അതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവെച്ചിട്ടു

Posted on: March 4, 2019 8:12 pm | Last updated: March 5, 2019 at 9:36 am

ഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലെ ബിക്കാനീര്‍ നാല്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍ വീണ്ടും വ്യോമാതര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവം.

പാക്കിസ്ഥാന്റെ ഡ്രോണ്‍ (ആളില്ലാ വിമാനം) സുഖോയ് 30എകെഐ ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിടുകയായിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വന്ന ഡ്രോണ്‍ റഡാറിന്റെ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഇന്ത്യ പ്രതിരോധം തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ മിസൈല്‍ ഏറ്റ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളിലെ ഫോര്‍ട്ട് അബ്ബാസില്‍ തകര്‍ന്നുവീണെന്ന് കേന്ദ്ര സര്‍ക്കാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലാക്കോട്ട് നടത്തിയ ആക്രണത്തിന് ശേഷം പാക്കിസ്ഥാന്റെ ഡ്രോണുകള്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഫെബ്രുവരി 26ന് ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ആദ്യശ്രമം ഉണ്ടായത്. സ്‌പെഡര്‍ എയര്‍ ഡിവിഫന്‍സ് സംവിധാനമുപയോഗിച്ച് ഇന്ത്യ ഡ്രോണിനെ തകര്‍ക്കുകയായിരുന്നു.