“പൊന്നാനിക്കാര്യം’: മലപ്പുറത്ത് നാളെ കോണ്‍ഗ്രസ് യോഗം

Posted on: March 7, 2019 1:43 pm | Last updated: March 7, 2019 at 1:43 pm

മലപ്പുറം: പൊന്നാനിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അതൃപ്തി പരിഹരിക്കാന്‍ നാളെ മലപ്പുറത്ത് ഡി സി സിയില്‍ കോണ്‍ഗ്രസ് നേതൃ യോഗം ചേരും.

പൊന്നാനിയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബശീര്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ലീഗും കോണ്‍ഗ്രസും ഇടപെട്ട് പ്രമേയം പിന്‍വലിച്ചിരുന്നു. ഈ പടലപ്പിണക്കങ്ങളെല്ലാം പരിഹരിക്കാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മലക്കം മറിഞ്ഞിരുന്നു. ഇത് മുന്നണിക്കുള്ളിലെ പുകച്ചിലുകളാണ് പുറത്ത് വന്നിരുന്നത്. കഴിഞ്ഞ തവണ ഇ ടിക്ക് 25,410 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിക്കാന്‍ കഴിഞ്ഞത്. 2009ല്‍ ഉണ്ടായിരുന്ന 82,684 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 57,274 വോട്ടിന്റെ ഇടിവാണ് കഴിഞ്ഞ തവണ ഇ ടിക്കുണ്ടായിട്ടുള്ളത്.

ശക്തമായ വോട്ട് ചോര്‍ച്ചയുണ്ടായ 2014ലെ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി, കോട്ടക്കല്‍ മണ്ഡലങ്ങളാണ് യു ഡി എഫിനെ കര കയറ്റിയത്. ഈ പുകച്ചിലുകളെല്ലാം തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ഡി സി സി മുന്‍കൈയെടുക്കുന്നത്.