Connect with us

Articles

പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും

Published

|

Last Updated

യാത്രക്കാരെയും വഹിച്ച് നിർവികാരതയോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കൊണ്ടിരുന്ന ഷട്ടിൽ ബസ് ഡ്രൈവർമാർക്കിടയിൽ വ്യത്യസ്തനായ കർട്ടിസ് പെരിൻ എന്നയാളുടെ കഥയുണ്ട്. ബസിൽ കയറുന്ന ഓരോ യാത്രക്കാരെയും അദ്ദേഹം പ്രത്യേകം സംബോധന ചെയ്യും. പതിഞ്ഞ ശബ്ദത്തിൽ സുഖവിശേഷങ്ങളന്വേഷിക്കും. പരിചയമുള്ളവരെ പേര് ചൊല്ലി വിളിക്കും. വൃദ്ധരായ സ്ത്രീകളെ ഹലോ യുവതീ എന്നു കൊഞ്ചും. അദ്ദേഹത്തിന്റെ വിടർന്ന ചിരിയും ശ്രദ്ധേയമായ ശബ്ദവും യാത്രക്കാർ എപ്പോഴും ഓർത്തു. പാർകിംഗിൽ നിർത്തിയിട്ട കാറുകൾക്ക് സമീപം അദ്ദേഹം അതതു യാത്രക്കാരെ ഇറക്കിക്കൊടുത്തു. ഇറങ്ങിപ്പോകുന്ന യാത്രക്കാർക്ക് അദ്ദേഹം ഗുഡ് ഈവനിംഗ്, ഹാപ്പി ഫ്രൈഡേ, ഹാവ് എ ഗ്രേറ്റ് വീക്കൻഡ് തുടങ്ങിയ ആശംസകൾ അറിയിച്ചു. അവധിക്കു പോകുന്നവരും പിറന്നാൾ ആഘോഷിക്കുന്നവരുമായ പല യാത്രക്കാരും കർട്ടിൻ പെരിന് സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി. യാത്രക്കാർ അദ്ദേഹത്തിന്റെ ബസിന് വേണ്ടി കാത്തു നിന്നു.

ഒന്നാമതായി ഒരു മികച്ച പ്രൊഫഷനലാവുകയായിരുന്നു കർട്ടിൻ പെരിൻ. രണ്ടാമതാണ് അദ്ദേഹം ബസ് ഡ്രൈവറായത് എന്ന് കഥ പറയുന്ന സുബ്രോതോ ബാച്ചി നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രൊഫഷനലിസം യാത്രക്കാരിൽ ഓരോരുത്തരെയും വ്യക്തിഗത ഉപഭോക്താക്കളായി കാണാനും സേവനം നൽകാനും പ്രേരിപ്പിക്കുന്നു. മുഖമറിയാത്തവരോ അപരിചിതരോ ആയ പൊതുയാത്രക്കാരായല്ല അദ്ദേഹം അവരെ പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾ അദ്ദേഹത്തെ തിരിച്ചും പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു. അദ്ദേഹം സ്വന്തം ജോലിയെ മനോഹരമാക്കുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും അത് ജനങ്ങൾക്ക് കൂടുതൽ ആനന്ദകരമാകുന്ന രീതിയിൽ നിർവഹിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ കർട്ടിൻ പെരിൻ ഒരു പ്രൊഫഷനൽ ആണ് എന്ന് കഥാകാരൻ പറഞ്ഞു വെക്കുന്നു. എന്താണ് പ്രൊഫഷനലിസം, ആരാണ് പ്രൊഫഷനൽ എന്ന ചോദ്യങ്ങൾക്കുള്ള ലളിതമായ വിശദീകരണം കൂടിയാണ് “ദി പ്രൊഫഷനൽ: ഡിഫൈനിംഗ് ദി ന്യൂ സ്റ്റാൻഡേർഡ് ഓഫ് എക്‌സലൻസ് അറ്റ് വർക്ക് ” എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ സുബ്രോതോ ബാച്ചി നൽകുന്നത്.
പ്രൊഫഷനലിസം എന്നത് നിങ്ങൾ ചെയ്യുന്ന ഒരു ജോലിയെക്കുറിച്ചുള്ള വിശേഷണമല്ല, മറിച്ച് നിങ്ങൾ എങ്ങനെ ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ചുള്ളതാണ് എന്ന നിർവചനം പ്രസിദ്ധമാണ്. ഏർപ്പെടുന്ന ജോലികളിലും പ്രവൃത്തികളിലും പ്രകടിപ്പിക്കുന്ന മികവ്, കൃത്യത, സുതാര്യത, മാനവീകത, ജനകീയത എന്നിവയൊക്കെയാണ് പ്രൊഫഷനലിസം എന്നാണ് ചിന്താലോകം വിശേഷിപ്പിക്കുന്നത്. ഈ ധാരണയിൽ പ്രവർത്തിക്കുന്ന ഒരാളെ പ്രൊഫഷനൽ എന്നും. കൃത്യതയോടെയുള്ള പ്രവർത്തനത്തിന് മികച്ച വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിശീലനവും ആവശ്യമുണ്ട്. ജനങ്ങൾക്കിടയിൽ തികച്ചും വേറിട്ട് അഥവാ അവർക്ക് അത്ര പരിചിതമല്ലാത്ത മേഖലകളിൽ അവഗാഹം നേടി സേവനം നടത്തുന്നവരാണ് സമൂഹത്തിലെ പ്രൊഫഷനലുകൾ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതിനായി പ്രത്യേക പരിശീലനം നേടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ എന്ന് ചുരുക്കം. പ്രൊഫഷനലുകളുടെ സാമൂഹിക പ്രതിബദ്ധതയെയും ധാർമിക ഉത്തരവാദിത്വങ്ങളെയും കുറിച്ച് അക്കാദമിക സമൂഹം ചർച്ചകൾ ഉയർത്തുന്നുണ്ട്. ഓരോ മേഖലകളിൽ അവഗാഹം നേടിയവരും സേവന പ്രതിജ്ഞ നടത്തിയവരുമായ പ്രൊഫഷനലുകൾക്ക് അതതു മേഖലയിൽ മികച്ചതും വേറിട്ടതുമായ പ്രവർത്തനം നടത്തുന്നതിൽ ധാർമികമായ ഉത്തരവാദിത്വമുണ്ട് എന്നും സമൂഹത്തിന് അവരവരുടെ മേഖലയിൽ തുറന്ന സേവനം ലഭിക്കേണ്ടതുണ്ടെന്നുമാണ് നിരീക്ഷണങ്ങൾ.

പ്രൊഫഷനലുകളുടെ ഉത്തരവാദിത്വത്തിന് പൊതു സ്വഭാവമല്ല ഉള്ളത്. അഥവാ ഡോക്ടർമാരും എൻജിനീയർമാരും നിയമജ്ഞരും സേവനമർപ്പിക്കേണ്ടത് ഒരേ മേഖലയിലല്ല. അവർ സ്‌പെഷ്യലൈസ് ചെയ്ത രംഗങ്ങളിൽ തന്നെ സേവനം അർപ്പിക്കുമ്പോഴേ ഉത്തരവാദിത്വം പൂർണമാകുകയുള്ളൂ. അഥവാ ഡോക്ടർമാർ ആതുര സേവന മേഖലയിലും എൻജിനീയർമാർ നിർമാണ മേഖലയിലും പ്രവർത്തിക്കുകയും അതതു രംഗത്ത് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയു പുരോഗതിക്കായി ചിന്തിക്കുകയും സേവനമനുഷ്ഠിക്കുകയുമാണ് വേണ്ടത് എന്ന് ഡാനിയേൽ ഇ വൂയിസ്‌റ്റേ എഡിറ്റ് ചെയ്ത “പ്രൊഫഷനൽ എത്തിക്‌സ് ആൻഡ് സോഷ്യൽ റസ്‌പോൺസിബിലിറ്റി” എന്ന പുസ്തകത്തിലെ ലേഖനങ്ങളിൽ വിവിധ അക്കാദമിക പണ്ഡിതൻമാർ ചൂണ്ടിക്കാട്ടുന്നു. അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ എന്ന പരിശുദ്ധ ഖുർആൻ ഉന്നയിക്കുന്ന ചോദ്യം വൈജ്ഞാനിക വൈദഗ്ധ്യം നേടിയവരുടെ ചുമതലാബോധത്തെ ചൂണ്ടിക്കാട്ടാനാണെന്ന് തഫ്‌സീർ പണ്ഡിതൻമാർ വിശദീകരിക്കുന്നുണ്ട്.

പുതിയ ലോകവും സമൂഹവും പ്രൊഫഷനലുകളുടെതാണ്. ഉദ്യോഗം, വ്യവസായം, രാഷ്ട്രീയം, ഭരണം, വിദ്യാഭ്യാസം, സേവനം തുടങ്ങിയ സർവ മേഖലകളിലും പ്രൊഫഷനലിസം മികവിന്റെ മുദ്രയായി സ്വീകരിക്കപ്പെടുന്നു. ബ്യൂറോക്രാറ്റുകൾ, വൈറ്റ് കോളേഴ്‌സ് എന്ന വിശേഷണങ്ങളോടെ സമൂഹ മധ്യത്തിൽ നിന്നും അകറ്റി നിർത്തുകയോ അകന്നു നിൽക്കുകയോ ചെയ്തിരുന്ന വിഭാഗങ്ങൾ ഇപ്പോൾ സമൂഹത്തിന്റെ ഒത്ത നടുവിലാണ് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. പ്രളയകാലം മലയാളിയുടെ മുന്നിൽ പ്രദർശിപ്പിച്ച മാനവീക ചിത്രങ്ങളിൽ പ്രൊഫഷനലുകളുടെ ആക്ടിവിസം മുഖ്യമായ ഇടം പിടിച്ചിട്ടുണ്ട്. സർക്കാർ മിഷനറിയിൽ മാത്രമല്ല, പൊതുധാരയിൽ നിന്നും പ്രൊഫഷനലുകൾ ജനങ്ങൾക്കൊപ്പം നിൽക്കുന്ന അനുഭവങ്ങൾ ചുറ്റിലും നിരവധിയുണ്ട്. പരമ്പരാഗത രാഷ്ട്രീയപ്രവർത്തനവും ഇപ്പോൾ പ്രൊഫഷനൽവത്കരണത്തിന്റെ പാതയിലാണ്. രാഷ്ട്രീയ പ്രവർത്തകർ പ്രൊഫഷനലുകളാകുന്നു എന്നതിനൊപ്പം പ്രൊഫഷനലുകളെ വിലക്കെടുത്ത് പ്രയോഗിക്കുന്നതിനും പാർട്ടികളും നേതാക്കളും സന്നദ്ധമാകുന്നു. ഇങ്ങനെയാണ് പി ആർ, ഇവന്റ് മാനേജ്‌മെന്റുകൾ സാർവത്രികമാകുന്നത്. ജനാധിപത്യത്തിന്റെ നാല് തൂണുകളിൽ ഒന്ന് എക്‌സിക്യൂട്ടീവിന്റെതാണ്. പ്രൊഫഷനൽ വിദ്യാഭ്യാസവും പരിശീലനവും നേടിയ ഉദ്യോഗസ്ഥരുടെ നിർവഹണത്തിന്റെ കരുത്തിലാണ് ഭരണകൂടം ചലിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി മുതൽ സ്‌റ്റേറ്റ്, ജില്ലാ ഭരണകൂടങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളിലും വില്ലേജുകളിലും വരെ കൃത്യമായ ക്രമവ്യവസ്ഥയിൽ വിന്യസിക്കുന്ന ഉദ്യോഗസ്ഥരിലൂടെയാണ് ഭരണചക്രം തിരിയുന്നത്. ഉദ്യോഗസ്ഥ ആക്ടിവിസങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ചിലപ്പോഴെങ്കിലും ഉയരുന്ന ആക്രോശം ജനാധിപത്യത്തിൽ നിങ്ങൾക്കെന്ത് അധികാരം എന്ന രീതിയിൽ ആകാറുണ്ട്. എന്നാൽ, ജനാധിപത്യ ഭരണകൂടങ്ങളുടെ യന്ത്രം തിരിക്കുന്നത് മേൽത്തട്ട് മുതൽ കീഴ്ത്തട്ട് വരെ പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളാണെന്ന യാഥാർഥ്യം ജനാധിപത്യത്തിന്റെ തന്നെ ശക്തിയാണ്. കാരണം, രാഷ്ട്രീയക്കാർ പാർട്ടിരാഷ്ട്രീയം സാമൂഹിക സേവനോപാധിയായി സ്വീകരിച്ച് പ്രവർത്തനം നടത്തി വരുമ്പോൾ, രാജ്യത്തെ സേവിക്കുന്നതിനായി വിദ്യാഭ്യാസവും സാങ്കേതികപരിശീലനവും നേടി മികവ് കൈവരിക്കുകയായിരുന്നു സർവീസിലെ ഉദ്യോഗസ്ഥർ.
ഇപ്രകാരം സർക്കാർ സർവീസിലും പൊതുരംഗത്തും സ്വകാര്യ സേവന രംഗത്തും പ്രവർത്തിക്കുന്ന പ്രൊഫഷനലുകളുടെ സാമൂഹിക ബോധത്തെയും സേവന തത്പരതകളെയും ആശയപരമായ കൂടിയാലോചനകൾക്കും കൂട്ടായ്മയുടെ ആസ്വാദനങ്ങൾക്കും അവസരങ്ങളൊരുക്കി നാടിനും സമൂഹത്തിനുമായി ഇനിയും ക്രിയാത്മകമായി വിനിയോഗിക്കേണ്ടതുണ്ട്. ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കുമപ്പുറം സാമൂഹിക സേവനത്തിന്റെ സർഗാത്മകവും നിർമാണാത്മകവും കരുണാർദ്രവുമായ ഇടപെടലുകൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തുന്നതിന് പ്രൊഫഷനൽ വ്യക്തിത്വങ്ങൾക്ക് അഭിലാഷങ്ങളുണ്ട്. സാമാന്യ സമൂഹത്തോട് ചേർന്നു നിൽക്കാനും തങ്ങളുടെ അറിവും അനുഭവങ്ങളും അവർക്ക് പകർന്നു നൽകാനും താത്പര്യപ്പെടുന്നവരാണ് പ്രൊഫഷനലുകൾ. ഇത്തരം വിചാരങ്ങൾക്ക് പ്രായോഗികവും ക്രിയാത്മകവുമായ ആവിഷ്‌കാരം നൽകുക ലക്ഷ്യം വെച്ചാണ് ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം (ഐ പി എഫ്) രൂപവത്കൃതമാകുന്നത്. പ്രൊഫഷനലുകളുടെ സാമൂഹീകരണത്തിന് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും വ്യാപ്തിയുള്ളതുമായ വേദികളുണ്ടാക്കുകയും അവിടെ ഒത്തുചേർന്ന് തങ്ങളുടെ പ്രൊഫഷനൽ മേഖലയിലെ അറിവുകളും അതിനൂതന ആവിഷ്‌കാരങ്ങളും പങ്കുവെക്കുകയും അവഗാഹം നേടുന്നതിനുമുള്ള അവസരമാണ് ഐ പി എഫ്. നാടിനും ജനതക്കുമായുള്ള പ്രവർത്തനങ്ങളിലൂടെ പ്രതിബദ്ധതയുടെ ക്രിയാത്മകഫലങ്ങൾ സൃഷ്ടിക്കുന്ന കൂട്ടായ്മയുടെ ആനന്ദങ്ങളുമാണ് ഐ പി എഫ് താത്പര്യം.

വിദ്യാഭ്യാസ, ഉദ്യോഗ, ബിസിനസ് ജീവിതത്തിന്റെ സമ്മർദങ്ങൾക്കും തിരക്കുകൾക്കുമിടയിൽ ശ്രദ്ധയൂന്നാൻ സാധിക്കാതെ പോയ മത ധാർമിക, സാംസ്‌കാരിക മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഗ്രാഹ്യതയും അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നതിനും ഐ പി എഫ് വേദികൾ ഒരുക്കുന്നു. കൂട്ടായ്മകൾ ഉണർത്തിയെടുക്കുന്ന മാനവികബോധങ്ങളിൽ നിന്നും സ്വയം മികവുകൾ ആർജിക്കുന്നതിനൊപ്പം സാമൂഹിക ഉത്ഥാനത്തിനും തലമുറകളുടെ ജാഗരണത്തിനും വേണ്ടി ആലോചനകൾ പങ്കുവെക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കു വേണ്ടി സംരംഭങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ളതാണ് ഐ പി എഫിന്റെ സ്വപ്‌നം. എല്ലാ മേഖലകളിലുമുള്ള പ്രൊഫഷനലുകളെ പൊതുവായും പ്രൊഫഷനുകളുടെ വൈജാത്യവും സവിശേഷതകളും പരിഗണിച്ച് പ്രത്യേകമായും ഫോറങ്ങൾ രൂപവത്കരിച്ചാണ് ഐ പി എഫിന്റെ പ്രവർത്തന രീതി. ഇതിനകം മെഡിക്കൽ ഫോറം, ടെക്‌നോളജി ഫോറം, ലോയേഴ്‌സ് ഫോറം, എക്‌ണോമിക് ഫോറം, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ആർ ആൻഡ് ഡി) ഫോറം, സിവിൽ സർവീസ് ഫോറം, ടീച്ചേഴ്‌സ് ഫോറം, ജേർണലിസ്റ്റ് ഫോറം തുടങ്ങിയ വിഭാഗങ്ങൾ ഐ പി എഫിനു കീഴിൽ രൂപവത്കരിച്ച് സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചു വരുന്നുണ്ട്. കൂടുതൽ പ്രൊഫഷനൽ വിഭാഗങ്ങളെ ഉൾകൊള്ളുന്നതിനും കൂട്ടായ്മക്കും പ്രവർത്തനങ്ങൾക്കും അവസരമൊരുക്കുന്നതിനും ഐ പി എഫിനു പദ്ധതിയുണ്ട്. ലോകവ്യാപകമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രൊഫഷനലുകളുടെ ക്രിയാത്മകവും സർഗാത്മകവുമായ കൂട്ടായ്മയായി ഐ പി എഫ് വികസിച്ചു വരും.

പ്രാദേശിക തലത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന ചാപ്റ്ററുകളിലൂടെയാണ് ഐ പി എഫിന്റെ പ്രാഥമിക കൂട്ടായ്മയും പ്രവർത്തനവും. ഐ പി എഫ് പ്രവർത്തനങ്ങളെ ജില്ല, സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുന്നതിന് വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. റീജ്യനൽ, സെൻട്രൽ തലങ്ങളിലാണ് ഓരോ പ്രൊഫഷനൽ വിഭാഗവും പ്രത്യേകമായി കൂടിച്ചേരുകയും തനതു പ്രൊഫഷനൽ മേഖലകളിലെ നൂതനവും സാങ്കേതികവുമായ ശാക്തീകരണത്തിനും സാമൂഹികാടിസ്ഥാനത്തിലുള്ള പ്രതി വർത്തനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത്. സാധ്യമായ ചാപ്റ്ററുകളിലും ഓരോ ഫോറങ്ങളും പ്രത്യേകം പ്രവർത്തനങ്ങൾക്കു ശ്രമിക്കുന്നു. വിദ്യാഭ്യാസ, ഉദ്യോഗ മികവിന്റെ ബലത്തിൽ സമൂഹത്തിൽ ഉയർന്നു നിൽക്കുന്ന പ്രൊഫഷനലുകളെ സ്വയം ജാഗരണത്തിലൂടെ സാമൂഹിക നന്മക്കു വേണ്ടിയുള്ള കൂട്ടായ്മയുടെ ഭാഗമാക്കുക എന്ന ദൗത്യമാണ് ഐ പി എഫ് സാധിച്ചെടുക്കാൻ ശ്രമിക്കുന്നത്.

കർമ മണ്ഡലം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അംഗത്വ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം വിഭാവനം ചെയ്യുന്ന രചനാത്മകമായ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കുന്നതിന് സുഹൃത്തുക്കളെ സ്വാഗതം ചെയ്യും പ്രൊഫഷനലുകളും അനുഭാവി സമൂഹവും സന്നദ്ധമാകുമെന്ന് പ്രത്യാശിക്കുന്നു.

ഡോ. മുഹമ്മദ് ഹനീഫ്. (ചെയർമാൻ, ഐ പി എഫ്)

ചെയർമാൻ, ഐ പി എഫ്