സൗരോർജ്ജത്തിലൂടെ നേട്ടമുണ്ടാക്കി  മഹാത്മാ ഗാന്ധി സർവകലാശാല

Posted on: March 6, 2019 11:57 pm | Last updated: March 6, 2019 at 11:57 pm

കോട്ടയം: കനത്ത ചൂടിൽ നാടാകെ വലയുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്യുമ്പോൾ സൗരോർജ്ജത്തിൽനിന്ന് നേട്ടം കൊയ്ത് മഹാത്മാ ഗാന്ധി സർവകലാശാല. എട്ട് കെട്ടിടസമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ പവർപ്ലാന്റ് സ്ഥാപിച്ചാണ് സർവകലാശാല വൈദ്യുതി ഉല്പാദിപ്പിച്ച് നേട്ടമുണ്ടാക്കുന്നത്. റൂസ പദ്ധതിയിലുൾപ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പരീക്ഷണ ഉൽപ്പാദനത്തിൽത്തന്നെ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 14 ദിവസം മാത്രം ഉൽപ്പാദനം നടത്തിയ കഴിഞ്ഞമാസം വൈദ്യുതിനിരക്കിനത്തിൽ രണ്ടുലക്ഷം രൂപയാണ് സർവകലാശാല ലാഭിച്ചത്. സർവകലാശാലയിലെ വൈദ്യുതി ചാർജ് 15 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായി കുറഞ്ഞു. സോളാർ പവർപ്ലാന്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സർവകലാശാല ആവശ്യങ്ങൾക്കുപയോഗിക്കുകയും മിച്ചം വരുന്നത് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ദിവസേന 1600 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. ചൂട് കൂടിയതോടെ ഇത് ദിവസം ശരാശരി 1800-1900 യൂണിറ്റ് വരെയായി ഉയർന്നിട്ടുണ്ടെന്ന് സിൻഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കൺവീനർ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. പ്രസന്നമായ കാലാവസ്ഥ ആയതിനാൽ അടുത്തമാസം വൈദ്യുതിനിരക്കിനത്തിൽ വലിയ ലാഭം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാർജാണ് സർവകലാശാല അടയ്ക്കുന്നത്.

കാമ്പസിലെ ഭരണവിഭാഗം കെട്ടിടം, എൻവയോൺമെന്റൽ സയൻസസ്, പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ്, കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, ബിഹേവിയറൽ സയൻസസ്, കമ്പ്യൂട്ടർ സയൻസസ് വകുപ്പുകളിലെയും ലൈബ്രറിയിലെയും കെട്ടിടങ്ങളിലെ മേൽക്കൂരയിലാണ് സോളാർ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 320 കിലോവാട്ട് ശേഷിയുള്ള 1258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിംഗ് ഇൻവെർട്ടറുകളുമാണ് വിവിധ പ്ലാന്റുകളിലായി സ്ഥാപിച്ചിരിക്കുന്നത്. സർവകലാശാല എൻജിനീയറിംഗ് വിഭാഗത്തിനാണ് പരിപാലന ചുമതല.

മഴക്കാലത്ത് കാമ്പസിൽ മഴക്കുഴികളും മറ്റും തീർത്ത് മഴവെള്ളം സംഭരിച്ചതിനാൽ കാമ്പസിലെ രവീന്ദ്ര സരോവരമടക്കമുള്ള ജലസ്രോതസ്സുകൾ വരൾച്ചയെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല.