Connect with us

Kerala

കേരളാ കോണ്‍ഗ്രസിന് രണ്ടാം സീറ്റില്ല; കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയും പാളി

Published

|

Last Updated

കൊച്ചി: കേരളാ കോണ്‍ഗ്രസുമായുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയും പാളി. കേരളാ കോണ്‍ഗ്രസിന് രണ്ടാം സീറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കേണ്ടതുണ്ടെന്ന വാദമുന്നയിച്ചാണ് രണ്ടാം സീറ്റെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളിയത്. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് പറഞ്ഞു.

ചെന്നിത്തലയ്ക്ക് പുറമെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ എം മാണി എം എല്‍ എ, പി ജെ ജോസഫ്, ജോസ് കെ മാണി എം പി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. പി ജെ ജോസഫിന്റെ താത്പര്യ പ്രകാരം കോട്ടയത്തിന് പുറമേ ഇത്തവണ ഇടുക്കി സീറ്റ് കൂടി വേണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടത്.

തീരുമാനം കേരള കോണ്‍ഗ്രസിനെ ഒതുക്കലാണെന്നും ഇതില്‍ ഖേദമുണ്ടെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. രണ്ടു സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ട്. വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ആലോചിച്ച ശേഷം മറുപടി നല്‍കുമെന്നും മാണി വ്യക്തമാക്കി. രണ്ടു സീറ്റെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ചക്കൊരുങ്ങിയത്. സീറ്റ് വീതംവെയ്പ്പിനായി കഴിഞ്ഞ ഒരാഴ്ചക്കിടെ കോണ്‍ഗ്രസ് -കേരളാകോണ്‍ഗ്രസ് യോഗങ്ങള്‍ രണ്ട് തവണ ചേര്‍ന്നിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെുപ്പില്‍ രണ്ടു സീറ്റു കിട്ടിയേ മതിയാവൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ് വിഭാഗം. കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ ആണ് ലക്ഷ്യം. കോട്ടയമാണ് മാണി ഗ്രൂപ്പിന് അനുവദിച്ചു വരുന്ന സീറ്റ്. കോട്ടയമായായാലും ഇടുക്കിയായാലും താന്‍ മത്സരിച്ചോളാമെന്ന് ജോസഫ് ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാവില്ലെന്നാണ് മാണിയുടെ നിലപാട്. ജോസഫിന് സീറ്റു ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

---- facebook comment plugin here -----

Latest