പുല്‍വാമ: മോദിയും ഇമ്രാനും തമ്മിലുള്ള ഒത്തുകളിയെന്ന് കോണ്‍ഗ്രസ് എം പി; ആരോപണം ലജ്ജാകരമെന്ന് ബി ജെ പി

Posted on: March 7, 2019 10:39 pm | Last updated: March 8, 2019 at 10:48 am

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണം നരേന്ദ്ര മോദിയും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം പി. ബി കെ ഹരിപ്രസാദ്. സര്‍ക്കാറിന്റെ അറിവോടു കൂടിയല്ലാതെ ഇത്തരമൊരു ആക്രമണം സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു ശേഷമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒത്തുകളി വ്യക്തമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് ഹരിപ്രസാദ് ഈ ആരോപണം നടത്തിയത്.

അതേസമയം, രാജ്യം 40 സൈനികരെ നഷ്ടപ്പെട്ടതിന്റെ കടുത്ത വേദനയില്‍ കഴിയവെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസെന്ന പ്രത്യാരോപണവുമായി രവിശങ്കര്‍ രംഗത്തെത്തി. ലജ്ജാകരവും നിന്ദ്യവും വേദനാജനകവുമാണ് ഹരിപ്രസാദിന്റെ പ്രസ്താവനയെന്ന് രവിശങ്കര്‍ അപലപിച്ചു. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ് അദ്ദേഹം. ഭീകരരുടെ താവളമായ പാക്കിസ്ഥാനുമായി ഇന്ത്യയെ സാമ്യപ്പെടുത്തുകയാണോ ഹരിപ്രസാദെന്നും അദ്ദേഹം ചോദിച്ചു.