Saudi Arabia
മദീനയില്‍ മഴക്കും കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍മഞ്ഞിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തുറന്ന പ്രദേശങ്ങളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
മദീന/ദമാം | മദീന മേഖലയുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനുമുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സഊദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ദൈനംദിന കാലാവസ്ഥാ റിപോര്‍ട്ടിലാണ് മുന്നറിയിപ്പ്.
മഴ പലപ്പോഴും അനുഗ്രഹമാണെങ്കിലും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിലും താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉപരിതല കാറ്റിന്റെ ആഘാതം മദീന മേഖലയുടെ ചില ഭാഗങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. മക്ക, അല്‍-ബഹ, അസീര്‍ മേഖലകളില്‍ കിഴക്കന്‍ കാറ്റ് വ്യാപിക്കുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
കാലാവസ്ഥാ പ്രതിഭാസം വായുവിന്റെ ഗുണനിലവാരത്തെയും തിരശ്ചീന ദൃശ്യപരതയെയും നേരിട്ട് ബാധിക്കുന്നതിനാല്‍ ശ്വസന സംബന്ധമായ അസുഖങ്ങളും അലര്‍ജികളും ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഹൈവേകളിലെ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



