സിപിഎം കേരളത്തില്‍ എതിരാളികള്‍തന്നെ; ബംഗാളിലെ നീക്ക്‌പോക്ക് അവിടത്തെ മാത്രം കാര്യം: പ്രതിപക്ഷ നേതാവ്

Posted on: March 5, 2019 1:36 pm | Last updated: March 5, 2019 at 8:21 pm

കോഴിക്കോട്: കേരളത്തില്‍ സിപിഎം കോണ്‍ഗ്രസിന്റെ എതിരാളികള്‍ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിലെ നീക്ക് പോക്ക് അവിടത്തെ കാര്യം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ സഹകരണം അവിടെ മാത്രമാണെന്നും കേരത്തില്‍ അത്തൊരു നീക്ക് പോക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അവര്‍തന്നെയാണ് . കോണ്‍ഗ്രസ് അതില്‍ ഇടപെടില്ല. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണാനെന്നോണം സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിച്ച നടപടിയില്‍ കാര്യമില്ല. മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.