Connect with us

Kerala

വയനാടിനായി പിടിവലി, ആന്റോയെ വെട്ടാൻ പത്തനംതിട്ട

Published

|

Last Updated

യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായിട്ടില്ലെങ്കിലും കോൺഗ്രസ്, സ്ഥാനാർഥി നിർണയത്തിനുള്ള ചർച്ചകളിലേക്ക്. സ്ഥാനാർഥികളെ നിർദേശിച്ച് കൊണ്ട് ഡി സി സികൾ നൽകുന്ന പട്ടിക അന്തിമമാക്കാൻ കെ പി സി സി തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. സിറ്റിംഗ് എം പിമാർക്ക് മുൻതൂക്കം നൽകി സ്ഥാനാർഥി പട്ടിക തയ്യാറാക്കാനാണ് ഡി സി സികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പുറത്ത് നിന്നൊരാൾ സ്ഥാനാർഥിയാകേണ്ടെന്ന നിലപാടെടുത്ത് ആന്റോ ആന്റണിയെ ഒഴിവാക്കിയാണ് പത്തനംതിട്ട ഡി സി സി പട്ടിക തയ്യാറാക്കിയത്. സ്ഥാനാർഥി മോഹികൾ ഏറെയുള്ള വയനാട്ടിലേക്ക് ഒരു പേരും നിർദേശിക്കേണ്ടെന്ന് വയനാട് ഡി സി സിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും പ്രതീക്ഷിക്കുന്നതിനാൽ കേരളത്തിലെ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പട്ടിക ഹൈക്കമാൻഡിന് നൽകാനാണ് നീക്കം. സ്ഥാനാർഥികളുടെ കാര്യത്തിൽ ഡി സി സികളുടെ അഭിപ്രായം തേടണമെന്ന് എ ഐ സി സി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡി സി സികളോട് പട്ടിക തയ്യാറാക്കാൻ നിർദേശിച്ചത്. കോൺഗ്രസ് ജയം ഉറപ്പിക്കുന്ന വയനാട്ടിൽ സിറ്റിംഗ് എം പി ഇല്ലാത്തതിനാൽ ഈ സീറ്റിലാണ് ഏറ്റവും കൂടുതൽ പേർ സ്ഥാനാർഥികളാകാൻ മോഹിക്കുന്നത്. എല്ലാം മുതിർന്ന നേതാക്കൾ ആയതിനാൽ ഡി സി സിയോട് പട്ടിക നൽകേണ്ടെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. എം എം ഹസൻ, ഷാനിമോൾ ഉസ്മാൻ, വി വി പ്രകാശ്, ടി സിദ്ദീഖ്, കെ സി അബു തുടങ്ങിയവരാണ് വയനാട്ടിൽ കണ്ണുനട്ടിരിക്കുന്ന നേതാക്കൾ. ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ വരുന്ന സീറ്റ് ആയതിനാൽ എ ഗ്രൂപ്പിൽ നിന്നുള്ളവർക്ക് ഈ സീറ്റ് ലഭിക്കുമോയെന്നതിലും വ്യക്തത വന്നിട്ടില്ല. ഹൈക്കമാൻഡ് നിർദേശമാകും ഇക്കാര്യത്തിൽ നിർണായകം.

സിറ്റിംഗ് എം പിമാരിൽ എതിർപ്പ് നേരിടുന്നത് പത്തനംതിട്ടയിൽ ആന്റോആന്റണിയാണ്. ജില്ലക്ക് പുറത്ത് നിന്നുള്ളവർ വേണ്ടെന്നാണ് ഡി സി സിയുടെ നിലപാട്. തയ്യാറാക്കിയ പട്ടികയിൽ ആന്റോആന്റണിയെ ഉൾപ്പെടുത്തിയിട്ടുമില്ല. മുൻ എം എൽ എ. കെ ശിവദാസൻനായർ, ഡി സി സി പ്രസിഡന്റ് ബാബുജോർജ്, മുൻപ്രസിഡന്റ് മോഹൻരാജ് എന്നിവരാണ് തയ്യാറാക്കിയ പട്ടികയിലുള്ളത്. ആന്റോയെ ഒഴിവാക്കുന്നതിനോട് സംസ്ഥാന നേതൃത്വം വിയോജിപ്പ് അറിയിച്ചതിനാൽ ഇന്നത്തെ യോഗത്തിന് മുന്നിൽ ഈ പട്ടിക വെക്കുമോയെന്ന് ഉറപ്പില്ല.

സിറ്റിംഗ് എം എൽ എമാർ മത്സരിക്കേണ്ടെന്നാണ് നിർദേശമെങ്കിലും അടൂർപ്രകാശിനെ ഉൾപ്പെടുത്തിയാണ് ആറ്റിങ്ങലിലേക്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് പേരുടെ പട്ടികയാണ് ചോദിച്ചതെങ്കിലും ചില ഡി സി സികൾ മൂന്നിലധികം പേരുകൾ നൽകിയിട്ടുണ്ട്. വി എം സുധീരൻ, ടി എൻ പ്രതാപൻ, ബെന്നിബഹ്‌നാൻ, നിജി ജസ്റ്റിൻ എന്നീപേരുകളാണ് തൃശൂർ, ചാലക്കുടി സീറ്റുകളിലേക്ക് നിർദേശിച്ചിരിക്കുന്നത്. വയനാട് കിട്ടിയില്ലെങ്കിൽ കാസർകോട് മത്സരിക്കണമെന്നാണ് സിദ്ദീഖിന്റെ താത്പര്യം. പെരിയ ഇരട്ടക്കൊല അനുകൂലഘടകമാകുമെന്ന കണക്ക് കൂട്ടലിലാണ് ആദ്യം താത്പര്യമില്ലാതിരുന്ന കാസർകോട് സിദ്ദീഖ് വീണ്ടും കണ്ണുവെച്ചത്. ഡി സി സി പ്രസിഡന്റ്ഹകീം കുന്നേലിനും ഈ സീറ്റിൽ മത്സരിക്കാൻ താത്പര്യമുണ്ട്. കെ സുധാകരൻ തയ്യാറെങ്കിൽ കണ്ണൂരിൽ മറ്റു പേരുകളൊന്നും പരിഗണിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്ന നിലപാടിലാണെങ്കിലും അദ്ദേഹം തന്നെ മത്സരിക്കണമെന്നാണ് ഡി സി സിയുടെ നിലപാട്.
സിറ്റിംഗ് എം പിമാർ ഇല്ലാത്ത മണ്ഡലങ്ങളുടെ പട്ടിക ഇന്നത്തെ യോഗത്തിന് മുന്നിൽ വെക്കുമെന്നാണ് സൂചന. ഇന്നും നാളെയുമായി ഇത് അന്തിമമാക്കി ഹൈക്കമാൻഡിന് കൈമാറും. ഓരോ സീറ്റിലേക്കും എത്ര പേരെ നിർദേശിക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽസെക്രട്ടറി മുകുൾവാസ്‌നിക്കുമായി ആലോചിച്ചാകും ഇക്കാര്യത്തിൽ തീരുമാനം.

Latest