Articles
മുസ്‌ലിം നവോത്ഥാനത്തിന്റെ വയറ്റിൽ ഗണപതി കയറുമ്പോൾ


ഫിറോസ് അലി
പഴയ മടവൂർ വിഭാഗം മുജാഹിദ് നേതാവായ എം ഐ മുഹമ്മദലി സുല്ലമി ഒരു കഥ പറയുന്നുണ്ട്. സഊദിക്കാരിയായ യുവതിയിൽ അധിനിവേശിച്ചിരുന്ന ബുദ്ധമതക്കാരനും ഇന്ത്യൻ വംശജനുമായ ജിന്ന് ഇബ്‌നു ബാസിന്റെ അടുത്ത് വന്ന് മുസ്‌ലിമായ കഥ. “ഇന്ത്യൻ ജിന്ന് ഇസ്‌ലാമിലേക്ക്” എന്നാണ് കഥയുടെ തലവാചകം. ജിന്നു ബാധക്ക് ചികിത്സ നടത്തുകയും ജിന്നുകളുമായി സംഭാഷണം നടത്തുകയും ചെയ്യുന്ന റിയാദിലെ അബ്ദുല്ലാഹിബ്‌ന് മുശ്‌റിഫ് അൽ അംരിയുടെ അടുത്ത് ജിന്നുബാധയുള്ള യുവതിയെ ഹാജരാക്കിയത്രേ. ജിന്നുമായി സംസാരിച്ച ശേഷം അംരി ജിന്നുബാധയുള്ള സ്ത്രീയോടൊപ്പം ഇബ്‌നു ബാസിന്റെ സന്നിധിയിലെത്തി. അവിടെ വെച്ച് ജിന്ന് മുസ്‌ലിമാകുകയും ഇബ്‌നു ബാസിന്റെ നിർദേശാനുസരണം സ്ത്രീയെ വിട്ടുപോകുകയും ചെയ്തു. സ്ത്രീയുടെ ശരീരത്തിൽ പ്രവേശിക്കാനുണ്ടായ കാരണം ഇബ്‌നു ബാസ് ആരാഞ്ഞു. അതിന് ജിന്ന് മറുപടി പറഞ്ഞത് സ്ത്രീയുടെ നാവിലൂടെയായിരുന്നു. പക്ഷേ, സ്വരം പുരുഷന്റേതായിരുന്നു എന്നും സുല്ലമിയുടെ പുസ്തകത്തിൽ വിവരിക്കുന്നു. മുജാഹിദുകളുടെ ആദ്യ പിളർപ്പിന്റെ ഘട്ടത്തിൽ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്തിരുന്ന ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന പുസ്തകത്തിലാണിക്കഥയുള്ളത്.
ജിന്നുമായി ബന്ധപ്പെട്ട രസകരമായ വേറെ ചില സംഗതികളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. “”ജിന്ന് മനുഷ്യസ്ത്രീകളെ പ്രേമിക്കുകയും അത് മൂലം അവരുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യാനിടയുണ്ട് എന്ന് വാദിക്കുന്ന ഗൾഫ് സലഫികൾ, മനുഷ്യരും ജിന്നുകളും തമ്മിൽ ലൈംഗിക വേഴ്ചയുണ്ടാവാമെന്നും പറയുന്നു.! ഒരു ചോദ്യവും അതിനുള്ള ഉത്തരവും നോക്കുക: “”ഒരു ജിന്നിന് മനുഷ്യ സ്ത്രീയെ കീഴ്‌പ്പെടുത്തി അവളുമായി ബന്ധപ്പെടാൻ കഴിയുമോ? ഒരു പുരുഷന് പെൺ ജിന്നുമായി സമ്പർക്കത്തിലേർപ്പെടാൻ കഴിയുമോ?
ഉ: അപ്രകാരം സാധിക്കുമെന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. ഒരു ജിന്നിന് മനുഷ്യസ്ത്രീയുമായി ബന്ധപ്പെടാൻ കഴിയും. അതവൾക്ക് ഗ്രഹിക്കാൻ സാധിക്കുകയും ചെയ്യും. അപ്രകാരം മനുഷ്യന് പെൺ ജിന്നുമായി ബന്ധപ്പെടാം. അതിന്റെ അനുഭൂതി അയാൾക്ക് ഉണ്ടാകുകയും ചെയ്യും.”” – (ശൈഖ് മുഹമ്മദ് ബിൻ അൽ ഉഥൈമിൻ- മുഖാമുഖം 5, പേജ് 49)
കേരളത്തിലെ എല്ലാ വിഭാഗം മുജാഹിദുകളുടെയും ആചാര്യനും പ്രമുഖ സലഫീ പണ്ഡിതനും സഊദി ഗ്രാന്റ് മുഫ്തിയുമായിരുന്നു 1999 മെയ് 13ന് നിര്യാതനായ ഇബ്‌നുബാസ്. ശൈഖ് മുഹമ്മദ് ബിൻ അൽ ഉഥൈമിനും അറിയപ്പെട്ട സലഫീ പണ്ഡിതനാണ്. ഇവരെയൊക്കെ ആത്മീയ ആചാര്യന്മാരായി കൊണ്ടുനടക്കുമ്പോൾ തന്നെ ഇത്തരമൊരു പ്രതിച്ഛായയല്ല കേരളത്തിൽ മുജാഹിദുകൾ ഇഷ്ടപ്പെടുന്നത്. വിദേശത്തെ ഈ സലഫീ പണ്ഡിതന്മാർക്കും കേരളത്തിലെ ലിബറൽ സമൂഹത്തിനുമിടയിൽ അസാമാന്യമായ അഭിനയ ശേഷിയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കവും പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ സലഫീ/മുജാഹിദ് വിഭാഗങ്ങളെല്ലാം. “സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും” എന്ന നിലയിൽ കാലങ്ങളായി നടന്നുവന്നിരുന്ന ഈ ട്രിപ്പീസ് കളിക്ക് ഇടക്കാലത്ത് ചില താളഭംഗങ്ങൾ സംഭവിച്ചു തുടങ്ങി. ഈ വൈരുധ്യങ്ങളുടെ തുടർച്ചയായിരുന്നു ദിനേനയെന്നോണം സ്വയം വിഭജിച്ചുകൊണ്ടിരിക്കുന്ന സലഫീ ഗ്രൂപ്പുകൾ. സ്വകാര്യമായി ഒന്ന് ചെയ്യുകയും നേരെ വിരുദ്ധമായ മറ്റൊന്ന് പുറത്ത് പറയുകയും ചെയ്യുന്ന സലഫികളുടെ വിചിത്രഭാവത്തെ ഒന്നുകൂടി പ്രതീകവത്കരിക്കുന്നുണ്ട് മലപ്പുറം ചെരണിയിലെ മുജാഹിദ് ജിന്ന് ചികിത്സാ കേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ട യുവാവ് ദാരുണമായി മരിച്ച സംഭവം.
ആ ചെറുപ്പക്കാരനോട് ജിന്ന് ചികിത്സക്കാർ പറഞ്ഞത് വയറ്റിൽ ഗണപതി കയറിയിരിക്കുകയാണെന്നായിരുന്നുവത്രേ. കരൾ രോഗബാധിതനായി പിടഞ്ഞുകൊണ്ടിരുന്ന ആ യുവാവിനെ മരുന്ന് പോലും കഴിക്കാൻ അവർ സമ്മതിച്ചില്ല. മരുന്ന് ആവശ്യപ്പെട്ട അദ്ദേഹത്തോട് “കാഫിർ രാജ്യത്തെ മരുന്നുകൾ കഴിക്കാൻ പാടില്ലെ”ന്ന് ഉപദേശിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. തങ്ങളുടെ ചികിത്സക്ക് നൂറ് ഒട്ടകമാണ് പ്രതിഫലം ലഭിക്കേണ്ടതെന്നും പക്ഷേ, ദിവസം പതിനായിരം രൂപ മതിയെന്നും ആ ഗുണകാംക്ഷികൾ ആ പാവത്താനെ അറിയിച്ചു. ഫിറോസ് അലി എന്നല്ല, ശൈയ്ത്വാൻ എന്നായിരുന്നുവത്രേ മരണത്തെ മുഖാമുഖം കണ്ടുനിൽക്കുന്ന ആ മനുഷ്യനെ അവർ വിളിച്ചിരുന്നത്.
കേരളത്തിലെ പുരോഗമന മുസ്‌ലിംകളിലെ ഒരു ഗ്യാംഗാണ് ഈ ചികിത്സാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരെന്നത് എന്നത് ഇപ്പോഴേതായാലും വലിയ അമ്പരപ്പ് ഉളവാക്കുന്ന ഒന്നല്ല. കാരണം, മരുന്നിട്ടുകൊടുക്കലിനും ആടുമേയ്ക്കലിനും ഐ എസ് ബന്ധത്തിനും പീസ് സ്‌കൂളിനും പിറകെ നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ അത്തരമൊരു അന്താളിപ്പിന് ഇടമില്ലല്ലോ. ഏതായാലും, മുജാഹിദുകളുടെ ജിന്ന് ചികിത്സയേറ്റ് മരിച്ച ആ യുവാവിന്റെ ശബ്ദസന്ദേശം കേരള മുസ്‌ലിം നവോത്ഥാനത്തിലെ ഒളിച്ചുകളികളെയും മറച്ചുവെക്കലുകളെയും ഒന്നുകൂടി അനാവരണം ചെയ്യുന്നുണ്ട്. സംഗതി പുറത്തറിഞ്ഞത് പുരോഗമന വാദികളെയും അവരിൽ പ്രത്യാശയർപ്പിച്ചിരിക്കുന്ന പുറത്തുള്ളവരെയും ചെറുതായൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ഇടക്കാലത്ത് സംഭവിച്ച പ്രതിച്ഛായാ നഷ്ടം നികത്താൻ എന്തുചെയ്യുമെന്നറിയാതെ കഴിയുമ്പോഴാണ് ജിന്നിന്റെ പുതിയ ആക്രമണം. സ്വന്തം നിലപാടുകൾ പരസ്യമായി പറയാൻ ആത്മവിശ്വാസമില്ലാതെ, പുരോഗമനം, മതപരിഷ്‌കരണം, അന്ധവിശ്വാസ നിർമാർജനം, അനാചാരങ്ങൾക്കെതിരായ പോരാട്ടം, വിദ്യാഭ്യാസ വിപ്ലവം തുടങ്ങിയ പദാവലികൾ തലങ്ങും വിലങ്ങും ഉപയോഗിച്ച് പ്രതിച്ഛായ പരിരക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണല്ലോ ഓരോ കൂടോത്രങ്ങൾ വരുന്നത്.
കേരളത്തിലിക്കാലമത്രയും “അന്ധവിശ്വാസ”ങ്ങൾക്കും “അനാചാര”ങ്ങൾക്കും എതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ ഒരു പ്രസ്ഥാനത്തിന്റെ അനുയായി ലിവർ സിറോസിസ് ബാധിതനായപ്പോൾ എങ്ങനെയാണ് ഇത്തരമൊരു കേന്ദ്രത്തിൽ എത്തിപ്പെടുന്നത്? മുസ്‌ലിം സമൂഹത്തെ എഴുത്തിന്റെയും വായനയുടെയും വെളിച്ചത്തിലേക്ക് വഴി നടത്തിയെന്ന് അവകാശപ്പെടുന്നവർ ഇതുപോലെ ഇരുട്ടുമുറികളും നിഗൂഢകേന്ദ്രങ്ങളും സംവിധാനിക്കാൻ തുനിയുന്നതെന്തുകൊണ്ടായിരിക്കാം? ജിന്ന് ബാധ ഹിസ്റ്റീരിയയാണെന്ന് പ്രചരിപ്പിച്ചിരുന്ന പുരോഗമന പ്രസ്ഥാനം പള്ളികളോടനുബന്ധിച്ച് ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നിടത്തെത്തിയതിന്റെ സാമൂഹിക സാഹചര്യം എന്താണ്? ജിന്നുബാധയും പിശാച് ബാധയുമുണ്ടാകുമെന്ന ചില ദജ്ജാലുകളുടെ വാദം വ്യാജമാണെന്നും അത് മനുഷ്യപ്പിശാചുക്കളുടെ കുതന്ത്രം മാത്രമാണെന്നുമൊക്കെ പഠിപ്പിച്ച അത്തിക്കാട്ടെയും വട്ടക്കിണറിലെയും സലഫീ സ്ഥാപനങ്ങൾ എങ്ങനെയാണ് ജിന്ന് ചികിത്സാ പ്രചാരണ കേന്ദ്രമായത്? ഐക്യസംഘത്തിന്റെയും കേരള മുസ്‌ലിം നവോത്ഥാനത്തിന്റെയും പൈതൃകമവകാശപ്പെടുന്ന പ്രസ്ഥാനത്തിൽ എങ്ങനെയാണ് ജിന്ന് ഒരു പ്രധാന ചർച്ചയാകുന്നത്? ജിന്നും പിശാചും ഇല്ലെന്നും അതൊക്കെ ബാക്ടീരിയകളാണെന്നും പ്രബോധനം നടത്തിയിരുന്ന മുജാഹിദുകൾക്ക് എങ്ങനെയാണ് കൂടോത്രവും ജിന്നുബാധയും ഒഴിയാ ബാധയായി മാറിയത്?
“പുറത്ത് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി” എന്ന് പറഞ്ഞ പോലെയാണോ ഇവരുടെ എല്ലാ കാര്യങ്ങളും? തീവ്രവാദത്തിനെതിരെ ഇത്രയധികം ക്യാമ്പയിനുകളും പ്രസ്താവനകളും നടത്തിയ ഒരു പ്രസ്ഥാനം കേരളത്തിലെ സലഫികളെപ്പോലെ മറ്റാരെങ്കിലുമുണ്ടാകുമോ എന്ന് സംശയമാണ്. എന്നിട്ടോ, ഇവരിൽ നിന്നാണ് ഐ എസിലേക്ക് യുവാക്കൾ പോയതും കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ നോക്കുന്നതും. തീവ്രവാദ സംഘങ്ങളിൽ ചേരാൻ പലായനം ചെയ്തതായി അന്വേഷണ ഏജൻസികൾ പറയുന്ന മലയാളി യുവാക്കൾ എല്ലാവരും സലഫി പശ്ചാത്തലത്തിലുള്ളവരായിരുന്നു എന്ന് വ്യക്തമാക്കുന്നത് ഔദ്യോഗിക സംവിധാനങ്ങൾ തന്നെയാണ്. ഒടുവിൽ, വിവിധ സലഫീ ഗ്രൂപ്പുകളാണ് തീവ്രവാദത്തിലേക്കുള്ള ചവിട്ടുപടിയെന്ന് അനുഭവസ്ഥരുടെ സ്ഥിരീകരണവും പുറത്തുവന്നു. അപ്പോൾ അത്രയൊക്കെയേ ഉള്ളൂ ഇവർ നടത്തുന്ന “അന്ധവിശ്വാസ വിരുദ്ധ” ക്യാമ്പയിനുകളും എന്ന് തന്നെയാണോ മനസ്സിലാക്കേണ്ടത്?
അമുസ്‌ലിംകളോട് ചിരിക്കരുത്, അവരുടെ കലണ്ടറുകൾ ഉപയോഗിക്കരുത്, അവരെ സെക്രട്ടറിമാരാക്കരുത് തുടങ്ങിയ സലഫീ വാദങ്ങളുടെ തുടർച്ച തന്നെയാകണം കാഫിറുകളുടെ നാട്ടിലെ മരുന്ന് കഴിക്കരുത് എന്ന സലഫീ ചികിത്സകരുടെ വിധിയും. അല്ലെങ്കിലും മരുന്ന് കഴിക്കുന്നതിനോടും പ്രതിരോധ കുത്തിവെപ്പുകളോടുമൊക്കെ ഒരു വിരക്തി, ഇവർക്കിടയിലുണ്ട്. അത് മൂലം സലഫീ തൗഹീദിന് വല്ല ഗ്ലാനിയും സംഭവിക്കുമോ എന്ന പേടി. താലിബാൻ സലഫികൾ ആരോഗ്യ പ്രവർത്തകരെ കൈകാര്യം ചെയ്യുന്നതും ചെരണയിലെ മുജാഹിദ് സലഫികൾ രോഗികളെ പരിചരിക്കുന്നതും തമ്മിലുള്ള അഗാധമായ പാരസ്പര്യം ആലോചിക്കുക.
ഗൾഫ് സലഫിസം കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ശേഷമാണ്, സലഫീ മൻഹജ് വന്നതിൽ പിന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തിന് ജിന്ന് ബാധയേറ്റതെന്നൊക്കെ പറഞ്ഞാണ് കുറച്ചു മുമ്പും ചിലർ മുഖം രക്ഷിക്കാൻ ശ്രമിച്ചിരുന്നത്. സലഫിസത്തിന്റെ ഈജിപ്ഷ്യൻ വേർഷൻ ഇതിനെതിരാണെന്നും ആ ധാരയാണ് കേരളത്തിലെ ആദ്യകാല നേതാക്കൾ പിന്തുടർന്നതെന്നുമൊക്കെ ആശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് വക്കം മൗലവിയുടെ ആത്മീയ ചികിത്സാ മുറകൾ പുറത്ത് വരുന്നത്. “”കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോൾ സ്വദേശികളും അയൽദേശവാസികളും ആയി നാനാജാതി മതസ്ഥർ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നിൽപ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവർ. അവർക്കെല്ലാം ഗ്ലാസിൽ ശുദ്ധജലം “ഓതിക്കൊടുക്കുക” അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്.””- മൗലവിയുടെ പ്രഥമ ജീവചരിത്രകാരനും സഹപ്രവർത്തകനുമായ ഹാജി എം. മുഹമ്മദ് കണ്ണ് എഴുതിയ “വക്കം മൗലവിയും നവോത്ഥാന നായകൻമാരും” എന്ന പുസ്തകത്തിൽ “വക്കം മൗലവിയുടെ ഒരു ദിവസം” വിവരിക്കുന്നത് ഇങ്ങനെയാണ്. വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെക്കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുന്നു” എന്ന് എഴുതിയിട്ടുണ്ട് സലഫീ നേതാവ് കൂടിയായ മുൻ സ്പീക്കർ കെ എം സീതി സാഹിബ്. അതിൽ പിന്നെയാണ് ഉമർ സുല്ലമിയുടെ ഗ്യാംഗ് പറയുന്നത് വക്കം മൗലവിക്കും തെറ്റ് പറ്റാം എന്ന്.
അതിനിടയിലാണ് സീതി സാഹിബിന്റെ വരികൾ “എഡിറ്റ് ചെയ്ത്” വക്കം മൗലവിയെ പുരോഗമനവാദിയാക്കാനാകുമോ എന്ന് യുവനേതാവ് നോക്കുന്നത്. അങ്ങനെ വക്കം മൗലവിയുടെ ലേഖനത്തിൽ നിന്ന് “വെള്ളം ജപിപ്പിച്ച് കൊണ്ടുപോവുക” എന്ന ഭാഗം ആ പുരോഗമനേച്ഛു വിട്ടുകളഞ്ഞു. ഇത്തരം കൈക്രിയകൾ കൊണ്ടോ കെ എൻ പണിക്കർക്കും സാറാ ജോസഫിനും അവർഡ് കൊടുത്തതുകൊണ്ടോ ഒളിച്ചുവെക്കാൻ കഴിയുന്നതാണോ സലഫിസിത്തിന് ഇന്ന് വന്നുപെട്ടിരിക്കുന്ന എടങ്ങേറുകൾ. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ശിൽപികളിൽ നാരായണഗുരുവിന്റെ സമശീർഷനാണ് വക്കം അബ്ദുൽ ഖാദർ മൗലവി എന്നൊക്കെയാണല്ലോ വീരാരാധകരുടെ വീമ്പ്. വക്കം ഫൗണ്ടേഷനും അതിന്റെ പുരോഗമനേച്ഛുക്കളായ ഭാരവാഹികളും വാഴ്ത്തപ്പെടട്ടെ. വക്കം മൗലവിയുടെ ഗതിയിതാണെങ്കിൽ കേരളത്തിലെ ഏത് മുജാഹിദ് വിഭാഗത്തിനാണ് ഈ ജിന്ന് ബാധയിൽ നിന്ന് രക്ഷപ്പെടാനാകുക? വക്കം മൗലവിയുടെയും കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെയും പൈതൃകം അവകാശപ്പെടാത്തവരാരുണ്ട് ഈ സലഫീ ഗുരുക്കളിൽ?
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് കേരളത്തിലെ മുജാഹിദ് വിഭാഗങ്ങൾ കാര്യങ്ങളെ കുറച്ചുകൂടി സത്യസന്ധമായി സമീപിക്കുന്നത് നന്നാകും. നവോത്ഥാനം, പുരോഗമനം, പരിഷ്‌കരണം, വക്കം ഫൗണ്ടേഷൻ എന്നൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കാൻ കഴിയുന്ന കാലം അവസാനിച്ചിരിക്കുകയാണല്ലോ. ടി പി അബ്ദുല്ലക്കോയ മദനി, ഹുസൈൻ മടവൂർ, ഉമർ സുല്ലമി, സകരിയ്യ സലാഹി, എം എം അക്ബർ, ശംസുദ്ദീൻ പാലത്ത് തുടങ്ങിയ ഗോത്ര മുഖ്യന്മാരെല്ലാം ചേർന്ന് കാര്യങ്ങളിൽ വ്യക്തത വരുത്തണം. പുറത്ത് പറയുന്നതാണോ അകത്ത് ചെയ്യുന്നതാണോ നിലപാട് എന്നതിന് ഒരു നിശ്ചയം ഉണ്ടാകട്ടെ. അത് ഞങ്ങളല്ല, മറ്റേ ഗ്രൂപ്പാണ് എന്ന കുതറിമാറലിന് വലിയ വിശ്വാസ്യതയൊന്നും ഇനി ലഭിക്കാൻ പോകുന്നില്ല.
ഈ മുജാഹിദ്/സലഫീ ഗോത്രങ്ങൾക്ക് കേരളീയ നവോത്ഥാനത്തിൽ അവകാശം വേണമെന്ന് വാദിച്ച് നിയമസഭയിൽ വിവാദ പരാമർശങ്ങൾ നടത്തിയ എം കെ മുനീർ എന്ന ഡോക്ടർ ഈ ചികിത്സകരുടെ കഥ വല്ലതും അറിഞ്ഞോ എന്തോ?
പി കെ എം അബ്ദുർറഹ്മാൻ