കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എ. ഉമേഷ് ജാദവ് രാജിവച്ചു; ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

Posted on: March 4, 2019 1:22 pm | Last updated: March 4, 2019 at 2:37 pm

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എ. ഉമേഷ് ജാദവ് രാജിവച്ചു. ചിഞ്ചോലി മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ജാദവ്. കര്‍ണാടക നിയമസഭയിലെ നാല് കോണ്‍ഗ്രസ് വിമത എം എല്‍ എമാരില്‍ ഒരാളായ ജാദവ് രാജിയുടെ കാരണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ജാദവ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെക്കെതിരെ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ, ജാദവിനെതിരെ കൂറുമാറ്റത്തിന് നടപടി സ്വീകരിക്കണമെന്ന് സ്പീക്കര്‍ രമേഷ് കുമാറിനെ കണ്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യമാണ് കര്‍ണാടകത്തില്‍ ഭരണത്തിലുള്ളത്.