‘ബുദ്ധമയൂരി’ ഇനി സംസ്ഥാന ശലഭം-വീഡിയോ

Posted on: March 8, 2019 3:22 pm | Last updated: March 8, 2019 at 5:09 pm
ബുദ്ധമയൂരി

തിരുവനന്തപുരം: ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഇതോടെ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ സ്വന്തമായി ശലഭമുള്ള സംസ്ഥാനമായി കേരളം മാറി. കൃഷ്ണശലഭം മഹാരാഷ്ട്രയുടെയും ഗരുഡശലഭം കര്‍ണാടകയുടെയും സംസ്ഥാന പൂമ്പാറ്റയാണ്.

കറുത്ത നിറത്തില്‍ തിളങ്ങുന്ന നീല കലര്‍ന്ന പച്ചയും ഉള്ളിലായി കടുംപച്ച നിറവുമാണ് ബുദ്ധമയൂരിയുടെ ചിറകുകള്‍ക്കുള്ളത്. മലബാര്‍ ജില്ലകളിലാണ് ബുദ്ധമയൂരിയെ കൂടുതലായും കണ്ടു വരുന്നത്.

90 മില്ലീ മീറ്റര്‍ മുതല്‍ 110 മില്ലീ മീറ്റര്‍വരെയാണ് ബുദ്ധമയൂരിയുടെ ചിറകുകളുടെ വീതി. പശ്ചിമഘട്ട പ്രദേശങ്ങളില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി മുതല്‍ കാണപ്പെടുന്ന ഈ ശലഭം ജൂലൈ മാസം മുതല്‍ ഡിസംബര്‍വരെ പറന്ന് പറന്ന് എറണാകുളം ജില്ല വരെ എത്തിച്ചേരാറുണ്ട്. വളരെ വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ബുദ്ധമയൂരി വടക്കന്‍ കേരളത്തിലെ ചെങ്കല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മുള്ളിലം മരത്തിന്റെ ഉയര്‍ന്ന ശാഖകളിലാണ് കൂടുകൂട്ടുന്നത്. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന ശലഭപ്പുഴുക്കള്‍ മുള്ളിലത്തിന്റെ ഇലകള്‍ മാത്രം ഭക്ഷിച്ചാണ് പ്യൂപ്പയാകുന്നത്. തെച്ചിപ്പൂക്കളിലും വെള്ളിലച്ചെടിയിലുമാണ് സാധാരണയായി ഇവ തേന്‍ കുടിക്കാനെത്താറുള്ളത്.

പുള്ളിവാലന്‍, വനദേവത, മലബാര്‍ റോസ് എന്നീ പൂമ്പാറ്റകളായിരുന്നു ബുദ്ധമയൂരിയെ കൂടാതെ കേരളത്തിന്റെ സംസ്ഥാന ശലഭമാകുന്നതിനായി മത്സരിച്ചത്. എന്നാല്‍ തിളങ്ങുന്ന മയിലഴകുള്ള ബുദ്ധമയൂരിക്ക് കൂടുതല്‍ സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന കാരണത്താല്‍ വനം വകുപ്പ് ബുദ്ധമയൂരിയെ കനിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 12നാണ് വന്യജീവി ബോര്‍ഡ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമാക്കാന്‍ ശുപാര്‍ശ ചെയ്തത്.

വീഡിയോ കാണാം: