Connect with us

Ongoing News

പരീക്ഷണമല്ല, പരീക്ഷ; ഓസീസിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ

Published

|

Last Updated

ഹൈദരാബാദ്: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മുമ്പുള്ള അവസാന ഏകദിന പരമ്പരക്കിറങ്ങുകയാണ് ഇന്ന് ഇന്ത്യ. അഞ്ച് കളികളുള്ള പരമ്പരയില്‍ ആസ്‌ത്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍, സ്വന്തം മണ്ണില്‍ അതിഥികളോട് രണ്ട് ടി20 മത്സരങ്ങള്‍ തോറ്റ് പ്രതിരോധത്തിലാണ് ഇന്ത്യ. ഈ രണ്ട് കളികളും തോല്‍ക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നതും ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണം എന്ന നിലക്കാണ്. ലോകകപ്പിനുള്ള കളിക്കാരെ വിലയിരുത്തുന്നതിനുള്ള പരീക്ഷണമായാണ് ടീം മാനേജ്‌മെന്റ് രണ്ട് ടി20 മത്സരങ്ങളെയും കണ്ടിരുന്നത്. ഇന്ന് ഏകദിന പരമ്പര ആരംഭിക്കുമ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ടീം മുതിരുമോ, അതല്ല ജയിച്ച് ലോകകപ്പിലേക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുമോ എന്നതാണ് കാണേണ്ടത്. ഇന്ന് ഉച്ചക്ക് 1.30 മുതല്‍ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ കളി.

റെക്കോര്‍ഡ് കൂട്ടുകെട്ട്

ഇന്ന് ഓസീസിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണിംഗ് ജോഡികളായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഒരു റെക്കോര്‍ഡിനൊപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ്. ഏകദിനത്തില്‍ ആസ്‌ത്രേലിയക്കെതിരെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ആയിരം റണ്‍സ് തികക്കുന്ന രണ്ടാമത്തെ ജോഡികള്‍ എന്ന് നേട്ടമാണ് ഇരുവരെയും കാത്തിരിക്കുന്നത്. ഇന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ഇന്ത്യന്‍ ജോഡികള്‍ക്ക് വെസ്റ്റ് ഇന്‍ഡീസ് ജോഡികളായ ഗോര്‍ഡണ്‍ ഗ്രീനിഡ്ജിനും ഡെസ്‌മോണ്ട് ഹെയ്‌നസിനുമൊപ്പമെത്താം. പക്ഷേ, ഓസീസിനെതിരെ കളിച്ച അവസാന മൂന്ന് മത്സരങ്ങളില്‍ 1, 47, 15 എന്നിങ്ങനെയാണ് ഈ ജോഡികള്‍ സ്‌കോര്‍ ചെയ്തത്. സ്വന്തം നാട്ടിലെത്തുമ്പോള്‍ കളി മാറുമെന്നാണ് പ്രതീക്ഷ.

ചരിത്രം ഇങ്ങനെ

2017ലാണ് ഓസീസ് അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ അന്ന് 4-1ന് സ്വന്തമാക്കി. അന്ന് ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി ഇന്ത്യന്‍ താരമായി. 2013ലെ അഞ്ച് മത്സരങ്ങളുടെ പമ്പരയും 3-2നാണ് ഇന്ത്യ കൈക്കലാക്കി. ഒരു ഘട്ടത്തില്‍ ഓസീസ് പരമ്പരയില്‍ 2-1ന് മുന്നിലെത്തിയെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 2010ല്‍ മൂന്ന് കളികളുള്ള പരമ്പരക്കാണ് ആസ്‌ത്രേലിയ ഇന്ത്യയിലെത്തിയത്. രണ്ട് കളികള്‍ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ഏക മത്സരം ജയിച്ച് ഇന്ത്യ കിരീടം സ്വന്തം കുടക്കീഴിലാക്കി. 2009ലാണ് കംഗാരുക്കള്‍ അവസാനമായി ഇന്ത്യയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. അന്ന് ഏഴ് മത്സരങ്ങളുടെ പരമ്പര 4-2ന് ജയിച്ചാണ് അതിഥികള്‍ കപ്പ് രാജ്യം കടത്തിയത്. അവസാന മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. അതിന് മുമ്പ് 2007 ലാണ് ആസ്‌ത്രേലിയ ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന പരമ്പര നേടിയത്. ഏഴ് മത്സരങ്ങളുടെ പരമ്പര 4-2ന് തന്നെയാണ് ആ വര്‍ഷവും ഓസീസ് തട്ടിയെടുത്തത്. ആദ്യ മത്സരം മഴയില്‍ നടന്നില്ല.
ധോണിക്ക് പരുക്ക്

ജയത്തോടെ ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് ഓസീസിനെതിരെ ഇറങ്ങുന്ന കളിക്കാര്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ടി20 പരമ്പരയില്‍ ബൗളര്‍മാര്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറയൊഴികെ ആര്‍ക്കും തന്നെ മികവ് പുറത്തെടുക്കാനായില്ല. കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു ടി20 മത്സരത്തിനിറങ്ങിയത്. ഷമിയും കുല്‍ദീപും ഇന്ന് ഇറങ്ങിയേക്കും. ഭുവനേശ്വര്‍ കുമാര്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കളിക്കാനായിരിക്കും സാധ്യത. ലോകകപ്പിന് മുമ്പ് ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ യുവതാരം ഋഷഭ് പന്തിന് അത്ര നല്ല കാലമല്ല. ടി20 പരമ്പരയില്‍ വലിയ പരാജയമായിരുന്നു താരം. രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും നാല് റണ്‍സാണ് പന്തിന്റെ സമ്പാദ്യം. എന്നാല്‍, പരിശീലനത്തിനിടെ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി നേരിട്ട പരുക്ക് പന്തിന് തുണയാകുമോ എന്ന് കണ്ടറിയണം. പരുക്ക് സാരമുള്ളതും വിശ്രമം വേണ്ടതുമാണെങ്കില്‍ പന്തായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. അതേസമയം, ടി20യില്‍ തിളങ്ങി ഫോമില്‍ തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ പരമ്പരയില്‍ ഉടനീള സാന്നിധ്യമായേക്കും. ടി20യില്‍ ഓപ്പണറായിരുന്നെങ്കിലും ഏകദിനത്തില്‍ നാലാം സ്ഥാനത്തായിരിക്കും രാഹുല്‍ ഇറങ്ങുക.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എം എസ് ധോണി, വിജയ് ശങ്കര്‍/ കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ആസ്‌ത്രേലിയ: ആരോണ്‍ ഫിഞ്ച്, അലെക്‌സ് കറെ, ഉസ്മാന്‍ ഖ്വാജ ഡാര്‍സി ഷോര്‍ട്ട്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, നതാവന്‍ കോള്‍ട്ടര്‍ നൈല്‍, ആദം സാംപ.