സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഇടതു മുന്നണി; പ്രഖ്യാപനം ശനിയാഴ്ച

Posted on: March 8, 2019 7:25 pm | Last updated: March 8, 2019 at 9:55 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഇടതു മുന്നണി. 16 സീറ്റുകളില്‍ സി പി എമ്മും നാലെണ്ണത്തില്‍ സി പി ഐയുമാണ് മത്സരിക്കുക. സ്ഥാനാര്‍ഥി പട്ടികക്ക് ഇടതു മുന്നണി യോഗം അംഗീകാരം നല്‍കിയതായി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏകണ്ഠമായാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പ്രഖ്യാപനം ശനിയാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ മാര്‍ച്ച് പത്തു മുതല്‍ 13 വരെ നടത്തും.
തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയ സാധ്യത വര്‍ധിച്ചിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍, ഇടതു മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം വോട്ടു മറിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.