ബാലാകോട്ടില്‍ 250ലേറെ ഭീകരരെ വധിച്ചുവെന്ന് അവകാശപ്പെട്ട് അമിത് ഷാ

Posted on: March 4, 2019 12:28 pm | Last updated: March 4, 2019 at 2:02 pm

അഹമ്മദാബാദ്: ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമയിലും അതിനു മുമ്പ് ഉറിയിലും ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്നും അമിത് ഷാ അവകാശപ്പെട്ടു. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വര്‍ഷത്തിനിടെ ഭീകരവാദികള്‍ക്കെതിരെ കനത്ത തിരിച്ചടികള്‍ നല്‍കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ടെന്നും പുല്‍വാമയിലെ ആക്രമണം നടന്നു 13ാമത്തെ ദിവസം സൈന്യം തിരിച്ചടിച്ചുവെന്നും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബാലാകോട്ടിലെ ആക്രമണത്തിന്റെ വിശദാംശങ്ങളൊന്നും സര്‍ക്കാറോ ബി ജെ പിയോ സൈന്യമോ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ലെന്നിരിക്കെയാണ് അമിത് ഷായുടെ പ്രതികരണം. ആക്രമണത്തെ പെരുപ്പിച്ചു കാണിച്ച് രാഷ്ട്രീയപരമായ ചൂഷണത്തിന് ഉപയോഗിക്കുകയാണ് സര്‍ക്കാറും ബി ജെ പിയുമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിട്ടുണ്ട്.