Connect with us

Kerala

ഇടതു മുന്നണിയിൽ ചെറു കക്ഷികൾക്ക് സീറ്റുണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജന ചർച്ചകൾക്കായി എൽ ഡി എഫ് യോഗം വെള്ളിയാഴ്ച ചേരും. ഉച്ചക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകൾ സി പി എം വിട്ടുകൊടുക്കില്ല. അതോടൊപ്പം ജനതാദൾ എസ് മത്സരിച്ച കോട്ടയം സീറ്റ് സി പി എം ഏറ്റെടുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തിരുവനന്തപുരത്തിന് വേണ്ടി ജനതാദൾ എസ് അവകാശ വാദം ഉന്നയിച്ചേക്കും.

വീരേന്ദ്രകുമാറിന്റെ എൽ ജെ ഡിയും സീറ്റ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് നൽകിയതിനാൽ സീറ്റ് നൽകാനാകില്ലെന്ന് പറഞ്ഞ് സി പി എം അതിനു തടയിടും. പാലക്കാട്, കോഴിക്കോട് എന്നീ സീറ്റുകളിൽ ഒന്നെങ്കിലും നൽകണമെന്ന ആവശ്യവും എൽ ജെ ഡി ഉയർത്തും.

സി പി ഐ മത്സരിച്ച നാല് സീറ്റുകൾ അവർക്ക് തന്നെ നൽകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിൽ സി പി ഐ സ്ഥാനാർഥികൾ തന്നെ മത്സരിക്കും.
2014ലെ പോലെ എല്ലാവർക്കും സ്വീകാര്യരായ സ്വതന്ത്ര സ്ഥാനാർഥികളെയും ഇത്തവണ സി പി എം പരീക്ഷിക്കും. അടുത്തിടെ മുന്നണിയിലെത്തിയ ചെറു കക്ഷികൾക്ക് സീറ്റുണ്ടാകില്ല. അതേസമയം ജനാധിപത്യ കേരളാ കോൺഗ്രസും നേരത്തെ മുന്നണിയിലുള്ള എൻ സി പിയും സീറ്റ് ആവശ്യപ്പെടും. വെള്ളിയാഴ്ച തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ഉദ്ദേശിക്കുന്നത്. ഒരു സീറ്റിൽ മത്സരിക്കാൻ പാർട്ടിക്ക് അർഹതയുണ്ടെന്ന് എൻ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

പരസ്യമായി ശശീന്ദ്രൻ നിലപാട് വ്യക്തമായത് മുന്നണിയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ദീർഘകാലമായി മുന്നണിയിൽ നിലനിൽക്കുന്ന എൻ സി പിക്ക് സീറ്റ് നൽകാതെ ജനാധിപത്യകേരളാ കോൺഗ്രസിനെ പരിഗണിക്കുന്നതാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
എൽ ഡി എഫ് നേതൃത്വത്തോട് എൻ സി പി സീറ്റ് ചോദിച്ചിട്ടുണ്ട്. ദീർഘകാലമായി ഇടതുമുന്നണിയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും എൻ സി പി നേതാക്കൾ മുന്നണിയിൽ ഓർമിപ്പിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ വിജയ സാധ്യതയുള്ള സീറ്റാണ് തങ്ങൾക്ക് ആവശ്യമെന്നും അവർ വ്യക്തമാക്കി.

അടുത്തിടെ എൽ ഡി എഫിലെത്തിയ ജനാധിപത്യ കേരളാകോൺഗ്രസിന് സീറ്റ് നൽകിയാൽ എൻ സി പിയും ജനതാദൾ എസും സീറ്റ് ആവശ്യത്തിൽ ഉറച്ചുനിൽക്കും. എന്നാൽ ജനാധിപത്യ കേരളാകോൺഗ്രസിന് സീറ്റ് നൽകുന്നതിനോടാണ് സി പി എമ്മിന് താത്പര്യം. കോട്ടയം സീറ്റ് അവർക്ക് നൽകാനുള്ള ആലോചനയിലാണ് സി പി എം.
കേരള കോൺഗ്രസുകാർക്ക് മണ്ഡലത്തിലുള്ള അടിത്തറയിലാണ് കോട്ടയം സീറ്റ് നൽകുന്ന കാര്യത്തിൽ ഇടതു മുന്നണിയിൽ ആലോചന നടക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന മുന്നണി യോഗത്തിൽ ഇക്കാര്യങ്ങളിൽ തീർപ്പുണ്ടാകാനാണ് സാധ്യത.