ചർച്ചയിലേക്ക് നീങ്ങണം

Posted on: March 1, 2019 12:28 pm | Last updated: March 1, 2019 at 12:28 pm

യുദ്ധഭീതിയിലാണിപ്പോൾ രാജ്യം. നിയന്ത്രണ രേഖ കടന്ന് ബലാക്കോട്ട് മേഖലയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ കടന്നാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാൻ ഇന്ത്യയുടെ ഒരു വിംഗ് കമാൻഡറെ തടവുകാരനാക്കുകയും ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനം തകർക്കുകയും ചെയ്തതോടെ അതിർത്തി കൂടുതൽ സംഘർഷ ഭരിതമായിരിക്കുകയാണ്. അടിയും തിരിച്ചടിയും തുടർന്നു കൊണ്ടിരിക്കെ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നതാണ് അതിർത്തിയിലെ നിലവിലെ അവസ്ഥ. ഒരു യുദ്ധത്തിന് സജ്ജമായിരിക്കാൻ സൈന്യത്തോട് രാജ്‌നാഥ് സിംഗ് നിർദേശം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത് മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ഇന്ത്യ-പാക് വിമാന സർവീസുകൾ ഇരുരാജ്യങ്ങളും നിർത്തിയിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കെ അതിർത്തിയിലെ ഭീതിദമായ സ്ഥിതിവിശേഷം ഭരണ, രാഷ്ട്രീയ മേഖലകളിലും അതിർത്തിയിലെ ജനവിഭാഗങ്ങളിലും കടുത്ത ഉത്ക്കണ്ഠയും ഭീതിയും പരത്തിയിട്ടുണ്ട്. യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തി പ്രദേശങ്ങളിൽ നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കടകൾ ഏറെയും അടഞ്ഞു കിടക്കുന്നു. ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. രാത്രിയിൽ തുടരെമുഴങ്ങുന്ന വെടിയൊച്ചകളാണ്. ഇടക്കിടെ യുദ്ധവിമാനങ്ങളും ചീറിപ്പായുന്നു. യുദ്ധമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
അതേസമയം പുൽവാമയിലെ തീവ്രവാദി ആക്രമണത്തിന് നൽകിയ തിരിച്ചടിയുടെ വിജയം ആഘോഷിക്കുന്നതിനിടെ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ തടവുകാരനാക്കിയത് സർക്കാർ വൃത്തങ്ങളിലും സേനാ നേതൃത്വത്തിലും മ്ലാനത പരത്തിയിട്ടുണ്ട്.

ഡൽഹി വിജ്ഞാൻ ഭവനിൽ നാഷനൽ യൂത്ത് പാർലിമെന്റ് വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് പ്രധാനമന്ത്രി പാക് കടന്നുകയറ്റവും കമാൻഡർ അഭിനന്ദിനെ തടവുകാരനാക്കിയ വിവരവും അറിയുന്നത്. അതോടെ അദ്ദേഹത്തിന്റെ മുഖംവാടിയതും അൽപ്പസമയത്തിനകം പരിപാടി പൂർത്തിയാക്കാതെ വേദിയിൽ നിന്നിറങ്ങിപ്പോയതും സർക്കാറിന് ഇതേൽപ്പിച്ച ഞെട്ടൽ വ്യക്തമാക്കുന്നുണ്ട്. റിട്ട. എയർ മാർഷൽ സിങ്കക്കുട്ടി വർധമാന്റെ മകനായ അഭിനന്ദ് വർധമാൻ മിഗ്-21 പൈലറ്റും കഴിവു തെളിയിച്ച കമാൻഡറുമാണ്. നിയന്ത്രണരേഖ ലംഘിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
എങ്കിലും പാക് കസ്റ്റഡിയിൽ അഭിനന്ദ് സുരക്ഷിതനാണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ പാക്കിസ്ഥാൻ പ്രതിനിധി സൽമാൻ മസൂദ് ട്വിറ്ററിലൂടെ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. അഭിനന്ദൻ വർധമാനെ പാക് സൈനികോദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നതിന്റെ ഈ വീഡിയോയിൽ അദ്ദേഹം സന്തോഷവാനായാണ് കാണപ്പെട്ടത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ രക്ഷിച്ച ക്യാപ്റ്റനും ജവാന്മാരും മുതൽ, പിന്നീട് കൊണ്ടുവന്ന യൂനിറ്റിലെ ഓഫീസർമാർ വരെ വളരെ നല്ല നിലയിലാണ് തന്നോട് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യൻ പട്ടാളത്തിൽ നിന്നും തിരിച്ചുള്ള പെരുമാറ്റവും ഇങ്ങനെത്തന്നെയായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. മർദനമേറ്റ് മുഖത്തു നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലുള്ള അഭിനന്ദിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അത് ആധികാരികമല്ലെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
പാക് കസ്റ്റഡിയിൽ സുരക്ഷിതനാണെങ്കിലും കമാൻഡർ അഭിനന്ദ് വർധമാനെ മോചിപ്പിച്ച് തിരിച്ചെത്തിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. ഇതിനുള്ള നീക്കം ശക്തമാണ്. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സൈനികനെ വിട്ടു നൽകണമെന്നും ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ജനീവ കൺവെൻഷൻ പ്രകാരം സൈനികനെ ഒരാഴ്ചക്കകം മോചിതനാക്കാൻ പാക്കിസ്ഥാൻ ബാധ്യസ്ഥമാണെന്ന കാര്യവും ഇന്ത്യ ഓർമിപ്പിച്ചു. പാക്കിസ്ഥാൻ വഴങ്ങുന്നില്ലെങ്കിൽ തിരിച്ചടിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമായിരുന്നു. വ്യോമ, കര, നാവിക സേനാ മേധാവികളും പ്രതിരോധ, നയതന്ത്ര വിദഗ്ധരുമായി സർക്കാർ ഇതു സംബന്ധിച്ച് തിരക്കിട്ട കൂടിയാലോചനകളും നടത്തി. സൈനിക മേഖലയിലെ മികവും മേധാവിത്വവും പ്രകടിപ്പിക്കാനുള്ള ഈ നീക്കങ്ങൾ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്ന ഭീതിയിലായിരുന്നു രാജ്യം.

ഏതായാലും ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കുന്നതിനിടെ ശുഭകരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഇന്ന് വിട്ടയക്കുമെന്ന് പാക് പാർലിമെന്റ് സംയുക്ത സമ്മേളനത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ അറിയിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിന്റെ വഴിതുറക്കുന്നതാണ് ഈ പ്രഖ്യാപനം.

തീവ്രവാദികൾക്ക് തിരിച്ചടി നൽകിയ സർക്കാർ നടപടിയെ ശരിവെക്കുന്നുണ്ടെങ്കിലും അതൊരു ഏറ്റുമുട്ടലിലേക്ക് എത്തരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനുള്ള വിവേകം രാഷ്ട്ര നേതൃത്വങ്ങൾ പ്രകടിപ്പിക്കേണ്ടതുണ്ട്. സംഘർഷം തണുപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സന്നദ്ധത പ്രകടിപ്പിച്ചത് ആശ്വാസകരമാണ്.

പുൽവാമ തീവ്രവാദ ആക്രമണത്തിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരിക്കണം ചർച്ചക്കുള്ള അവരുടെ സന്നദ്ധത. മുൻകാലാനുഭവങ്ങൾ വെച്ചു നോക്കുമ്പോൾ, അതിർത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങൾ തടയിടുന്നതിൽ ഇത്തരം ചർച്ച ഫലപ്രദമല്ലെങ്കിലും രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഇംറാൻ ഖാന്റെ നിർദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഇന്ത്യൻ ഭരണ നേതൃത്വം സന്നദ്ധമാകേണ്ടതാണ്. പാക്കിസ്ഥാന് കനത്ത പ്രഹരമേൽപ്പിക്കാൻ സൈനികമായി ഇന്ത്യക്ക് ശേഷിയുണ്ടായിരിക്കാം.
എന്നാൽ ഒരു യുദ്ധം ഇന്ത്യയുടെ ആഭ്യന്തര രംഗത്തും കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഓർക്കേണ്ടതുണ്ട്.