അഭിനന്ദന്റെ മോചനം, സിദ്ദുവിനും ഇറാംന്‍ ഖാനും നന്ദി: ഉമ്മന്‍ ചാണ്ടി

Posted on: March 2, 2019 12:42 pm | Last updated: March 2, 2019 at 12:42 pm

ന്യൂഡല്‍ഹി: പാക് പിടിയിലായിരുന്ന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചുവരവില്‍ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഭിനന്ദന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുള്ള ട്വീറ്റിലാണ് സിദ്ദുവിന് ഉമ്മന്‍ ചാണ്ടി നന്ദി അറിയിച്ചത്. അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഉമ്മന്‍ ചാണ്ടി നന്ദി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി ട്വീറ്റ് ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റിനു മറുപടിയുമായി സിദ്ദുവും രംഗത്തെത്തി. മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ ധൈര്യം പകരുന്നുവെന്ന് സിദ്ദു മറുപടിയായി പറഞ്ഞു. അഭിനന്ദന്റെ മോചനം സാധ്യമാക്കിയത് സിദ്ദുവിന്റെ ഇടപെടല്‍ മൂലമാണെന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തുന്നുണ്ട്. ഇംറാന്‍ ഖാനുമായുള്ള സിദ്ദുവിന്റെ അടുപ്പം ചൂണ്ടിക്കാണിച്ചാണിത്.

ഇന്നലെ വൈകീട്ടോടെ ലാഹോറിലെത്തിച്ച അഭിനന്ദനെ രാത്രി 9.20 ഓടെ വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. ലാഹോറില്‍ നിന്ന് പാക്കിസ്ഥാന്‍ മെഡിക്കല്‍ പരിശോധനകള്‍ പുര്‍ത്തീകരിച്ചു. പിന്നീട് പാക് സൈന്യം പ്രത്യേക വാഹനത്തില്‍ വാഗാ അര്‍ത്തിയിലെത്തിച്ചാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യക്ക് വേണ്ടി വ്യോമ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അഭിനന്ദനെ സ്വീകരിച്ചത്.