Connect with us

International

ഒസാമ ബിന്‍ ലാദന്റെ മകനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി കരിമ്പട്ടികയില്‍ പെടുത്തി. ഹംസ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ ഇപ്പോഴത്തെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. ഇതോടെ, ഹംസക്ക് ആഗോള തലത്തില്‍ യാത്രാ വിലക്കേര്‍പ്പെടുത്തുകയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും.

ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടി രൂപ) പാരിതോഷികം നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഹംസ എവിടെയാണെന്നതിനെക്കുറിച്ച് ഊഹാപോഹം മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ വീട്ടുതടങ്കലിലോ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നായിരുന്നു വാര്‍ത്തകള്‍. ഹംസ ലാദന്‍ അല്‍ഖ്വയ്ദയുടെ പുതിയ നേതാവായി വളര്‍ന്നുവന്നിരിക്കുകയാണ്. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇവ. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

2011 ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. 2001 സെപ്തംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്റെ നേതൃത്വത്തിലുള്ള അല്‍ ഖ്വയ്ദയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.

Latest