Connect with us

Malappuram

സഹകരണ ബേങ്ക് ലയനം: ജനറല്‍ ബോഡിയില്‍ എല്‍ ഡി എഫിന് തിരിച്ചടി

Published

|

Last Updated

മലപ്പുറം: സംസ്ഥാന സഹകരണ ബേങ്ക് ലയനത്തിനുള്ള പ്രമേയത്തിന് ജില്ലാ ബേങ്ക് ജനറല്‍ ബോഡിയില്‍ തിരിച്ചടി. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്ന ജില്ലാ ബേങ്ക് ജനറല്‍ ബോഡിയില്‍ 32 എതിരെ 97 വോട്ടുകള്‍ക്കാണ് കേരള ബേങ്ക് രൂപവത്കരണത്തിന് എതിരെ യു ഡി എഫ് സഹകാരികള്‍ വോട്ട് ചെയ്തത്.

ഇടത് സഹകാരികള്‍ പ്രമേയത്തില്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അമിത് മീണയുടെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടന്നത്. സര്‍ക്കാര്‍ പ്രമേയത്തിന് എതിരെ യോഗത്തില്‍ വോട്ട് ചെയ്യുമെന്ന് നേരത്തെ ജില്ലയിലെ യു ഡി എഫ് സഹകാരികള്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുമായി ലാഭത്തിലോടുന്ന ബേങ്കുകളെ ലയിപ്പിക്കുന്നതോടെ ഒരുപാട് സാമ്പത്തിക പ്രതിസന്ധിക്കും നിലവിലുള്ള നടത്തിപ്പിനും ഏറെ പ്രയാസം നേരിടുമെന്ന് യു ഡി എഫ് സഹകാരികള്‍ വ്യക്തമാക്കി.
നിലവില്‍ അതാത് പ്രാദേശിക തലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംവിധാനങ്ങള്‍ ലയനത്തിലൂടെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുമെന്ന് മലപ്പുറം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് നൗശാദ് മണ്ണിശ്ശേരി പറഞ്ഞു. എല്‍ ഡി എഫ് ഭരിക്കുന്ന 31 സഹകരണ ബേങ്ക് അംഗങ്ങളും പുറത്ത് നിന്നുള്ള ഒരംഗവും പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രമേയത്തില്‍ കിട്ടിയ അധിക വോട്ട് സര്‍ക്കാരിന്റെ തീരുമാനം ഗുണകരമാണെന്ന് കാണിക്കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കോഡൂര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായ വി പി അനില്‍ പറഞ്ഞു. സഹകരണ ബേങ്കുകള്‍ ലയിക്കുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ സുഗമമാകുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ സര്‍ക്കാറന് നേരിട്ട് ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 123 പ്രാഥമിക ബേങ്കുകള്‍ക്കും ആറ് അര്‍ബണ്‍ ബേങ്കുകള്‍ക്കും സഹകരണ ബേങ്കുകള്‍ക്കും ജില്ലാ ബേങ്കില്‍ അംഗത്വമുണ്ട്. ജില്ലാ ബേങ്കിന് 54 ശാഖകളുണ്ട്.
മലപ്പുറം ജില്ലാ ബേങ്കിന്റെ മൂലധനത്തിന്റെ 60 ശതമാനവും പ്രാഥമിക ബേങ്കുകളുടെ ഓഹരിയും നിഷേപവുമാണ്. കഴിഞ്ഞ 17ന് ചേരാനിരുന്ന ജനറല്‍ ബോഡി യോഗം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇന്നലെ വരെ നീണ്ടത്. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ യോഗത്തിലെ തീരുമാനം ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കും.

Latest