വിശാഖപട്ടണത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

Posted on: February 27, 2019 3:27 pm | Last updated: February 27, 2019 at 3:27 pm

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ ഫ്‌ളാറ്റിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബോഗസമുദ്രം വിജയ റെഡ്ഢിയുടെ മൃതദേഹമാണ് ഫ്‌ളാറ്റിലെ കുളിമുറിയില്‍ കണ്ടെത്തിയത്. ഒരു സ്വര്‍ണമാലയും മറ്റും ഇവിടെ നിന്ന് മോഷണം പോയിട്ടുണ്ട്.

വിജയയുടെ ഫ്‌ളാറ്റ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും അവരെ സന്ദര്‍ശിച്ചിരുന്നതായി പറയുന്നു. പിന്നീട് ജോലി ആവശ്യാര്‍ഥം ഒരിടം വരെ പോവുകയാണെന്നു പറഞ്ഞ് വിജയ ഫോണില്‍ ഭര്‍ത്താവിന് മെസ്സേജ് അയച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് വീട് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീട്ടിലാണ് ഉറങ്ങിയത്.

ചൊവ്വാഴ്ച രാവിലെയും വീടു തുറന്നു കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന വീടിന്റെ മറ്റൊരു താക്കോല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് വിജയ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.