Connect with us

Kozhikode

കോഴിക്കോട്; അവസാനം വരെ സസ്‌പെൻസ്

Published

|

Last Updated

അധിനിവേശത്തിന്റെയും വാണിജ്യ വ്യാപാര ബന്ധങ്ങളുടെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് കോഴിക്കോട്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ വീര്യം സിരകളിൽ കൊണ്ടുനടക്കുന്നവർ. ഇടതുപക്ഷത്തിന്റെ കോട്ടയെന്നറിയപ്പെടുന്ന മണ്ഡലം പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലത്തോട്ട് ചാഞ്ഞ പാരമ്പര്യമാണുള്ളത്. ലോക്‌സഭയിലേക്ക് യു ഡി എഫിനെയും നിയമസഭയിലേക്ക് എൽ ഡി എഫിനെയും പറഞ്ഞയച്ച ചരിത്രം. കോഴിക്കോട് മണ്ഡലം രൂപവത്കരിച്ചത് മുതൽ മൂന്ന് തവണ എൽ ഡി എഫും ഏഴ് തവണ യു ഡി എഫും വിജയിച്ചു. ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള ലോക്‌സഭാ മണ്ഡലത്തിൽ കോഴിക്കോട് സൗത്ത് ഒഴികെ എല്ലാത്തിലും എൽ ഡി എഫ് സ്ഥാനാർഥികളാണ് കഴിഞ്ഞ തവണ ജയിച്ചു കയറിയത്. കൊടുവള്ളിയിൽ കാരാട്ട് റസാഖിനൊഴികെ എൽ ഡി എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം പതിനായിരത്തിലധികമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 98535 വോട്ടിന്റെ ലീഡാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ എൽ ഡി എഫിനുള്ളത്. ഹാട്രിക് വിജയം തേടി എം കെ രാഘവൻ ഇത്തവണയും യു ഡി എഫിന് വേണ്ടി കളത്തിലിറങ്ങുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥിയുടെ ചിത്രം തെളിഞ്ഞിട്ടില്ല. 2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2014ൽ ലീഡ് വർധിപ്പിച്ച എം കെ രാഘവനെ തളക്കാൻ ജനസമ്മതനായ സ്ഥാനാർഥിയെ തന്നെ പോരാട്ടത്തിനിറക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ പേരിനാണ് മുൻതൂക്കം. അഖിലേന്ത്യാ തലത്തിലുള്ള പ്രവർത്തന പരിചയവും യുവനേതാവെന്ന പരിഗണനയും അനുകൂല ഘടകങ്ങളാണ്. മണ്ഡലത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുള്ള ന്യൂനപക്ഷ വോട്ടുകൾ റിയാസിന്റെ സ്ഥാനാർഥിത്വത്തിലൂടെ സമാഹരിക്കാനാകുമെന്നാണ് എൽ ഡി എഫിന്റെ കണക്കുകൂട്ടൽ. അത്രയേറെ ജനസമ്മിതിയില്ലാത്ത സ്ഥാനാർഥിയായിട്ട് പോലും 2009ൽ കപ്പിനും ചുണ്ടിനുമിടയിലാണ് റിയാസിന് ജയം വഴുതിപ്പോയത്. 838 ന്റെ ചുരുങ്ങിയ ഭൂരിപക്ഷമാണ് അന്ന് എം കെ രാഘവന് ലഭിച്ചത്. ഇന്ന് റിയാസ് ജനസ്വാധീനമുള്ള നേതാവായി ഉയർന്നുകഴിഞ്ഞതും പൊതുവിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധിക്കപ്പെടുന്നതും അനുകൂലഘടകങ്ങളാണ്.

എം കെ രാഘവന്റെ മണ്ഡലത്തിലെ വ്യക്തിബന്ധവും വികസനപ്രവർത്തനങ്ങളും ഫലം അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് യു ഡി എഫിന്. 2014ലെ ലീഡ് വർധിപ്പിക്കാനാകുമെന്നും കരുതുന്നു. സി പി എമ്മിലെ വിഭാഗീയതയും ജനതാദളിന്റെ മുന്നണി വിടലും ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് 2009ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് പ്രതികൂലമായ ഘടകങ്ങൾ. പക്ഷേ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും എൽ ഡി എഫിനൊപ്പമില്ലാതിരുന്ന എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ കൂടെയുള്ളതും ഐ എൻ എല്ലിന്റെ മുന്നണി പ്രവേശവും ഇടതിന് ഗുണം ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കഴിഞ്ഞ തവണ സി പി എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവനെ എൽ ഡി എഫ് കളത്തിലിറക്കിയെങ്കിലും എം കെ രാഘവന് ഭൂരിപക്ഷം വർധിക്കുക മാത്രമാണുണ്ടായത്.

റിയാസല്ലെങ്കിൽ റിസർവിലുള്ള മറ്റൊരു പേര് എ പ്രദീപ് കുമാർ എം എൽ എയുടെതാണ്. നഗരമേഖലയിലുള്ള എം കെ രാഘവന്റെ സ്വാധീനം പ്രദീപ് കുമാറിന്റെ സ്ഥാനാർഥിത്വത്തിലൂടെ ഇല്ലാതാക്കാനാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നുണ്ട്. സിറ്റിംഗ് എം എൽ എമാർ മത്സരിക്കുന്ന കാര്യത്തിൽ സി പി എം തീരുമാനത്തിലെത്താത്തതിനാൽ പ്രദീപ് കുമാറിന്റെ സ്ഥാനാർഥിത്വ സാധ്യതാ ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. അതുമല്ലെങ്കിൽ കഴിഞ്ഞ തവണത്തേത് പോലെ പാർട്ടിയുടെ സമുന്നതരായ നേതാക്കളെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
മണ്ഡലത്തിലെ സോഷ്യലിസ്റ്റ് സ്വാധീനം ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് ജനതാദൾ കോഴിക്കോടിന് വേണ്ടി അവകാശവാദമുന്നയിച്ചിട്ടുണ്ട്. വടകര അല്ലെങ്കിൽ കോഴിക്കോട് ആണ് അവരുടെ ഉന്നം. ഇത് രണ്ടും ലഭിച്ചില്ലെങ്കിൽ മാത്രം മറ്റ് മണ്ഡലങ്ങൾ ആവശ്യപ്പെട്ടാൽ മതിയെന്നാണ് പാർട്ടി തീരുമാനം. കോഴിക്കോട് എൽ ജെ ഡിക്ക് വിട്ടുനൽകിയാൽ ഷേഖ് പി ഹാരിസിനോ കെ പി മോഹനനോ നറുക്ക് വീഴും. ബി ജെ പി യെ സംബന്ധിച്ചിടത്തോളം വിഭാഗീയതയാണ് പ്രശ്‌നമുണ്ടാക്കുന്നത്. കോഴിക്കോട് സീറ്റിന് വേണ്ടി ബി ഡി ജെ എസ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ സീറ്റ് അവർക്ക് വിട്ടുനൽകണമോ സ്വന്തം മത്സരിക്കണോ എന്ന കാര്യത്തിൽ ബി ജെ പി തീരുമാനത്തിലെത്തിയിട്ടില്ല.

ബി ജെ പി മത്സരിക്കുകയാണെങ്കിൽ കെ പി ശ്രീശനോ പ്രകാശ് ബാബുവിനോ ആണ് സാധ്യത. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ശബരിമല സമരങ്ങളും തങ്ങൾക്ക് വോട്ട് കൂട്ടുമെന്നാണ് ബി ജെ പി കരുതുന്നത്. എം കെ രാഘവന്റെ വ്യക്തിബന്ധമുപയോഗിച്ച് യു ഡി എഫും 96, 2014 വർഷങ്ങളിൽ കൂടെയില്ലാതിരുന്ന വീരേന്ദ്രകുമാറിനെ കൂടെക്കൂട്ടി എൽ ഡി എഫും പോരിനിറങ്ങുമ്പോൾ വിജയം ആർക്ക് എന്നത് അവസാനം വരെ സസ്‌പെൻസായി തുടരും.

---- facebook comment plugin here -----

Latest