Connect with us

Ongoing News

ധോണി നങ്കൂരമിട്ടു; ഇന്ത്യക്ക് വിജയത്തുടക്കം

Published

|

Last Updated

മത്സരത്തിനിടെ ജാദവും ധോണിയും

ഹൈദരാബാദ്: കേദര്‍ജാദവും സൂപ്പര്‍ ഫിനിഷര്‍ മഹേന്ദ്രസിംഗ് ധോണിയും ഒന്നിച്ച് തുഴഞ്ഞപ്പോള്‍ ആവേശ പോരാട്ടത്തില്‍ ഇന്ത്യ വിജയതീരത്ത് നങ്കൂരമിട്ടു. ആസ്‌ത്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. അര്‍ദ്ധ സെഞ്ചുറിയുമായി ധോണിയും ജാദവും മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തഓസീസിന് തുടക്കത്തില്‍ ബാറ്റിംഗില്‍ താളം കണ്ടെത്താനായില്ല. ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ബുമ്രയുടെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് മടങ്ങേണ്ടി വന്നു. രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയും മാര്‍കസ് സ്‌റ്റോണിസും പിടിച്ചു നിന്നു. 76 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും നേടി ഖ്വാജ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ വൈകാതെ കേദാര്‍ ജാദവിന്റെ പന്തില്‍ 37 റണ്‍സെടുത്ത സ്‌റ്റോണിസ് പുറത്തായി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഖ്വാജ പുറത്താവുമ്പോള്‍ ഓസീസ് സ്‌കോര്‍ 97 റണ്‍സ്.

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍സ്‌കോര്‍ അല്‍പമുയര്‍ത്തിയെങ്കിലും മാക്‌സ്‌വെല്‍ 51 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഹാന്‍ഡ്‌സ്‌കോമ്പ് 19 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ ബോളില്‍ മടങ്ങി. അവസാനമായി ആഷ്ടന്‍ ടേണര്‍ (21), അലെക്‌സ് കാരെ(36), നഥാന്‍ കോള്‍ട്ടര്‍ (28) എന്നിവര്‍ പൊരുതിയത് കൊണ്ടാണ് സ്‌കോര്‍ 236ല്‍ എത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

നേരത്തെ ട്വന്റി 20 പരമ്പരയില്‍ ആസ്‌ട്രേലിയക്ക് മുന്നില്‍ പതറിയ ഇന്ത്യക്ക് ഏകദിന പരമ്പര നിര്‍ണായകമാണ്. ലോകകപ്പിന് മുമ്പ് നടക്കുന്ന അവസാന ഏകദിനപരമ്പര ഇരു ടീമുകള്‍ക്കും റിഹേഴ്‌സല്‍ കൂടിയാണ്.

Latest