വിജയ് മാജിക്ക്; ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യ

Posted on: March 5, 2019 10:27 pm | Last updated: March 6, 2019 at 9:32 am

നാഗ്പൂര്‍: അവസാനം വരെ നീണ്ടു ഉദ്വേഗം. ഒടുവില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഏകദിന ക്രിക്കറ്റിന്റെ ആവേശം കത്തിനിന്ന രണ്ടാം അങ്കത്തില്‍ ആസ്‌ത്രേലിയയെ എട്ടു റണ്‍സിനാണ് ആതിഥേയര്‍ തറപറ്റിച്ചത്. അവസാന ഓവറില്‍ സംഹാര രൂപം പൂണ്ട് വിജയ് ശങ്കറാണ് ഇന്ത്യയെ വിജയത്തേരിലേറ്റിയത്.

നാഗ്പൂര്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് ലഭിച്ച ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 48.2 ഓവറില്‍ 250 റണ്‍സിലൊതുക്കാന്‍ സന്ദര്‍ശകര്‍ക്കായി. എന്നാല്‍, ജയപരാജയങ്ങള്‍ മാറിമറിഞ്ഞതിനൊടുവില്‍ മൂന്നു പന്തുകള്‍ ശേഷിക്കെ വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കായി. ഓസീസ് 49.3 ഓവറില്‍ 242 റണ്‍സില്‍ വീണു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നിലെത്തി.

വിജയ് ശങ്കര്‍ എറിഞ്ഞ അവസാന ഓവറാണ് നിര്‍ണായകമായത്. ഓസീസിനു വേണ്ടത് 11 റണ്‍സായിരുന്നു. 52 റണ്‍സെടുത്തു നില്‍ക്കുകയായിരുന്ന മാര്‍ക്കസ് സ്റ്റോയ്‌നിസിനെയും ആദം സാമ്പ (രണ്ട്) യെയും ആദ്യ മൂന്നു പന്തുകളില്‍ പുറത്താക്കി വിജയ് ഇന്ത്യക്കു വിജയമേകി. മത്സരത്തിലെ തന്റെ രണ്ടാം ഓവറിലായിരുന്നു വിജയ് മാജിക് പുറത്തെടുത്തത്.

നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി (116) പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന്റെ സവിശേഷത. 46 റണ്‍സെടുത്ത് വിജയ് ശങ്കറും നായകന് ശക്തമായി പിന്തുണയേകി. മൂന്നിന് 75 എന്ന നിലയില്‍ വെള്ളം കുടിക്കുകയായിരുന്ന ഇന്ത്യയെ കോലി-വിജയ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ 81 റണ്‍സാണ് കരകയറ്റിയത്. 41 പന്തിലായിരുന്നു വിജയിയുടെ 46. ഒടുവില്‍, വിജയിയെ സാംബ റണ്ണൗട്ടാക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും 21 റണ്‍സ് അക്കൗണ്ടിലാക്കി നായകന് ശക്തമായ പിന്തുണയേകി.

രോഹിത് ശര്‍മ ആദ്യ ഓവറില്‍ തന്നെ പൂജ്യനായി മടങ്ങി. ധോണിക്കും അക്കൗണ്ട് തുറക്കാനായില്ല. ശിഖര്‍ ധവാന്‍ (29), അമ്പാട്ടി റായിഡു (18), കേദാര്‍ ജാദവ് (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ് നാലും ആദം സാമ്പ രണ്ടും വിക്കറ്റെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്‍, നഥാന്‍ ലയണ്‍, നഥാന്‍ കോള്‍ട്ടര്‍നീല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

65 പന്തില്‍ 52 നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ആരോണ്‍ ഫിഞ്ച്-ഉസ്മാന്‍ ഖവാജ സഖ്യം 83 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് 48 റണ്‍സെടുത്തു. ഷോണ്‍ മാര്‍ഷ് (16), ഗ്ലെന്‍ മാക്‌സ്വെല്‍ (നാല്), അലക്‌സ് കാറെ (22), നഥാന്‍ കോള്‍ട്ടര്‍നീല്‍ (നാല്), ആദം സാമ്പ (രണ്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. പാറ്റ് കമ്മിന്‍സ് പൂജ്യനായി മടങ്ങി.

10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ജസ്പ്രീതി ബുംറ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. വിജയ് ശങ്കര്‍ 1.3 ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.