സാമാന്യ ബുദ്ധി ഉപയോഗിക്കൂ; റഫാലില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും വാളെടുത്ത് മോദി

Posted on: March 4, 2019 4:56 pm | Last updated: March 4, 2019 at 7:01 pm

ജാംനഗര്‍: റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വാളോങ്ങി വീണ്ടും പ്രധാന മന്ത്രി നരേന്ദ്ര മോദി. റഫാല്‍ വിമാനങ്ങളുടെ ആവശ്യകത സംബന്ധിച്ച് താനെന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജാംനഗറില്‍ പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികള്‍ക്കും പാക്കിസ്ഥാനുമെതിരായ നടപടികളില്‍ റഫാല്‍ വിമാനം കയ്യിലുണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ നല്ലതായിരുന്നുവെന്നും ഒരു യുദ്ധവിമാനവും രാജ്യത്തിന് നഷ്ടപ്പെടില്ലായിരുന്നുവെന്നുമാണ് താന്‍ പറഞ്ഞത്. എന്നാല്‍, താന്‍ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്ന് വ്യാഖ്യാനിച്ച് കോണ്‍ഗ്രസ് തനിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു.

റഫാല്‍ ജറ്റ് ഉണ്ടായിരുന്നുവെങ്കില്‍ പാക്കിസ്ഥാനെതിരായ ആക്രമണത്തില്‍ കൂടുതല്‍ നല്ല ഫലം കിട്ടിയേനെ എന്നാണ് കഴിഞ്ഞാഴ്ച ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കവെ മോദി പറഞ്ഞത്. എന്നാല്‍ റഫാല്‍ വിമാനങ്ങള്‍ സൈന്യത്തിനു ലഭിക്കാന്‍ വൈകിയതിന് കാരണക്കാരന്‍ മോദി തന്നെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യോമസേനക്ക് ഉപയോഗിക്കേണ്ട 30,000 കോടി വ്യവസായി അനില്‍ അംബാനിക്കു നല്‍കുകയാണ് പ്രധാന മന്ത്രി ചെയ്തതെന്നും കാലഹരണപ്പെട്ട വിമാനത്തില്‍ അഭിനന്ദിനു പറക്കേണ്ടി വന്നതിന്റെ കാരണക്കാരന്‍ മോദി തന്നെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.