണ് ഇതിന് കാരണമായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സമീപകാലത്ത് ചില കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേർന്നതും ഇവരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എം എൽ എയായ ഡോ. ഉമേഷ് പാർട്ടിയിൽ നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്. കൽബുർഗി ജില്ലയിലെ ചിഞ്ചോളി മണ്ഡലം എം എൽ എയായിരുന്ന അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൽബുർഗി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവും സിറ്റിംഗ് എം പിയുമായ മല്ലികാർജുൻഖാർഗെക്കെതിരെ മത്സരിക്കാനാണ് നീക്കം നടത്തുന്നത്. തെക്കൻ കർണാടകയിലെ ഭൂരിഭാഗം ലോക്‌സഭാ മണ്ഡലങ്ങളിലും ജെ ഡി എസിനാണ് മേധാവിത്വം. കോൺഗ്രസിന് സംസ്ഥാനത്തെ എല്ലായിടത്തും ഒരുപോലെ സ്വാധീനമുണ്ട്. കോൺഗ്രസ്- ദൾ സഖ്യ സർക്കാർ അധികാരത്തിൽ വന്നത് മുതൽ വിവിധങ്ങളായ പ്രശ്‌നങ്ങളാണ് സർക്കാറിനും സഖ്യ കക്ഷികൾക്കും ഒന്നിന് പിറകെ ഒന്നായി നേരിടേണ്ടി വരുന്നത്.

ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വീതം വെക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് സഖ്യത്തെ പിടിച്ചുലക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെയും ജനതാദൾ- എസിന്റെയും ദേശീയ നേതൃത്വം ചർച്ചകൾ നടത്തിയിട്ടും അന്തിമ തീരുമാനം ഉണ്ടാക്കാൻ സാധിക്കാതെ പിരിയേണ്ടി വന്നത് സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമാണെന്നാണ് വ്യക്തമാക്കുന്നത്.

രമേശൻ പിലിക്കോട്