ഭീകരതക്ക് മതമില്ല: സുഷമ സ്വരാജ്‌

Posted on: March 2, 2019 8:52 pm | Last updated: March 2, 2019 at 8:52 pm

അബുദാബി: ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ലെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ ഐ സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ‘ഭീകരതക്ക് മതമില്ല. ഭീകരതയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണം.
ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഞാന്‍ വരുന്നത് മഹാത്മാ ഗാന്ധിയുടെ നാട്ടില്‍നിന്നാണ്. എല്ലാ പ്രാര്‍ഥനകളും ‘ശാന്തി’യില്‍ അവസാനിക്കുന്ന നാടാണത്. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും അര്‍പിക്കുന്നു’-സുഷമ സ്വരാജ് പറഞ്ഞു. ഭഗവത് ഗീതയിലെയും വിശുദ്ധ ഖുര്‍ആനിലെയും സൂക്തങ്ങള്‍ സുഷമ ഉദ്ധരിച്ചു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ വിശ്വാസങ്ങള്‍ പാലിച്ചു പരസ്പരം യോജിച്ചാണ് ജീവിക്കുന്നത്. 18 കോടി മുസ്‌ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയത്. ഞങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്, സഹിഷ്ണുതയുടെ പാരമ്പര്യം, മതങ്ങളുടെ പാരമ്പര്യം, വിശ്വാസത്തിന്റെയും കലയുടെയും സത്യസന്ധതയുടേയും ധീരതയുടെയും പാരമ്പര്യം.
ഇത് മനസ്സില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ആശംസ നേരുന്നു, സുഷമ പറഞ്ഞു. ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങള്‍ സമാധാന പ്രേമികളാണ്. തെറ്റായി നയിക്കപ്പെടുന്ന വിശ്വാസങ്ങളും മതങ്ങളെ വക്രീകരിക്കുന്നതുമാണ് ഭീകരവാദത്തിന് വഴിമരുന്നിടുന്നത്. ഏതെങ്കിലും മതത്തിന് എതിരെയല്ല ഞങ്ങളുടെ പോരാട്ടം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് എതിരെയാണ്. എല്ലാ മതങ്ങളും സമാധാനവും സാഹോദര്യവുമാണ് വിളംബരം ചെയ്യുന്നത് സുഷമ സ്വരാജ് പറഞ്ഞു.

57 രാജ്യങ്ങളാണ് ഒ ഐ സി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകുന്നേരം സമാപിക്കും. പാക്കിസ്ഥാന്‍ അംഗമായ ഒ ഐ സിയുടെ അബുദാബിസമ്മേളനത്തിലെ അതിഥി രാഷ്ട്രമാണ് ഇന്ത്യ. പതിനെട്ടര കോടിയിലധികം ഇസ്ലാം മതവിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് യു എ ഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.
ഭീകരവാദത്തിനെതിരെ ഒ ഐ സി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. അതേസമയം, കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന പശ്ചാതലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്.
ആദ്യമായാണ് ഒ ഐ സിയില്‍ ഇന്ത്യയെ ക്ഷണിക്കുന്നത്. അതുകൊണ്ട് തന്നെ സുഷമ സ്വരാജിന് പ്രത്യേക ക്ഷണിതാവ് എന്ന പദവി നല്‍കിയാണ് സ്വീകരിച്ചത്. യു എന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഒ ഐ സി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് പ്രാതിനിധ്യം ലഭിക്കുന്നത്.

സുഷമയെ യോഗത്തിനു വിളിച്ചത് മഹത്തായ സംഭവം പോലെ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതില്‍ കോണ്‍ഗ്രസ് അത്ഭുതം പ്രകടിപ്പിച്ചു.
പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ഒരടവാണ് ഈ അത്യാഹ്ലാദമെന്ന് പാര്‍ട്ടി വക്താവ് ആനന്ദ ശര്‍മ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ വലുപ്പം കണക്കിലെടുത്ത് ഇന്ത്യയെ ഒ ഐ സി പൂര്‍ണ അംഗമായി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമ്മേളനങ്ങളില്‍ പങ്കെടുക്കുകയില്ലെന്നുമായിരുന്നു ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള നയമെന്ന് യുപിഎ സര്‍ക്കാരില്‍ വിദേശകാര്യസഹമന്ത്രി കൂടിയായിരുന്ന ആനന്ദ ശര്‍മ വ്യക്തമാക്കി.