Connect with us

National

അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണം: നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പിടികൂടിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ വിട്ടുനല്‍കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയത്തോട് പാക്കിസ്ഥാനിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു.

വൈമാനികനെ വിട്ടുനല്‍കാതെ പാക്കിസ്ഥാന്‍ വിലപേശല്‍ നടത്താനുള്ള സാധ്യതയും വിദേശകാര്യമന്ത്രാലയം തള്ളിക്കളയുന്നില്ല. ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പരുക്കേറ്റ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു.

പാക്കിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്. പൂര്‍ണ സുരക്ഷിതനായി പൈലറ്റ് തിരിച്ചെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Latest