Connect with us

Editorial

ബാബരി മധ്യസ്ഥതക്ക് വെക്കുമ്പോള്‍

Published

|

Last Updated

രാജ്യത്തെ സാമുദായിക ധ്രുവീകരണത്തിലേക്കും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും തള്ളിവിട്ട സംഭവമാണ് ബാബരി മസ്ജിദ് ധ്വംസനം. 26 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും അതിന്റെ കനലും പുകയും അണഞ്ഞിട്ടില്ല. ഏത് ഘട്ടത്തിലും ആളിക്കത്തിക്കാവുന്ന വിധത്തില്‍ അതിനെ കെടാതെ നിലനിര്‍ത്തുന്നതില്‍ മസ്ജിദ് ധ്വംസകര്‍ ഇന്നും ശ്രദ്ധിച്ചു വരികയും ഇതുവഴി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെയുള്ള കേസുകള്‍ പല കാരണങ്ങളാലും നീണ്ടു പോവുകയുമാണ്. ഈ സാഹചര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശത്തിന് പ്രസക്തിയുണ്ട്.

മാസങ്ങളുടെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച ബാബരി ഭൂമി സംബന്ധിച്ച കേസ് വിചാരണക്കെടുത്തപ്പോള്‍ മധ്യസ്ഥ ചര്‍ച്ചാ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കയാണ് സുപ്രീംകോടതി. ബാബരി കേസ് സിവില്‍ നടപടി ക്രമ നിയമത്തിലെ 89 വകുപ്പ് പ്രകാരം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും രമ്യമായ പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടതാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. സ്വകാര്യ വസ്തുവിലുള്ള തര്‍ക്കമല്ല ബാബരി കേസ്. ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലം സുന്നി വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 14 അപ്പീല്‍ ഹരജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ഇതോടൊപ്പം അയോധ്യയിലെ 67 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹരജികളും പരിഗണനയിലുണ്ട്.

കേസിലെ കക്ഷികളായ സുന്നി വഖ്ഫ് ബോര്‍ഡും രാമക്ഷേത്രത്തിനു വേണ്ടി വാദിക്കുന്ന നിര്‍മോഹി അഖാഡയും മധ്യസ്ഥ നീക്കത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നതാണ്. അത് പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ കോടതി ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നായിരുന്നു സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്റെ പ്രതികരണം. അതേസമയം കേസിലെ മൂന്നാമത്തെ കക്ഷികളായ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന രാംലല്ല ഒത്തുതീര്‍പ്പ് ചര്‍ച്ച വേണ്ടെന്നാണ് അറിയിച്ചത്. ഇക്കാലമത്രയും പ്രശ്‌നത്തില്‍ കോടതിക്കു പുറത്തുളള ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടവരാണ് സംഘ്പരിവാര്‍. തഞ്ചത്തില്‍ ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു കൊടുപ്പിച്ച് മുസ്‌ലിംകള്‍ക്ക് സമീപ പ്രദേശത്തെവിടെയെങ്കിലും പള്ളി നിര്‍മാണത്തിന് സൗകര്യമൊരുക്കി കൊടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ന്യായമായ ഒത്തുതീര്‍പ്പായിരുന്നില്ല അത്. രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമ്പോള്‍ തങ്ങളുടെ ലക്ഷ്യം സാധ്യമാകില്ലെന്ന ബോധ്യമാണ് നിലവില്‍ കോടതിയുടെ നിര്‍ദേശത്തോട് അവര്‍ പുറംതിരിഞ്ഞു നില്‍ക്കാന്‍ കാരണം. നേരത്തേ സംഘ്പരിവാര്‍ മുന്നോട്ടുവെച്ച മധ്യസ്ഥ നിര്‍ദേശത്തിന് പിന്നിലെ കാപട്യം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവരുടെ നിലപാട്. ഏതായാലും പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചക്ക് വിടുന്ന കാര്യത്തില്‍ കോടതി അടുത്ത ചൊവ്വാഴ്ച തീര്‍പ്പു കല്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി ബാബരി കേസുമായി ബന്ധപ്പെട്ട രേഖകളുടെ ഇംഗ്ലീഷ് തര്‍ജമ ആറാഴ്ചകള്‍ക്കകം കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബാബരി വിഷയത്തില്‍ നേരത്തേ സന്യാസി കൂട്ടായ്മയായ അഖാഡ പരിഷത്തും ഷിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡും തമ്മില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുകയും വിഷയത്തില്‍ ധാരണയായതായി ഷിയാ ബോര്‍ഡ് അധ്യക്ഷന്‍ വസീം റസ്‌വി പ്രസ്താവിക്കുകയും ചെയ്തിരുന്നു. തര്‍ക്കഭൂമിയില്‍ ശിയാ ബോര്‍ഡിന് യാതൊരു അവകാശവുമില്ല. അവര്‍ കേസുകളിലെ കക്ഷികളുമല്ലാത്തതിനാല്‍ അവരുടെ മധ്യസ്ഥ ചര്‍ച്ചയെ സുന്നി വഖ്ഫ് ബോര്‍ഡ് തള്ളിക്കളയുകയായിരുന്നു. രാമജന്മഭൂമി ട്രസ്റ്റും ആ നീക്കത്തെ അംഗീകരിച്ചിരുന്നില്ല. 2017 അവസാനത്തില്‍ ആര്‍ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും സ്വയം മധ്യസ്ഥ ശ്രമവുമായി രംഗത്തു വരികയും ഇതുസംബന്ധിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. രവിശങ്കറിന്റെ രംഗപ്രവേശത്തിനു പിന്നില്‍ സംഘ്പരിവാറാണെന്നും അവരുടെ താത്പര്യ സംരക്ഷണമാണ് ലക്ഷ്യമെന്നും ബോധ്യമായതിനാല്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അദ്ദേഹത്തിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. ഇരുപക്ഷവും അംഗീകരിക്കുന്ന പക്ഷം മാധ്യസ്ഥ്യം വഹിക്കാമെന്ന് സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും അറിയിച്ചിരുന്നു. ആരും അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ അതും നടന്നില്ല.

1992 ഡിസംബര്‍ ആറ് വരെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്നുവെന്നതും സംഘ് പരിവാര്‍ നേതൃത്വം നല്‍കുന്ന കര്‍സേവകരാണ് അത് പൊളിച്ചതെന്നതും സംശയാതീതമാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം യു പി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് ബാബരി ഭൂമി. 1949 വരെ പ്രസ്തുത ഭൂമിയില്‍ മാറ്റാരും അവകാശവാദം ഉന്നയിച്ചിരുന്നുമില്ല. ഇത് രാമന്റെ ജന്മസ്ഥലമാണെന്നത് കേവലം ഐതിഹ്യമാണ്. അവിടെ നേരത്തേ ക്ഷേത്രം ഉണ്ടായിരുന്നു, അത് പൊളിച്ചാണ് പള്ളി പണിതതെന്നതിനും രേഖകളോ തെളിവുകളോ ഇല്ല. ഈ രണ്ട് വശവും അംഗീകരിച്ചു കൊണ്ടായിരിക്കണം മധ്യസ്ഥ ചര്‍ച്ച. അല്ലാതെ സംഘ്പരിവാറിന്റെ ഭീഷണികള്‍ ഭയന്ന് എങ്ങനെയെങ്കിലും പ്രശ്‌നം അവസാനിപ്പിക്കലായിരിക്കരുത് ലക്ഷ്യം. അനര്‍ഹമായി മറ്റാരുടെയും ഒരു തുണ്ട് ഭൂമിയും ആവശ്യമില്ല മുസ്‌ലിംകള്‍ക്ക്. അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ പള്ളി പണിയുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നുമില്ല.

---- facebook comment plugin here -----

Latest